ശബരിമലയിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുമെന്ന് ഡിജിപി അനിൽകാന്ത്. അടുത്ത ദിവസം മുതൽ പ്രത്യേക ക്യു നടപ്പിലാക്കും. തീർത്ഥാടകരുടെ എണ്ണം 90000മായി നിജപ്പെടുത്തുന്നത് പരിശോധിക്കും. ആവശ്യമെങ്കിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. നിലവിൽ തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അല്ല സന്ദർശനം നടത്തിയത്. ഭക്തർ പതിനെട്ടാംപടി കയറുന്നതിൽ വേഗത കൂട്ടാൻ ശ്രമം നടത്തും.
വനമേഖലകളിൽ വാഹനം തടഞ്ഞിടുന്നതിൽ ഭക്തർ ബുദ്ധിമുട്ടുന്നത് ഉൾപ്പെടെ പരിശോധിക്കുമെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു. ശബരിമല അവലോകന യോഗത്തിൽ സർക്കാർ വകുപ്പുകൾ തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. പമ്പയിൽ നടന്ന അവലോകനയോഗത്തിലാണ് വകുപ്പുകൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു.
ആന ഇറങ്ങുന്ന കാനനപാതകളിൽ പോലും തീർത്ഥാടകരെ പൊലീസ് തടഞ്ഞിടുന്നു എന്നും ദേവസ്വം ബോർഡ് ആരോപിച്ചു. ശബരിമലയിൽ ഇത്തവണ ഡ്യൂട്ടിക്ക് കൊണ്ടുവന്നത് പരിചയമില്ലാത്ത പൊലീസുകാരെയാണ്. ഉദ്യോഗസ്ഥരും വകുപ്പുകളും തമ്മിൽ ഏകോപനം ഇല്ല എന്നും ദേവസ്വം ബോർഡ് കുറ്റപ്പെടുത്തി. ഇതോടെ ദേവസ്വം ബോർഡിനെ രൂക്ഷമായ വിമർശനം പൊലീസും യോഗത്തിലുയർത്തി. പതിനെട്ടാം പടിയുടെ നിയന്ത്രണം ദേവസ്വം ബോർഡ് വേണമെങ്കിൽ ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എം.ആർ.അജിത് കുമാർ പറഞ്ഞു.
കെഎസ്ആർടിസി കാലപ്പഴക്കംചെന്ന ബസുകൾ ആണ് ഓടിക്കുന്നതെന്ന് ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ട് പോകുന്നില്ല എന്ന് കെഎസ്ആർടിസി മറുപടി നൽകി. പാർക്കിംഗ് ഗ്രൗണ്ടിൽ കരാറുകാർ മതിയായ ജീവനക്കാരെ നിയമിക്കുന്നില്ല എന്ന് പത്തനംതിട്ട ജില്ലാ കളക്ടറും വിമർശനം ഉന്നയിച്ചു.
click on malayalam character to switch languages