1 GBP = 104.13

സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനത്തിന് ഹത്രാസ് നഗറിൽ ആവേശകരമായ സമാപനം

സമീക്ഷ യുകെ നാലാം വാർഷിക സമ്മേളനത്തിന് ഹത്രാസ് നഗറിൽ ആവേശകരമായ സമാപനം

ഒക്ടോബർ 4 നു പൊതുസമ്മേളനത്തോടെ ആരംഭിച്ച  സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനം പ്രൗഢഗംഭീരമായ പ്രതിനിധി സമ്മേളനത്തോടെ അവസാനിച്ചു.

ഞായറാഴ്ച ഉച്ചക്ക് 12:30 നു തുടങ്ങി രണ്ടു സെഷനുകളിലായി ഓൺലൈൻ വേദിയായ ഹത്രാസ് നഗറിൽ നടന്ന  പ്രതിനിധിസമ്മേളനം  ദേശാഭിമാനി ചീഫ് എഡിറ്റർ സ.പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനസെഷനിൽ പങ്കെടുത്തവരെ സമീക്ഷ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി സ്വാഗതം ചെയ്തു.സമീക്ഷ പ്രസിഡന്റ് സ.സ്വപ്ന പ്രവീൺ അധ്യക്ഷത വഹിച്ച  ഉദ്‌ഘാടന സെഷനിൽ AIC GB സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ , IWA പ്രസിഡന്റ് സ. ദയാൽ ഭാഗ്രി , AIC GB എക്സിക്യൂട്ടീവ് അംഗങ്ങളായ സ.രാജേഷ് ചെറിയാൻ , സ.ജാനേഷ് സിഎൻ , സമീക്ഷ യുകെ യുടെ സഹോദര സംഘടനയായ ചേതനയുടെ പ്രസിഡന്റ് സ.സുജു ജോസഫ് എന്നിവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.

ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിൽ പ്രത്യേകിച്ചും സവർണ്ണ വംശവെറിയും നീതിനിഷേധവും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഇരയായ ഹത്രാസിലെ പെൺകുട്ടിയുടെ  സ്മരണകൾ വേദിയിൽ നിലനിർത്തിയ പ്രതിനിധി സമ്മേളന സംഘാടകരുടെ തീരുമാനത്തെ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. സമീക്ഷ യുകെ വൈ.പ്രസിഡന്റ്  സ. പ്രസാദ് ഒഴാക്കൽ ഉദ്‌ഘാടന സെഷനിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സെഷൻ ആരംഭിച്ചത്  ഇടതുപക്ഷ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവരെ അഭിവാദ്യം ചെയ്തുകൊണ്ടും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയവരെ അനുസ്മരിച്ചു കൊണ്ടുമായിരുന്നു.  സ. അബ്‌ദുൽമജീദ് രക്തസാക്ഷി പ്രമേയവും സ.ബിജു ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള സമീക്ഷ ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 125ഓളം ഉശിരൻ സഖാക്കളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം നിയന്ത്രിക്കുന്നതിനും സുഗമമായ നടത്തിപ്പിനും വേണ്ടി സ്റ്റീയറിങ് കമ്മിറ്റി , പ്രിസീഡിയം , മിനുട്സ് ,പ്രമേയം , ക്രെഡൻഷ്യൽ കമ്മിറ്റികളെ തെരെഞ്ഞെടുത്തു. സ.സ്വപ്ന  പ്രവീൺ , സ.ജയൻ എടപ്പാൾ , സ.ബിനോജ് ജോൺ എന്നിവരുടെ നേത്രത്വത്തിലുള്ള പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.  സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി  ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ സ.ഇബ്രാഹിം വാക്കുളങ്ങര വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

സമ്മേളനപ്രതിനിധികൾ ഈ റിപ്പോർട്ടുകൾ വിശദമായ ചർച്ചക്ക് വിധേയമാക്കി.  വിമർശിക്കേണ്ടവയെ കർശനമായി വിമർശിച്ചും അഭിനന്ദിക്കേണ്ട പ്രവർത്തനങ്ങൾക്ക് കയ്യടി കൊടുത്തും നടന്ന ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നു. സമീക്ഷ യുകെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക്  ഒട്ടേറെ  നിർദ്ദേശങ്ങളാണ്  പ്രതിനിധി സഖാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. കാലിക പ്രസക്തിയുള്ള 12 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

ഏതാണ്ട് 7 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കു ശേഷം സമ്മേളനപ്രതിനിധികളെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ അടങ്ങിയ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിക്കപ്പെട്ടു. സ.ബിജു ഗോപിനാഥ് , സ.രാജേഷ് നായർ എന്നവർ ഉൾപ്പെട്ട ക്രെഡൻഷ്യൽ കമ്മിറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തുടർന്ന് ചർച്ചയിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും കേന്ദ്രക്കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മറുപടി പറഞ്ഞു.

പത്തുമണിക്കൂറോളം നീണ്ട പ്രതിനിധി സമ്മേളനത്തിൽ ഏതാണ്ട് മുഴുവൻ സമയവും വനിതകളടക്കം  നൂറോളം പേർ സന്നിഹിതരായിരുന്നു. സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളെ എത്രത്തോളം ഗൗരവത്തോടെയാണ് സമീക്ഷ പ്രവർത്തകർ കാണുന്നത് എന്നതിനുള്ള മികച്ച തെളിവാണ് ഇത്.

യുകെയിലെ വിവിധ പ്രദേശങ്ങളിലിൽ നിന്നും കേരളത്തിൽ നിന്നും ഓൺലൈനായി നിരവധി ആൾക്കാരെ  പങ്കെടുപ്പിച്ചു നടത്തിയ ഒരു സമ്മേളനം സാങ്കേതികമായ തടസ്സങ്ങളൊന്നും കൂടാതെ നടത്താനായത് വലിയ നേട്ടം ആണ്. ഇതിനു സാധ്യമായത് സമീക്ഷ യുകെ യുടെ IT വിദഗ്ദ്ധരായ സ.ആഷിക് മുഹമ്മദ് നാസറിന്റെയും  സ.ഫിദിൽ മുത്തുക്കോയയുടെയും നീണ്ട നാളുകളായുള്ള ആസൂത്രണവും പരിശ്രമങ്ങളുമാണ്.

ആവേശകരമായ മുദ്രവാക്യം വിളികളോടെ രാത്രി ഏതാണ്ട് പത്തു മണിയോടെയാണ് പ്രതിനിധി സമ്മേളനം അവസാനിച്ചത്. വിദ്യാർത്ഥിയായ സ.അർജ്ജുൻ വിളിച്ചുകൊടുത്ത മുദ്രവാക്യങ്ങൾ സമ്മേളനപ്രതിനിധികൾ ആവേശത്തോടെ ഏറ്റുവിളിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും സ.ബിനോജ് ജോൺ നന്ദി പറഞ്ഞു.

സമ്മേളനം വൻ വിജയമാക്കിത്തീർത്ത മുഴുവൻ സമീക്ഷ പ്രവർത്തകരെയും പ്രവാസി സുഹൃത്തുക്കളെയും സമീക്ഷ യുകെ കേന്ദ്രക്കമ്മിറ്റി അഭിവാദ്യം ചെയ്തു

വാർത്ത : ബിജു ഗോപിനാഥ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more