1 GBP = 104.04
breaking news

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച റോസകുട്ടി ടീച്ചര്‍ സിപിഐഎമ്മിൽ

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച റോസകുട്ടി ടീച്ചര്‍ സിപിഐഎമ്മിൽ

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി ഉപാദ്ധ്യക്ഷ കെസി റോസകുട്ടി
ടീച്ചര്‍ സിപിഐഎമ്മിലേക്ക്. റോസക്കുട്ടി ടീച്ചര്‍ ഇനി സിപിഐഎമ്മിനോടൊപ്പമായിരിക്കുമെന്ന് അവരുടെ ബത്തേരിയിലെ വസതിയിലെത്തിയ സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം പികെ ശ്രീമതിയാണ് ഇക്കാര്യം അറിയിച്ചത്.

മധുരം നല്‍കിയാണ് റോസക്കുട്ടിയെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കല്‍പ്പറ്റയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ്‌കുമാറും റോസക്കുട്ടിയെ കാണാനെത്തി.

കോണ്‍ഗ്രസ് പ്രസ്ഥാനം സ്ത്രീകളോട് കാണിക്കുന്ന അവഗണനയും വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള മൃദു നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും ബത്തേരി മുന്‍ എംഎല്‍എയുമാണ് കെസി റോസക്കുട്ടി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിന് റോസക്കുട്ടി ഐക്യധാര്‍ഡ്യവും പ്രഖ്യാപിച്ചു.

ഒരു മതനിരപേക്ഷ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഈ രാജ്യത്തിന്റെ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നതിനും കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്റെ ഏറ്റവും വലിയൊരു സുഹൃത്താണ് ലതികാ സുഭാഷ്. ഒരു സീറ്റിന് അര്‍ഹതപ്പെട്ട വ്യക്തിയാണ് ലതികാ സുഭാഷ്. കഴിഞ്ഞ 23 ദിവസക്കാലവും ഐശ്യര്യകേരളയാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം പ്രവര്‍ത്തിച്ച വനിത, ആ വനിത സീറ്റ് ലഭിക്കാത്തപ്പോള്‍ നടത്തിയ പ്രതിഷേധത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച പ്രതികരണം മാനസികമായി വളരെ വിഷമിപ്പിച്ചെന്നും റോസക്കുട്ടി പറഞ്ഞു.

ഒരു സ്ത്രീ അവരുടെ മുടി മുറിക്കണമെങ്കില്‍ എത്രമാത്രം മാനസിക വിഷമം അവര്‍ അനുഭവിക്കും എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു നേതൃത്വമാണ് കോണ്‍ഗ്രസ് എന്ന് റോസക്കുട്ടി ടീച്ചര്‍ ആരോപിച്ചു. പാര്‍ട്ടിയിലെ ഏക ജില്ലാ പ്രസിഡന്റ് ആയിട്ടുള്ള ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ജില്ലയില്‍ സീറ്റ് ലഭിക്കാന്‍ മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരയേണ്ടി വന്നെന്നും റോസക്കുട്ടി ടീച്ചര്‍ ചൂണ്ടിക്കാട്ടി.

വയനാട് ജില്ലയില്‍ ഹൈക്കമാന്‍ഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നതായും റോസക്കുട്ടി പറഞ്ഞു. വയനാട്ടില്‍ നിന്നുള്ള ആളുകളെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അംഗീകരിച്ചില്ലെന്നാണ് ആരോപണം. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരുവിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും കെസി റോസക്കുട്ടി ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more