1 GBP = 103.74
breaking news

നോർവിച്ചോക് ഭീതി; ഇറ്റാലിയൻ റെസ്റ്റോറന്റിൽ രണ്ടുപേർ കുഴഞ്ഞു വീണത്, സാലിസ്ബറിയെ മുൾമുനയിൽ നിറുത്തിയത് എട്ടു മണിക്കൂറോളം

നോർവിച്ചോക് ഭീതി; ഇറ്റാലിയൻ റെസ്റ്റോറന്റിൽ രണ്ടുപേർ കുഴഞ്ഞു വീണത്, സാലിസ്ബറിയെ മുൾമുനയിൽ നിറുത്തിയത് എട്ടു മണിക്കൂറോളം

സാലിസ്ബറി: സാലിസ്ബറിയെ പിടിച്ച് കുലുക്കി വീണ്ടുമൊരു നോർവിച്ചോക് ആക്രമണ ഭീതി. ഇന്നലെ വൈകുന്നേരം ആറര മണിയോടെ സാലിസ്ബറിയിലെ കത്തീഡ്രലിന് സമീപമുള്ള ഇറ്റാലിയൻ റെസ്റ്റോറന്റായ പ്രെസോയിൽ രണ്ടുപേർ കുഴഞ്ഞു വീണതാണ് നഗരത്തെ വീണ്ടും ഞെട്ടിച്ചത്. കഴിഞ്ഞ മാർച്ച് നാലിന് മുൻ റഷ്യൻ ചാരനായ സ്കരിപാലിനും മകൾക്കും നേരെയുണ്ടായ വിഷപ്രയോഗത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിൽ മറ്റ് രണ്ടു പേർക്ക് കൂടി സാലിസ്ബറിയിലെ എലിസബത്ത് ഗാർഡനിൽ വച്ച് വിഷബാധയേറ്റിരുന്നു. ഇവർക്ക് വിഷബാധയേറ്റപ്പോൾ ഉണ്ടായ അതേ ലക്ഷണങ്ങളാണ് ഇന്നലെ പ്രെസ്സോ റെസ്റ്റോറന്റിലും രണ്ടുപേർ കുഴഞ്ഞു വീണപ്പോൾ സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 40കാരനായ പുരുഷനും 30 വയസ്സുള്ള യുവതിയുമാണ് ഇന്നലെ കുഴഞ്ഞു വീണത്. റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസും ഫയർഫോഴ്‌സും ആംബുലൻസ് സർവീസുമെത്തിയത് അതിസുരക്ഷാ സംവിധാനങ്ങളുമായിട്ടായിരുന്നു. ഹാസ്മറ്റ് സ്യൂട്ടുകളും മാസ്കും ധരിച്ചെത്തിയ സംഘം കുഴഞ്ഞു വീണ പുരുഷനെയും സ്ത്രീയെയും സംഭവസ്ഥലത്ത് വച്ച് തന്നെ പരിശോധന നടത്തിയ ശേഷം ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ പോലീസ് സംഭവസ്ഥലവും അടുത്തുള്ള റോഡുകളും സീൽ ചെയ്ത് പരിശോധന ശക്തമാക്കി. ഇതിനിടെ പ്രെസ്സോയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാൾ രണ്ടു റഷ്യക്കാരാണ് അതീവ ഗുരുതരാവസ്ഥയിലായതെന്ന് ട്വീറ്റ് ചെയ്തതോടെ ജനങ്ങളും ഭീതിയിലായി. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ രാവിലെ രണ്ടു മണിയോടെയാണ് സംഭവത്തിന് കാരണം നോർവിച്ചോക് അല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചത്.

പോലീസ് സംഘം പ്രെസ്സോ റെസ്റ്റോറന്റ് സീൽ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുകയാണ്. രാത്രി രണ്ടു മണിയോടെ തന്നെ സമീപത്തെ റോഡുകൾ തുറന്ന് ഗതാഗതയോഗ്യമാക്കിയിരുന്നു. നേരത്തെ സ്ക്രിപാലിനെയും മകൾ യൂലിയയെയും വിഷബാധയേറ്റ് ഗുരുതരവാസ്ഥയിൽ കണ്ടെത്തിയത് പ്രെസ്സോ റെസ്റ്റോറന്റിന് മുന്നൂറ് മീറ്റർ അകലെ മാത്രമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more