1 GBP = 103.95

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മത്സരിക്കും. നേരത്തെതന്നെ സജിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായിരുന്നുവെങ്കിലും വൈകുന്നേരം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സജി ചെറിയാന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്റെ ഡി വിജയകുമാറിനെ ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുപക്ഷവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും.

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജി ചെറിയാനെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ സ്വദേശിയായ സജി ചെറിയാന്‍ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കിലും അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ പിസി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു. നേരത്തെ സിപിഐഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു സജി ചെറിയാന്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും സജി ചെറിയാന്‍ വഹിച്ചിരുന്നു.

നേരത്തെ, മാവേലിക്കര മുന്‍ എംഎല്‍എയായിരുന്ന എം മുരളി അടക്കമുള്ള പല പേരുകളും പരിഗണിച്ചശേഷമായിരുന്നു ഡി വിജയകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചത്. ആലപ്പുഴ സര്‍വീസ് സഹകരണസംഘം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വിജയകുമാര്‍ അയ്യപ്പസേവാസമിതി ദേശീയ വൈസ്പ്രസിഡന്റ് കൂടിയാണ്. കൂടാതെ സഭാനേതൃത്വം അടക്കമുള്ളവരുമായുള്ള നല്ല ബന്ധവും വിജയകുമാറിന് തുണയായി.

പിസി വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചശേഷമാണ് മറ്റ് സ്ഥാനാര്‍ത്ഥികളെ തേടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എയായ വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംഎല്‍എയായ കെകെ രാമചന്ദ്രന്‍ നായരുടെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പില്‍ 42,000 ത്തിലേറെ വോട്ടുകള്‍ നേടി ഇടത്-വലത് മുന്നണികളെ ഞെട്ടിച്ച മുതിര്‍ന്ന നേതാവ് പിഎസ് ശ്രീധരന്‍പിള്ളയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ഉടന്‍തന്നെ ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന രണ്ടാമത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. നേരത്തെ വേങ്ങരയിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച സാഹചര്യത്തിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more