1 GBP = 103.92

മലയാള തനിമയുടെ വര്‍ണാഭമായ കാഴ്ചകളൊരുക്കി വീണ്ടും സഹൃദയ!

മലയാള തനിമയുടെ വര്‍ണാഭമായ കാഴ്ചകളൊരുക്കി വീണ്ടും സഹൃദയ!

ബിബിൻ എബ്രഹാം

കെന്റ്:-  ഉദ്യാനനഗരിയായ കെന്റിലെ ടൊൺബ്രിഡ്ജിൽ,  ടോൺബ്രിഡ്ജ് ബോറോ കൗൺസിലും ലയൺസ് ക്ലബും സംയുക്തമായി നടത്തുന്ന വർണശബളമായ കാർണിവലിൽ മലയാള തനിമയുടെ വർണാഭമായ കാഴ്ച്ചകൾ മഹനീയമായി പ്രദർശിപ്പിക്കുവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം.

നാളെ (ഞായറാഴ്ച്ച) കൃത്യം പന്ത്രണ്ടു മണിക്കു തുടങ്ങുന്ന ഘോഷയാത്രയിലും  ഫുഡ് ഫെസ്റ്റിവലിലും ഇതു രണ്ടാം തവണയാണ് ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ടീം പങ്കെടുക്കുന്നത്.    കഴിഞ്ഞ വർഷം ആദ്യമായി കെന്റിലെ പൗരാണികവും പ്രസിദ്ധവുമായ ടൺബ്രിഡ്ജ് കാർണിവലിൽ പങ്കെടുത്ത സഹൃദയ  ഒന്നാം സ്ഥാനം നേടിയെടുത്തത് കേരളീയ തനത് കലാരൂപങ്ങളുടെയും കലാപ്രകടനത്തിന്റെയും മാന്ത്രിക സ്പർശം ഒരുക്കിയായിരുന്നു.

പോയ വർഷം രാജഭരണത്തിന്റെ ഓർമ്മകളെ പൊടി തട്ടി ഉണർത്തി  മഹാരാജാവും, മഹാറാണിയും തോഴിയും, നൃത്തവേഷവിധാനങ്ങളുമായി കുട്ടികളും മുന്നിൽ നിന്നു നയിച്ച ഘോഷയാത്രയിൽ താലപ്പൊലിയേന്തി മങ്കകളും മുത്തു കുടു ചൂടി പുരുഷ കേസരികളും അണിനിരന്നപ്പോൾ, ചെണ്ടമേളത്തിനൊപ്പം കഥകളിയും തെയ്യവും ആടിത്തിമർത്തു. ഈ വർഷം മാറ്റു കൂട്ടുവാനായി പുലികളിയും, ആനചന്തവും മറ്റു ദൃശ്യാവിഷ്കാരങ്ങളും കൂടി ഒത്തു ചേരുമ്പോള്‍ അത് തിങ്ങിനിറയുന്ന  കാണികൾക്ക് നയന മനോഹര കാഴ്ച്ചയുടെ മാരിവില്ല് തന്നെ ഒരുക്കുമെന്നതിൽ സംശയമില്ല. ഒപ്പം സഹൃദയയുടെ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന നടന വിസ്മയവും.

ഏകദേശം നാലായിരത്തോളം കാണികളും മുപ്പത്തിയഞ്ചോളം പ്ലോട്ടുകളും പങ്കെടുക്കുന്ന പല സംസ്കാരങ്ങളുടെ സംഗമവേദിയായ ടൊൺബ്രിഡ്ജ് കാർണിവലിലെ ഘോഷയാത്രയിൽ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങൾ അണിനിരക്കുമ്പോൾ അത് കേരള സംസ്കാരത്തിന്റെ പ്രൗഡിയും  പ്രതാപവും ഒപ്പം മലയാളത്തിന്റെ മുഗ്ധസൗന്ദര്യവും ബ്രിട്ടീഷ് മണ്ണിൽ പ്രദർശിപ്പിക്കാനുള്ളെ ഒരു അവസരമായി ടീം സഹൃദയ കണക്കാക്കുന്നു.

ഒപ്പം സഹൃദയ ടൊൺബ്രിഡ്ജ് കാസിൽ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ഫുഡ് സ്റ്റാളിൽ,  കൊതിയൂറുന്ന വിവിധയിനം നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ സ്വദേശികളൾക്കും വിദേശികൾക്കു അസ്വദിക്കുവാനുള്ള അവസരവും ഉണ്ട്.

 

ഈ നിറപ്പകിട്ടാർന്ന ഘോഷയാത്ര കാണുവാനും , ഈ ആവേശത്തിൽ പങ്കുചേർന്നു ഇത് ഒരു വൻ വിജയമാക്കി മാറ്റുവാനും കെന്റിലെ എല്ലാ മലയാളികളെയും  സഹൃദയ ഹൃദയത്തിന്റെ ഭാഷയിൽ ടൊൺ ബ്രിഡ്ജിലേക്ക് ക്ഷണിക്കുകയാണ്.

 

കാർണിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന വിലാസത്തിൽ എത്തിച്ചേരുക:-

Castle Street, Tonbridge,  Kent. TN9 1BG

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more