1 GBP = 103.79
breaking news

ശബരിമല: ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ല, സുരക്ഷാപ്രശ്നത്തില്‍ മാത്രമാണ് ഇടപെടുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍

ശബരിമല: ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ല, സുരക്ഷാപ്രശ്നത്തില്‍ മാത്രമാണ് ഇടപെടുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടില്ലെന്നും എന്നാൽ സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്താൻ അവിടുത്തെ സുരക്ഷാ കാര്യങ്ങളിൽ ഇടപെടുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഭക്തർക്ക് സുഗമമായി തീർത്ഥാടനം നടത്താൻ സുരക്ഷയിൽ ഇടപെടേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ടി.ആർ രമേശ് എന്ന വ്യക്തിയാണ് സർക്കാരിന് ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. യു.പി സർക്കാർ 1999ൽ കാശിക്ഷേത്രം ഏറ്റെടുത്തതിനെ സുപ്രീംകോടതി വിലക്കിയത് ചൂണ്ടിക്കാട്ടിയാണ് രമേശിന്റെ ഹർജി.

ശബരിമലയിലെ മതപരമോ ആചാരപരമോ ആയ കാര്യങ്ങളിൽ ഒരിക്കലും സർക്കാർ ഇടപെടില്ല. ഇനി ഇടപെടാൻ ഉദ്ദേശിക്കുന്നുമില്ല. സുരക്ഷാ കാര്യങ്ങളിൽ മാത്രമായിരിക്കും സർക്കാരിന്റെ ഇടപെടൽ. സുഗമമായ തീർത്ഥാടന കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തും. ശബരിമലയുടെ ക്ഷേത്രകാര്യങ്ങളിൽ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളിൽ മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സർക്കാർ പൂർണമായും അംഗീകരിക്കുന്നു. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. യഥാർത്ഥ വിശ്വാസികൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

ജാതി മതവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയിലെ പാരമ്പര്യം. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം ബോർഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സർക്കാർ ഖജനാവിൽനിന്ന് നൽകുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാരിന് ഇടപെടൽ നടത്താൻ അവകാശമുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോൾ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. നിലവിൽ ശബരിമലയിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തീർപ്പാക്കിയത്. മറ്റ് ഹർജികൾ കോടതി അടുത്ത തിങ്കളാഴ്‌ചയിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more