1 GBP = 103.92
breaking news

പാർട്ടി വിടുമോ?; പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്, അനുനയിപ്പിക്കാൻ കോൺഗ്രസ്‌

പാർട്ടി വിടുമോ?; പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്, അനുനയിപ്പിക്കാൻ കോൺഗ്രസ്‌

കോൺഗ്രസ് ദേശീയ നേതൃത്വത്തോട് പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്. പുതിയ പാർട്ടി സംബന്ധിച്ച വിഷയത്തിലാണ് മറുപടി നൽകാത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചുമതലയുള്ള ജനറൽ സെക്രട്ടറി വിഷയത്തിൽ സച്ചിനോട് നിലപാട് തേടിയിരുന്നു. തിരക്കിലാണെന്നും പിതാവിന്റെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്നും സച്ചിൻ മറുപടി നൽകുകയായിരുന്നു .

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പോരിന്റെ പേരിൽ സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടില്ലെന്ന പ്രതീക്ഷയിലാണ് ദേശീയ നേതൃത്വം. ഗെലോട്ട്, സച്ചിൻ എന്നിവരുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്കു ശേഷം സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ 3 തവണ സച്ചിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച രാത്രിയാണ് ഇരുവരും സംസാരിച്ചത്. പാർട്ടി വിടുമെന്ന ഒരു സൂചനയും ആ ചർച്ചകളിൽ സച്ചിൻ നൽകിയില്ല. കോൺഗ്രസ് വിട്ടു പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രചാരണം തന്റെ രാഷ്ട്രീയ എതിരാളികൾ അഴിച്ചുവിടുന്നതാണെന്നാണു സച്ചിൻ അറിയിച്ചത്. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വരുംദിവസങ്ങളിൽ സച്ചിൻ വീണ്ടും ഡൽഹിയിലെത്തിയേക്കും.

അതേസമയം, ഈ മാസം 11നു പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ ‘പ്രഗതിശീൽ കോൺഗ്രസ്’ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന വാർത്തകൾ സച്ചിൻ ഇനിയും നിഷേധിച്ചിട്ടില്ല. 11നു സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സച്ചിൻ മൗനം തുടരുകയാണ്. പാർട്ടിയുണ്ടാക്കുമെന്ന പ്രചാരണം സച്ചിന്റെ സമ്മർദതന്ത്രമാണെന്നും ആവശ്യങ്ങൾ ഗെലോട്ട് സർക്കാർ അംഗീകരിച്ചാൽ അദ്ദേഹം അനുനയ വഴി സ്വീകരിക്കുമെന്നും സൂചനയുണ്ട്.

സച്ചിനെ കൈവിടില്ലെന്നും ഈ വർഷമവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാന നേതൃത്വത്തിൽ മാന്യമായ പദവി നൽകുമെന്നും കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ രാഹുൽ ഉറപ്പ് നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more