1 GBP = 103.95
breaking news

ശബരിമല: സര്‍ക്കാരിന് സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി; ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കും

ശബരിമല: സര്‍ക്കാരിന് സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി; ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നടക്കുന്ന സമരങ്ങളെ പ്രതിരോധിക്കാന്‍ നവോത്ഥാന സാമൂഹിക സംഘടനകള്‍ ഒരുമിക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമൂഹിക സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം. ഇതിന്റെ ഭാഗമായി പുതുവര്‍ഷദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാമതില്‍ സംഘടിപ്പിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് സംഘടനകള്‍ യോജിപ്പറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വിപുലമായ പ്രതിരോധം സംഘടിപ്പിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പുള്ള മുഴുവന്‍ സാമൂഹ്യസംഘടനകളെയും കൂടെ നിര്‍ത്തിയാകും വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുക. പുരുഷന് തുല്യമായ അവകാശം സത്രീക്കുമുണ്ട്, സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആശയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള പരിപാടികള്‍ സംസ്ഥാനമാകെ സംഘടിപ്പിക്കും. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാമതില്‍ തീര്‍ക്കാനും യോഗം തീരുമാനമെടുത്തു. വെള്ളാപ്പള്ളി നടേശന്‍, പുന്നല ശ്രീകുമാര്‍ എന്നിവര്‍ ഭാരവാഹികളായ സമിതിക്കാണ് പരിപാടി നടത്തിപ്പിന്റെ ചുമതല.

 

നവോത്ഥാന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെയാണ് കേരളത്തിന്റെ മഹാശക്തിയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഓര്‍മപ്പെടുത്തി. ഒരു സമുദായ നേതാവും, രാജാവും, തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി നവോത്ഥാനസംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ക്ഷണമുണ്ടായിരുന്ന 190ല്‍ 174 സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.എസ്.എസ്, യോഗക്ഷേമസഭ, ക്ഷത്രിയ ക്ഷേമസഭ, പണ്ഡിതര്‍ മഹാസഭ തുടങ്ങിയ സംഘടനകള്‍ എത്തിയില്ല. അതേസമയം യോഗത്തിനെത്താതിരുന്നവരെ സമിതിയിലേക്ക് പിന്നീട് കോപ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിലപാടും സുപ്രിംകോടതി വിധി നടപ്പിലാക്കേണ്ടതിന്റെ ബാധ്യതയും വിശ്വാസികള്‍ക്കിടയില്‍ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം നടത്തിയത്. എന്നാല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംഘടനകളിലാരെയും യോഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് തിരിച്ചടിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more