1 GBP = 103.14

റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിന് തീയിട്ടതുതന്നെ; വഴിയാധാരമായത് 12,000ത്തോളം പേർ

റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിന് തീയിട്ടതുതന്നെ; വഴിയാധാരമായത് 12,000ത്തോളം പേർ

ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറിൽ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിന് തീപിടിച്ചത് അട്ടിമറിയാണെന്ന് അന്വേഷണ സമിതി. ഒരേ സമയത്ത് അഞ്ചു സ്ഥലത്തുനിന്ന് തീ പടർന്നെന്ന് ഏഴംഗ അന്വേഷണ സമിതി മേധാവിയായ ജില്ല ഭരണകൂടത്തിന്റെ പ്രതിനിധി അബൂസുഫിയാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. 

തീപിടിത്തമുണ്ടാകുന്നതിന് തലേദിവസം സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച സംഘത്തെ കണ്ടെത്താൻ കൂടുതൽ വിശദമായ ഉന്നതതല അന്വേഷണം വേണമെന്ന് സമിതി ശിപാർശ ചെയ്തു. ക്യാമ്പിലെ ഓരോ ബ്ലോക്കിലും അഗ്നിശമന വാഹനവും ജലസംഭരണിയും വേണമെന്നും പെട്ടെന്ന് തീപിടിക്കാത്ത വസ്തുക്കൾകൊണ്ട് തമ്പ് നിർമിക്കണമെന്നും സമിതി ശിപാർശ ചെയ്തു. 

150ഓളം സാക്ഷികളിൽനിന്ന് മൊഴിയെടുത്താണ് റിപ്പോർട്ട് തയാറാക്കിയത്. ഈമാസം നാലിനുണ്ടായ തീപിടിത്തത്തിൽ മുളകൊണ്ട് നിർമിച്ച 2000ത്തിലേറെ വീടുകളാണ് കത്തിനശിച്ചത്. 12,000ത്തോളം അഭയാർഥികളാണ് വഴിയാധാരമായത്. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് കോക്സ് ബസാറിലേത് എന്നാണ് കരുതുന്നത്. 

മ്യാന്മറിൽനിന്ന് പീഡനം സഹിക്കാതെ അഭയംതേടിയെത്തിയ റോഹിങ്ക്യകളാണ് ഇവിടെ കഴിയുന്നത്. മുളയും ടാർപായയുംകൊണ്ട് കെട്ടിയ താൽക്കാലിക കെട്ടിടങ്ങൾ എളുപ്പം തീപടരുന്നതായിരുന്നു. 35 മസ്ജിദുകളും 21 പഠനകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. 10 ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളിൽ കഴിയുന്നത്. 

ഇവിടത്തെ ക്യാമ്പുകളിൽ തീപിടിത്തം ആദ്യസംഭവമല്ല. 2021, 2022 വർഷങ്ങളിലായി 222 തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 60 എണ്ണം തീവെച്ചതായിരുന്നുവെന്ന് ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞമാസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2021 മാർച്ചിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിക്കുകയും 50,000 പേർ വഴിയാധാരമാകുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more