1 GBP = 104.21
breaking news

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ ‘സബ‍ർമതി’ ഒരുങ്ങുന്നു

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ ‘സബ‍ർമതി’ ഒരുങ്ങുന്നു

അഹമ്മദാബാദ് – മുംബൈ ഹൈ സ്പീഡ് റെയിൽപ്പാതയിലെ ആദ്യത്തെ സ്റ്റേഷനായ സബർമതി സ്റ്റേഷൻെറ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.36 ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഈ 9 നിലയുള്ള റെയിൽവേ സ്റ്റേഷൻെറ കൂടുതൽ വിശദാംശങ്ങൾ ന്യൂസ് 18ന് ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഹൈ സ്പീഡ് റെയിൽപ്പാതയായ അഹമ്മദാബാദ് – മുംബൈ പാതയുടെ മുഴുവൻ പണികളും 2027ഓടെ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. സബർമതി സ്റ്റേഷൻ ഈ പദ്ധതിയുടെ വടക്കേ ഭാഗത്തെ സുപ്രധാന കേന്ദമായി മാറും.

രണ്ട് ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത് നിലകളുള്ള കെട്ടിടത്തിന് മൂന്നാം നിലയിൽ നിന്ന് മൾട്ടി മോഡൽ കണക്റ്റിവിറ്റി ഉണ്ടായിരിക്കും. നിലവിലുള്ള റെയിൽവേ സ്റ്റേഷനിലേക്കും ഒരു ബിആർടി ബസ് സ്റ്റേഷനിലേക്കും വരാനിരിക്കുന്ന അഹമ്മദാബാദ് മെട്രോ ഫേസ്-1, എഇസി മെട്രോ സ്റ്റേഷനിലേക്കുമാണ് ഇവിടെ നിന്നും കണക്റ്റിവിറ്റി ഉണ്ടാവുക. ബിൽഡിങ്ങിൻെറ മൂന്ന് ഫ്ലോറുകളും ബേസ്മെൻറും വാഹന പാർക്കിങ്ങിനായി വിട്ട് നൽകും. ഏകദേശം 1200 കാറുകൾ ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും.

ബിൽഡിങ്ങിൻെറ 31500 സ്ക്വയർ മീറ്റർ ഭാഗം വ്യാവസായിക ആവശ്യങ്ങൾക്കായി വിട്ട് നൽകും. കടകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെല്ലാം ഇവിടെ നിർമ്മിക്കും. കെട്ടിടത്തിൻെറ ഏഴാമത്തെ ഫ്ലോറിലും നാലാമത്തെ ഫ്ലോറിലും മനേഹരമായ ടെറസ് പൂന്തോട്ടവും ഒരുക്കുന്നുണ്ട്. അത്യാധുനിക രീതിയിൽ നി‍ർമിക്കുന്ന ഈ സ്റ്റേഷനിൽ എല്ലാതരത്തിലുമുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും അധികൃത‍ർ വ്യക്തമാക്കിയിട്ടുണ്ട്.

കടകൾക്കും ഭക്ഷണശാലകൾക്കും പുറമെ താമസിക്കാനും മറ്റും സൌകര്യമുള്ള ഹോട്ടലും കെട്ടിടത്തിൽ ഉണ്ടാവും. വ്യത്യസ്ത ഫ്ലോറുകളിലായി കുറഞ്ഞത് 60 റൂമുകളുള്ള ഹോട്ടലാണ് ഒരുക്കുക. മികച്ച ഭക്ഷണം ലഭ്യമാവുന്ന തരത്തിലുള്ള റെസ്റ്റോറൻറുകളും കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷനുമെല്ലാം ഹോട്ടലിൽ ഉണ്ടാകും. സബർമതി സ്റ്റേഷൻെറ മൊത്തം വിസ്തീർണം ഏകദേശം 1.34 ലക്ഷം സ്ക്വയർ മീറ്ററാണ്.

ഭൂചലനത്തെ അതിജീവിക്കുന്ന തരത്തിലാണ് കെട്ടിടത്തിൻെറ നിർമ്മാണരീതിയെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ഗോള്‍ഡന്‍ റാങ്കുള്ള ഒരു കെട്ടിടമായി ഇതിനെ മാറ്റും. സോളാർ സെല്ലുകൾ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും, വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന തരത്തിൽ ജലത്തിൻെറ ഉപഭോഗവുമെല്ലാം ഇവിടുത്തെ പ്രത്യേകതയായിരിക്കും. വാണിജ്യസ്ഥാപനങ്ങൾ നടത്താനായി സ്വകാര്യ കമ്പനികൾക്ക് അവസരം നൽകി അതിൽ നിന്ന് വലിയ വരുമാനം സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

“ഗ്രിഡ് കണക്റ്റഡ് റൂഫ്‌ടോപ്പ് സോളാർ പ്രോജക്ടുകൾ” വഴി സൗരോർജ്ജത്തിന് പ്രാധാന്യം നൽകുന്ന പദ്ധതിയാണ് സ്റ്റേഷനിലുള്ളതെന്ന് നേരത്തെ ന്യൂസ് 18 റിപ്പോ‍ർട്ട് ചെയ്തിരുന്നു. സ്റ്റേഷന്റെ മേൽക്കൂരയിൽ “ചർക്ക” ചിഹ്നമുള്ള സോളാർ പാനലുകളും, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ദണ്ഡിയാത്രയുടെ സ്മരണ പുതുക്കുന്ന തരത്തിലുള്ള സോളാർ പാനലുകളും നിർമ്മിക്കും. ഗാന്ധിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന സ്ഥലങ്ങളിൽ ഒന്നാണ് സബർമതി. സോളാർ വൈദ്യുതിക്ക് പ്രാധാന്യം നൽകി, ഊർജ്ജ ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും അധികൃതർ ഇവിടെ ലക്ഷ്യം വെക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more