1 GBP = 103.95

അക്രമിയുടെ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു

അക്രമിയുടെ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂയോർക്ക്: പ്രഭാഷണ പരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ. അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് സഹായി അറിയിച്ചു. കരളിനും പരിക്കേറ്റിട്ടുണ്ട്, കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട് -റുഷ്ദിയുടെ സഹായി ആൻഡ്രൂ വൈൽ പറഞ്ഞു.

അതേസമയം, റുഷ്ദിയെ ആക്രമിച്ചതിന് പിടിയിലായ യുവാവിനെ തിരിച്ചറിഞ്ഞു. ഹാദി മറ്റാർ എന്ന 24 കാരനാണ് അക്രമിയെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ഇയാൾ ന്യൂ ജേഴ്സി സ്വദേശിയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11ഓടെയായിരുന്നു സംഭവം. ന്യൂയോർക്ക് നഗരത്തിൽനിന്നും 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നിലായിരുന്നു പ്രഭാഷണം. പ​രി​പാ​ടി​യി​ൽ റു​ഷ്ദി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആക്രമണം ഉണ്ടായത്. റുഷ്ദി ഇരിക്കുന്ന വേ​ദി​യി​ലേ​ക്ക് ചാടിക്കയറിയ അക്രമി തുടരെ കു​ത്തു​ക​യാ​യി​രു​ന്നു. നൂറുകണക്കിന് പേർ ഈ സമയം സദസ്സിലുണ്ടായിരുന്നു.

കുത്തേറ്റ് നിലത്ത് വീണ റുഷ്ദിക്ക് സഹായവുമായി ആളുകൾ ഓടിക്കൂടി. പ്രഥമ ശുശ്രൂഷക്ക് ശേഷം ഹെലികോപ്ടറിൽ റുഷ്ദിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഥലത്തുവെച്ച് തന്നെ അക്രമിയെ പിടികൂടുകയും ന്യൂയോർക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

75കാരനായ ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരനായ റുഷ്ദി 20 വർഷമായി അമേരിക്കയിലാണ് താമസം. 1981ൽ പുറത്തിറങ്ങിയ ‘മിഡ്നൈറ്റ്സ് ചിൽഡ്രൺ’ എന്ന നോവലിലൂടെയാണ് പ്രശസ്തനായത്. ഈ നോവലിന് ബുക്കർ സമ്മാനം ലഭിച്ചു.
റുഷ്ദിക്കെതിരെ നിരവധി തവണ ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു. 1988ൽ പ്രസിദ്ധീകരിച്ച നാലാമത്തെ നോവലായ ‘ദ ​സാ​ത്താ​നി​ക് വേ​ഴ്‌​സ​സ്’ ആണ് അദ്ദേഹത്തിന്‍റെ വിവാദ കൃതി.

മതനിന്ദ ആക്ഷേപമുയർന്നതോടെ പല രാജ്യങ്ങളും പുസ്തകം നിരോധിച്ചു. റുഷ്ദി വിരുദ്ധ കലാപത്തിൽ ആളുകൾ കൊല്ലപ്പെട്ടു. ഇതോടെ റുഷ്ദിക്ക് ഒളിവിൽ പോകേണ്ടിവന്നു. യു.കെയും ഇറാനും നയതന്ത്രബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങൾക്കും പുസ്തകം വഴി​വെച്ചു. 1989ൽ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം യു.എസ് ഡോളർ ഇനാം പ്രഖ്യാപിച്ചു. 1998ൽ റുഷ്ദിക്കെതിരായ വധശിക്ഷ ഇറാൻ ഔദ്യോഗികമായി പിൻവലിച്ചു.

1947 ജൂൺ 19ന് മുംബൈയിലാണ് റുഷ്ദിയുടെ ജനനം. 14 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിലേക്ക് പോകുകയും കേംബ്രിജിലെ കിങ്സ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടുകയും ചെയ്തു. തുടർന്ന് ബ്രിട്ടീഷ് പൗരനായി. 2015ൽ പ്രസിദ്ധീകരിച്ച ​’ടു ഇയേഴ്സ് എയ്റ്റ് മന്ത്സ് ആന്റ് ട്വന്റി എയ്റ്റ് നൈറ്റ്സ്’ എന്ന നോവലാണ് പുറത്തിറങ്ങിയ അവസാന നോവൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more