1 GBP = 94.03

സമീക്ഷ എക്സിറ്റർ ബ്രാഞ്ച് ഓൺലൈൻ പoന വേദി ഉദ്ഘാടനം 2020 ജൂലൈ 26 മൂന്നു മണിക്ക് സൂമിലൂടെ നടത്തി

സമീക്ഷ എക്സിറ്റർ ബ്രാഞ്ച് ഓൺലൈൻ പoന വേദി ഉദ്ഘാടനം 2020 ജൂലൈ 26 മൂന്നു മണിക്ക് സൂമിലൂടെ നടത്തി

യു കെയിലെ ശക്തമായ കലാ സാംസ്കാരിക സംഘടനയായ സമീക്ഷ, മലയാളം മിഷൻ യുകെ ചാപ്റ്ററുമായി ചേർന്നു നടത്തുന്ന മലയാള പഠന വേദികളു ടെ ഭാഗമായി, സമീക്ഷ എക്സിറ്റർ ബ്രാഞ്ച് ഓൺലൈൻ പoന വേദി ഉദ്ഘാടനം 2020 ജൂലൈ 26 മൂന്നു മണിക്ക് സൂമിലൂടെ നടത്തി തുടർന്ന് പ്രവേശനോത്സവവും നടന്നു. സമീക്ഷ എക്സിറ്റർ ബ്രാഞ്ച് സെക്രട്ടറി ശ്രീ വിനു ചന്ദ്രൻ്റെ സ്വാഗതത്തിനു ശേഷം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് ഉദ്ഘാടന പ്രസംഗം നടത്തി.

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയർത്തി മലയാളം മിഷൻ 36 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കഴിഞ്ഞു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡയറക്ടർ പറഞ്ഞു. മലയാളം മിഷൻ്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവേശനോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ നടത്തേണ്ടി വരുന്ന ഓൺലൈൻ പ്രവേശനോത്സവത്തിൻ്റെ പരാധീനതകൾ വിവരിക്കുമ്പോഴും കോവിഡ് മൂലമാണ് തനിക്ക് ഈ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായത് എന്ന് ടീച്ചർ അനുസ്മരിച്ചു. ഓ എൻ വി യുടെ ജീവൻ്റെ ഉന്മത്ത നൃത്തത്തിനു പകരമായി , സുഗതകുമാരി ടീച്ചറിൻ്റെ കവിതയിലെ കുട്ടിയുടെ പാൽ പുഞ്ചിരിയിലൂടെ മൃതിയെ മറക്കുന്ന ലോകത്തെ കോവിഡ് നമുക്ക് കാട്ടിത്തന്നതായി ടീച്ചർ അനുസ്മരിച്ചു. കുട്ടിയായിരിക്കുമ്പോൾ തൻ്റെ കയ്യിലുള്ള വലിയ പെൻസിൽ ഒടിച്ച് സുഹൃത്തുമായി ഷെയർ ചെയ്യുന്ന ആ മനോഹര സംസ്കാരമാണ് ഇന്നും മലയാളിക്ക് ഒന്നിച്ചു നിൽക്കാൻ പ്രചോദനം നല്കുന്നതെന്ന് സുജ ടീച്ചർ അനുസ്മരിച്ചു. ഭാഷയും സംസ്കാരവുമായുള്ള ബന്ധവും ടീച്ചർ എടുത്തു പറഞ്ഞു. ലോക മലയാളിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമായ മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ സുജ ടീച്ചർ വിശദീകരിച്ചു. മലയാളം മിഷൻ്റെ ആപ്പിൽ എന്തെല്ലാം ഉണ്ട് എന്നും അതുകൊണ്ടുതന്നെ അത് അധ്യാപകരും രക്ഷിതാക്കളും ഡൗൺ ലോഡ് ചെയ്യണമെന്നും ടീച്ചർ അഭ്യർത്ഥിച്ചു. മലയാളം മിഷൻ്റെ ഭൂമി മലയാളം വാർത്താ പത്രികയെ പറ്റിയും പൂക്കാലം വെബ് മാഗസിനെ പറ്റിയും റേഡിയോ മലയാളത്തെ പറ്റിയും സുജ ടീച്ചർ വിശദീകരിച്ചു. ഇവയിൽ കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക ഇടപെടലുകൾ ഉണ്ടാവണമെന്ന് ടീച്ചർ ആഹ്വാനം ചെയ്തു.

തുടർന്ന് സമീക്ഷ ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപള്ളി ആശംസ പ്രസംഗം നടത്തി. കേരളത്തിലെ ഗവൺമെൻ്റിനും കേരളത്തിലെ സഹോദരൻമാർക്കും കൈത്താങ്ങായി സമീക്ഷ നടത്തിയ സാമൂഹ്യ ഇടപെടലിൻ്റെ ഉദാഹരണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദ്ദേശം 14 ലക്ഷം പിരിച്ചതും. ഡി വൈ എഫ് ഐ യുടെ ടിവി ചലഞ്ചിൻ്റെ ഭാഗമായി 72 ഓളം ടിവികൾ വിതരണം ചെയ്തതും കൂടാതെ, യു കെയിലെ മലയാളികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ സമീക്ഷ എങ്ങനെ ഇടപെട്ടു എന്ന് അദ്ദേഹം വിശദീകരിച്ചു. യു കെ യിലെ സാംസ്കാരിക കലാ രംഗങ്ങളിൽ സമീക്ഷ സർഗവേദി നടത്തുന്ന ഇടപെടലുകൾ അദ്ദേഹം ഊന്നി പറഞ്ഞു. മലയാളം മിഷൻ്റെ യു കെയിലെ പ്രവർത്തനങ്ങൾക്ക് സമീക്ഷ മുന്നിട്ടിറങ്ങുന്നതിൻ്റെ ഭാഗമായി വിവിധ സമീക്ഷ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പഠന വേദികൾ സംഘടിപ്പിക്കാൻ സമീക്ഷ പ്രതിജ്ഞാ ബദ്ധമാണ് എന്ന് ദിനേശ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. എക്സിറ്ററിലെ ഓൺലൈൻ പഠന വേദിക്ക് നേതൃത്വം നൽകുന്ന സമീക്ഷ എക്സിറ്റർ ബ്രാഞ്ചിൻ്റെ പ്രസിഡൻ്റ് രാജിഷാജിയെ ദിനേശ് വെള്ളാപ്പള്ളി അനുമോദിച്ചു. തുടർന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യൻ കുട്ടികൾക്ക് കുരങ്ങനെയും പൂച്ചയേയും രണ്ടു ചെറിയ കുഞ്ഞുണ്ണി കവിതകളിലൂടെ പരിചയപ്പെടുത്തി.
“കൊരങ്ങനും കൊരങ്ങനും കടി കൂടി
അതിലൊരു കൊരങ്ങൻ്റെ തല പോയി
എടുകെടാ കൊരങ്ങാ പുളിവാറ്
കൊടുക്കെടാ കുരങ്ങാ പതിനാറ് “
എന്ന കവിതയും പിന്നെ കുഞ്ഞുണ്ണി മാഷിൻ്റെ ഒരു പൂച്ച കവിതയും ഏബ്രഹാമും കുട്ടികളും ചേർന്ന് പാടി പ്രവേശനോത്സവം ജീവസ്സുള്ളതാക്കി. തുടർന്ന് ഏബ്രഹാം കുര്യൻ വിവിധ ഭാഷകൾ പഠിക്കുന്നതു കൊണ്ടുള്ള പ്രയാജനത്തെ പറ്റിയും ഭാഷയും സംസ്കാരവുമായുള്ള ബന്ധത്തെ പറ്റിയും കുട്ടികളുടെ മലയാള പഠനത്തെ എങ്ങനെ മാതാ പിതാക്കൾക്ക് സഹായിക്കാം എന്നും മാതാപിതാക്കളുമായി സംവദിച്ചു. തുടർന്ന് കുട്ടി കളും അവരുടെ ടീച്ചറായ ശ്രീമതി ദിവ്യ പ്രിയനുമായി പരിചയപ്പെട്ടു. നിറഞ്ഞ ചിരിയുമായി കുട്ടികൾക്ക് ടീച്ചർ തന്നേ തന്നെ പരിചയപ്പെടുത്തുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തു. നമുക്ക് ഇനി മുതൽ ആടിയും പാടിയും പഠിക്കാം എന്ന ദിവ്യ ടീച്ചറിൻ്റെ വാക്കുകൾക്ക് ഒരേ ശബ്ദത്തിൽ സന്തോഷത്തോടെ ആം എന്ന മൂളലിലൂടെ കുട്ടികൾ മറുപടി പറഞ്ഞു. ജൂനിയർ വിഭാഗത്തിൽ പതിനാറും സീനിയർ വിഭാഗത്തിൽ 14 ഉം ആയി 30 കുട്ടികൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുട്ടികളെ എത്രയും പെട്ടന്ന് മലയാളം മിഷനിൽ റെജിസ്റ്റർ ചെയ്യണമെന്ന സെക്രട്ടറി ഏബ്രഹാം കുര്യൻ അഭ്യർത്ഥിച്ചു. നന്ദി പ്രകാശനത്തോടെ യോഗവും പ്രവേശനോത്സവവും അവസാനിച്ചു.
വാർത്ത. രാജി ഷാജി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more