1 GBP = 103.12

ഉപരോധം തീരാതെ വാതകമില്ല; നിലപാട് കടുപ്പിച്ച് പുടിൻ

ഉപരോധം തീരാതെ വാതകമില്ല; നിലപാട് കടുപ്പിച്ച് പുടിൻ

മോസ്കോ: യൂറോപ്പിലേക്ക് പ്രകൃതിവാതകമൊഴുകുന്ന പ്രധാന പൈപ് ലൈൻ ഉടനൊന്നും തുറക്കില്ലെന്ന് റഷ്യ. രാജ്യത്തെ കുരുക്കി ഉപരോധം കനപ്പിക്കുന്ന യൂറോപ്പിന് നിലപാട് മാറ്റാതെ ഇനി വാതകം നൽകില്ലെന്നും ക്രൈംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ഏറ്റവും വലിയ വാതക പൈപ് ലൈനായ നോർഡ് സ്ട്രീം1 അറ്റകുറ്റപ്പണികൾക്കെന്ന പേരിലാണ് അടച്ചിട്ടിരുന്നത്. എന്നാൽ, രാജ്യത്തിനെതിരെയും നിരവധി കമ്പനികൾക്കെതിരെയും പാശ്ചാത്യരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതാണ് പ്രശ്നമായതെന്നും അതല്ലാതെ മറ്റു കാരണങ്ങളൊന്നും പൈപ് ലൈൻ അടച്ചിടലിന് പിന്നിലില്ലെന്നും പെസ്കോവ് പറഞ്ഞു. യൂനിറ്റുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾക്കും വസ്തുവകകൾ നീക്കുന്നതിനും ഉപരോധംമൂലം സാധിക്കുന്നില്ലെന്നും അദ്ദേഹം തുടർന്നു.

റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഗ്യാസ്പ്രോമിന് കീഴിലുള്ള പൈപ് ലൈൻ അനിശ്ചിതമായി അടച്ചിടുന്നതായി വെള്ളിയാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു ദിവസത്തേക്കെന്നായിരുന്നു ആദ്യം അറിയിപ്പ് നൽകിയത്. ടർബൈനുകളിലെ ചോർച്ച പരിഹരിക്കാനാകാത്തതാണ് വിഷയമെന്നും കമ്പനി അറിയിച്ചു. 2011 മുതൽ പ്രവർത്തിക്കുന്ന നോർഡ് സ്ട്രീം1 പൈപ് ലൈൻ വഴിയാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേക്കും റഷ്യൻവാതകം ഒഴുകുന്നത്. ഇത് അടച്ചിടുന്നത് യൂറോപ്പിലുടനീളം കനത്ത വാതകപ്രതിസന്ധി സൃഷ്ടിക്കും. നടപടിക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനം ആയുധമാക്കുകയാണ് റഷ്യയെന്ന് യു.എസും കുറ്റപ്പെടുത്തി. വാതകലഭ്യത കുറഞ്ഞതോടെ ഒറ്റനാൾ കൊണ്ട് യൂറോപ്പിൽ 30 ശതമാനം വിലവർധനയാണ് റിപ്പോർട്ട് ചെയ്തത്. വിലക്കയറ്റം നേരിടാൻ ജർമനിയിൽ 6500 കോടി ഡോളറിന്റെ പാക്കേജ് ചാൻസലർ ഒലഫ് ഷുൾസ് പ്രഖ്യാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more