സാജു ചെലവേലിനെ ക്രൗൺ കോടതിയിൽ ഹാജരാക്കി; കോടതിയിൽ ഹാജരായത് വിഡിയോ ലിങ്ക് വഴി; ഫെബ്രുവരി വരെ റിമാൻഡിൽ തുടരും
Dec 22, 2022
നോർത്താംപ്ടൺ: ഭാര്യയുടെയും മക്കളുടെയും കൊലപാതകത്തെത്തുടർന്ന് ട്രിപ്പിൾ കൊലക്കുറ്റം ചുമത്തപ്പെട്ട സാജു ചെലവേലിൽ ആദ്യമായി ക്രൗൺ കോടതി ജഡ്ജിക്ക് മുന്നിൽ ഹാജരായി. റിമാൻഡിൽ പീറ്റർബോറോ എച്ച്എം പ്രിസണിൽ കഴിയുന്ന പ്രതിയെ വിഡിയോ ലിങ്ക് വഴിയാണ് ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയത്.
അഞ്ജു അശോക് (35), ജീവ സാജു (6), ജാൻവി സാജു (4) എന്നിവരെ കെറ്ററിംഗിലെ പീതർടൺ കോർട്ടിലെ ഫ്ലാറ്റിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജു ചെലവലേൽ. ഡിസംബർ 15 ന് രാവിലെ 11.15 ന് പോലീസ് എത്തിയപ്പോൾ കെറ്ററിംഗ് ജനറൽ ഹോസ്പിറ്റൽ നഴ്സായ അഞ്ജു അശോകിനെയും അവരുടെ കുട്ടികളെയും ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി. അഞ്ജു സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു, ഈ വർഷം കെറ്ററിംഗ് പാർക്ക് ഇൻഫന്റ് അക്കാദമിയിൽ ചേർന്ന ജീവയും സഹോദരി ജാൻവിയും ആശുപത്രിയിൽ വച്ച് മരിച്ചു. ഫോറൻസിക് പോസ്റ്റ്മോർട്ടത്തിൽ മൂവരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി.
തിങ്കളാഴ്ച മജിസ്ട്രേറ്റിട്ട് കോടതിയിൽ ഹാജരാക്കിയ സാജുവിനെ റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് ചെയ്തതുമുതൽ പീറ്റർബോറോ ജയിലിലാണ് ഇയ്യാളെ പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ ചാരനിറത്തിലുള്ള ജമ്പറും കണ്ണടയും ധരിച്ച ചെലവലേൽ, വീഡിയോ ലിങ്ക് വഴി നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ ഹാജരായി. പ്രാഥമിക ഹിയറിംഗിൽ തന്റെ വ്യക്തിത്വം സ്ഥിരീകരിക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം ഹിന്ദി ദ്വിഭാഷി വഴി സംസാരിച്ചത്. പ്രോസിക്യൂട്ടർ റെബേക്ക ഫെയർബെയ്ൻ അടുത്ത വർഷം സാധ്യമായ വിചാരണ തീയതി ഉൾപ്പെടെ, കേസിന്റെ വിശദാംശങ്ങൾ നൽകി. ഫെബ്രുവരിയിൽ അടുത്ത വാദം കേൾക്കുന്നത് വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യപ്പെടുമെന്ന് ജഡ്ജി ഡേവിഡ് ഹെർബർട്ട് കെസി പറഞ്ഞു.
പീതർടൺ കോർട്ടിലെ സംഭവസ്ഥലത്ത് പൂക്കളും കളിപ്പാട്ടങ്ങളുമായി സുഹൃത്തുക്കളും തദ്ദേശീയരായ നിരവധിപേരും ഇപ്പോഴുമെത്തുന്നത് ഈറനണിയിക്കുന്ന കാഴ്ചയാണ്. സംഭവസ്ഥലം ഇപ്പോഴും പോലീസ് വലയത്തിലാണ്. അതേസമയം ഇന്നലെ പണിമുടക്കിയ കെറ്ററിംഗ് ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ ഒരു കൂട്ടം പിക്കറ്റ് ലൈനിൽ അഞ്ജു അശോകിനും കുട്ടികൾക്കും ആദരഞ്ജലികൾ അർപ്പിച്ചു.
അഞ്ജുവിന്റേയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് വഴി ദ്രുതഗതിയിൽ നടന്നു വരികയാണ്. അഞ്ജുവിനും കുട്ടികൾക്കും കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം നാട്ടിൽ അന്ത്യവിശ്രമമൊരുക്കാൻ അവരുടെ നാട്ടിലെ ഭവനം സന്ദർശിച്ച യുക്മ വക്താവ് അഡ്വ.എബി സെബാസ്റ്റ്യനും യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും അഞ്ജുവിന്റെ പിതാവ് അശോകനും കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് യുക്മ കെറ്ററിംഗ് മലയാളി അസോസിയേഷൻ്റെ സഹകരണത്തോടെ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.. ഏകദേശം 31,800 പൗണ്ടാണ് ഇന്നലയോടെ ലഭിച്ചത്. ഇരുപത്തിയയ്യായിരം പൗണ്ട് ടാർജറ്റ് ചെയ്താണ് ചാരിറ്റി ആരംഭിച്ചതെങ്കിലും യുകെ മലയാളികളുടെ അഭ്യർത്ഥനപ്രകാരം തുടരുകയായിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ തന്നെ വഹിക്കുമെന്ന് യുക്മ നേതൃത്വത്തെ അറിയിച്ചിരുന്നു. ആയതിനാൽ ക്രൗഡ് ഫണ്ട് വഴി ലഭിക്കുന്ന മുഴുവൻ തുകയും അഞ്ജുവിൻ്റെ പാവപ്പെട്ട കുടുംബത്തിന് കൈമാറാനാണ് യുക്മ നേതൃത്വവും കെറ്ററിംഗ് മലയാളി അസോസിയേഷനും തീരുമാനമെടുത്തിട്ടുള്ളത്.
യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് മുണ്ടക്കയം കൂട്ടിക്കലിൽ ബഹു: മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു… /
നേഴ്സസ് സമരമുഖത്ത് ആവേശമായി യുക്മ നേഴ്സസ് ഫോറം അംഗങ്ങൾ; സമരപോരാളികൾക്ക് ഊർജ്ജം പകർന്ന് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ നേതാക്കളും പ്രവർത്തകരും….. /
വിമർശകരുടെ വായടപ്പിച്ചു കൊണ്ട് യു കെ മലയാളി സമൂഹത്തിന്റെ നന്മകൾക്ക് മുന്നിൽ വിനയത്തോടെ യുക്മ…അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാൻ ആരംഭിച്ച ഫണ്ട് ശേഖരണം ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചു…. /
click on malayalam character to switch languages