1 GBP = 103.12

റൂൾ ഓഫ് സിക്സ് ഇന്ന് മുതൽ; വൈറസിന്റെ രണ്ടാം തരംഗത്തിന് മുന്നറിയിപ്പ് നൽകി വിദഗ്ദർ

റൂൾ ഓഫ് സിക്സ് ഇന്ന് മുതൽ; വൈറസിന്റെ രണ്ടാം തരംഗത്തിന് മുന്നറിയിപ്പ് നൽകി വിദഗ്ദർ

ലണ്ടൻ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച റൂൾ ഓഫ് സിക്സ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ ഇന്ന് മുതൽ ഇംഗ്ലണ്ടിൽ നിയമവിരുദ്ധമാണ്.

കോവിഡ്-19 കേസുകളുടെ വർദ്ധനവ് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നടപടി പാലിച്ചില്ലെങ്കിൽ നൂറു പൗണ്ട് മുതൽ 3,200 പൗണ്ട് വരെ പിഴ ഈടാക്കും. നിയമങ്ങൾ കർശനമായി പാലിക്കാൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്. യുകെയിൽ ഞായറാഴ്ച 3,330 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മെയ് മുതൽ ആദ്യമായാണ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3,000 ത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

റൂൾ ഓഫ് സിക്സ് സ്കോട്ട്ലൻഡിലും വെയിൽസിലും അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു, കൂടാതെ വിവാഹങ്ങളും ശവസംസ്കാരങ്ങളും ഉൾപ്പെടെ പരിമിതമായ ഇളവുകളുണ്ട്, അതേസമയം തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിയമം ബാധിക്കില്ല.

ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും വീടിനകത്തും പുറത്തും നടക്കുന്ന ഒത്തുചേരലുകൾക്ക് നിയമം ബാധകമാണ്. എന്നാൽ വെയിൽസിൽ 30 പേർക്ക് വരെയുള്ള ഗ്രൂപ്പുകൾക്ക് പുറത്ത് ഒരുമിച്ച് കൂടാൻ അനുമതിയുണ്ട്. ഇംഗ്ലണ്ടിലെ എല്ലാ പ്രായക്കാർക്കും റൂൾ ഓഫ് സിക്സ് നിയമം ബാധകമാണ്, എന്നാൽ 11 നും 12 നും താഴെയുള്ള കുട്ടികളെ യഥാക്രമം വെയിൽസിലും സ്കോട്ട്ലൻഡിലും ഒഴിവാക്കിയിരിക്കുന്നു.

വടക്കൻ അയർലണ്ടിൽ, കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കാരണം ഒരു വീടിനകത്ത് ഒത്തുകൂടാൻ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ മാസം രണ്ട് വീടുകളിൽ നിന്ന് ആറായി കുറച്ചിരുന്നു. 15 പേർക്ക് വരെ ഔട്ട് ഡോറിൽ ഒരുമിച്ച് കൂടാം.

ഇംഗ്ലണ്ടിലെ 8,000 ത്തിലധികം ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർത്ഥികളിലും നടത്തിയ സർവേയിൽ 86 ശതമാനം പേർ കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം ഉടനുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി‌എം‌എ), വോട്ടെടുപ്പിൽ രണ്ടാമത്തെ തരംഗം “മെഡിക്കൽ രംഗത്ത് ഒന്നാം നമ്പർ ആശങ്കയാണ്” എന്നും അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more