1 GBP = 96.32
breaking news

സഞ്ജു സാംസൺ മാൻ ഓഫ് ദ മാച്ച്; ചെന്നൈയ്‌ക്കെതിരെ രാജകീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസൺ മാൻ ഓഫ് ദ മാച്ച്; ചെന്നൈയ്‌ക്കെതിരെ രാജകീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്

ഷാർജ: ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന ഐ.പി.എൽ 2020 -ലെ നാലാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം.

ഐ.പി.എൽ 13-ാം സീസണിലെ ഏറ്റവും വലിയ സ്കോർ കണ്ടെത്തിയ മത്സരത്തിൽ 16 റൺസിനാണ് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് എഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. വലിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഫാഫ് ഡുപ്ലെസിയുടെ ഒറ്റയാൾ പോരാട്ടത്തിനും ചെന്നൈ സൂപ്പർ കിങ്സിനെ രക്ഷിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ അർധ സെഞ്ചുറികളുമായി തിളങ്ങിയ സഞ്ജു സാംസണും ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തുമാണ് രാജസ്ഥാൻ ഇന്നിങ്സിനെ കരകയറ്റിയത്. അവസാന ഓവറുകളിൽ കത്തിക്കയറിയ ജോഫ്ര ആർച്ചറുടെ പ്രകടനവും രാജസ്ഥാൻ സ്കോറിന് കുതിപ്പേകി.

ഓപ്പണറായി അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാൾ ആറുറൺസെടുത്ത് മടങ്ങിയതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. പിന്നീട് ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസൺ അനായാസേന പന്തുകൾ ബൗണ്ടറിയിലേക്ക് പായിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ സ്കോർബോർഡ് കുതിക്കാൻ തുടങ്ങി. ചെന്നൈ സൂപ്പർ കിങ്സ് ബൗളർമാരെ നിർദാക്ഷിണ്യം പ്രഹരിച്ച സഞ്ജു 19 ബോളുകളിൽ നിന്നും അർധസെഞ്ചുറി കണ്ടെത്തി.

പീയുഷ് ചൗളയുടെ ആദ്യ ഓവറിൽ 3 സിക്സറുകളടക്കം ആകെ 9 സിക്സറുകളാണ് സഞ്ജു കളിയിൽ നിന്നും കണ്ടെത്തിയത്. ഒടുവിൽ 32 പന്തിൽ നിന്നും 74 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ സ്കോർബോർഡ് 11 -ൽ നിന്നും 132-ൽ എത്തി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവാണ് റോയൽസിന്റെ ടോപ് സ്കോറർ. കളിയിലെ താരവും സഞ്ജു തന്നെ. സഞ്ജു പുറത്തായതിനുപിന്നാലെ രാജസ്ഥാനിൽ ആദ്യമായി കളിക്കാനെത്തിയ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും പുറത്തായി. ഒരു ബോൾ പോലും നേരിടാതെ റൺഔട്ട് ആകുകയായിരുന്നു താരം. പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നും ഈ സീസണിൽ രാജസ്ഥാനിലെത്തിയ പാതിമലയാളി താരം റോബിൻ ഉത്തപ്പയ്ക്കും തിളങ്ങാനായില്ല. അഞ്ച് റൺസാണ് താരത്തിന്റെ സമ്പാദ്യം.

ഇതിനിടയിൽ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് അർധശതകം പൂർത്തിയാക്കി. സഞ്ജുവിന് ശേഷം കാര്യമായി ആർക്കും വലിയ സംഭാവന നൽകാൻ സാധിക്കാത്തതിനാൽ രാജസ്ഥാന്റെ ഇന്നിങ്സിന്റെ വേഗം കുറഞ്ഞു. വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീണ്ടു. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും സമചിത്തതയോടെ കളിച്ച സ്മിത്തിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ പുറത്താണ് അവസാന ഓവറുകളിൽ രാജസ്ഥാൻ സ്കോർ കണ്ടെത്തിയത്.

47 പന്തിൽ നിന്നും 69 റൺസെടുത്ത് 19-ാം ഓവറിലാണ് സ്മിത്ത് പുറത്തായത്. അവസാന ഓവറിൽ ജോഫ്ര ആർച്ചർ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെ 200 കടത്തിയത്. എൻഗിഡി എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ നേടിയ ആർച്ചർ രാജസ്ഥാൻ സ്കോർ 200 കടത്തി. എട്ടു പന്തുകളിൽ നിന്നും ആർച്ചർ പുറത്താകാതെ 27 റൺസ് നേടി അവസാന ഓവറിൽ 30 റൺസാണ് എൻഗിഡി വഴങ്ങിയത്.
ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി സാം കറൻ നാലോവറിൽ 33 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ നേടി. ദീപക് ചാഹർ, എൻഗിഡി, ചൗള എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
ചെന്നൈ ബൗളർമാർക്ക് ഉറക്കം നഷ്ടപ്പെടുന്ന രാത്രിയാണ് രാജസ്ഥാൻ ബാറ്റ്സ്മാൻമാർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ എൻഗിഡി 56 ഉം ചൗള 55 ഉം ജഡേജ 40 ഉം റൺസുകൾ വഴങ്ങി.
മറുപടി ബാറ്റിങ്ങിൽ മുരളി വിജയും ഷെയ്ൻ വാട്സണുമാണ് ചെന്നൈയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. മോശം പന്തുകൾ തേടിപ്പിടിച്ച് പ്രഹരിച്ച ഇരുവരും ആദ്യ വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് സ്പിന്നർ തെവാട്ടിയ കളി രാജസ്ഥാന് അനുകൂലമാക്കി. പിന്നാലെ വന്ന ഓൾറൗണ്ടർ സാം കറൻ രണ്ട് സിക്സുകൾ തുടർച്ചയായി നേടി സ്കോർ ബോർഡ് ചലിപ്പിക്കവെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. തെവാട്ടിയ തന്നെയാണ് ഇത്തവണയും വിക്കറ്റ് നേടിയത്.

അമ്പാട്ടി റായുഡുവിന് പകരം ടീമിലെത്തിയ അരങ്ങേറ്റതാരം ഋതുരാജ് ഗെയ്ക്വാദ് ആദ്യ പന്തിൽ തന്നെ ആവേശം കാണിച്ച് വിക്കറ്റ് കളഞ്ഞു. പിന്നീട് സഖ്യം ചേർന്ന കേദാർ ജാദവും കഴിഞ്ഞ മത്സരത്തിലെ ഹീറോ ഫാഫ് ഡുപ്ലെസിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരുവരും ചേർന്ന് 37 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ടോം കറൻ ജാദവിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. 16 പന്തുകളിൽ നിന്നും 22 റൺസുമായി ജാദവ് മടങ്ങി.
ജാദവിനുശേഷം ആറാമനായി ക്രീസിലെത്തിയത് ക്യാപ്റ്റൻ കൂൾ ധോനിയാണ്. കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിന്ന് കൂറ്റൻ സ്കോർ പിന്തുടരാൻ ധോനിയ്ക്കും ഡുപ്ലെസിയ്ക്കും സാധിച്ചില്ല. 37 പന്തിൽ നിന്നും 72 റൺസെടുത്ത ഫാഫ് ഡു പ്ലെസിസ് മാത്രമാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ ഡുപ്ലെസി സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ധോനി പഴയ ഫോമിന്റെ നിഴലിലേക്കൊതുങ്ങി. ടോം കറൻ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി മൂന്നു സിക്സറുകൾ ധോനി നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല.

രാജസ്ഥാന് വേണ്ടി രാഹുൽ തെവാട്ടിയ 37 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തപ്പോൾ ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, ടോം കറൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. രണ്ടുകളികളിൽ നിന്നും ഒരു ജയവും ഒരു തോൽവിയുമായി ചെന്നൈ സൂപ്പർ കിങ്സ് പട്ടികയിൽ മൂന്നാമതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more