1 GBP = 103.02
breaking news

സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ സ്ത്രീകള്‍ സിനിമയില്‍ തഴയപ്പെടരുതെന്ന് രേവതി

സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ സ്ത്രീകള്‍ സിനിമയില്‍ തഴയപ്പെടരുതെന്ന് രേവതി

കോഴിക്കോട്:സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ സ്ത്രീകള്‍ തഴയപ്പെടുന്ന ഇടമാകരുത് മലയാള സിനിമയെന്ന് നടി രേവതി. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊണ്ടു വരേണ്ടത് സംവിധായകരും തിരക്കഥാകൃത്തുക്കളുമാണ്. അവര്‍ വിചാരിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സിനിമയില്‍ അവരര്‍ഹിക്കുന്ന റോള്‍ ലഭിക്കുകയുള്ളുവെന്നും നമുക്ക് വേണ്ടത് കഴിവുള്ള നല്ല പെണ്‍ തിരക്കഥാകൃത്തുക്കളാണെന്നും രേവതി പറഞ്ഞു.

അരവിന്ദന്‍, പത്മരാജന്‍, ഐ.വി ശശി തുടങ്ങിയവരെപ്പോലെ ഒരുപാട് നല്ല സംവിധായകര്‍ നമുക്കുണ്ടായിരുന്നുവെന്നും ഇന്ന് സ്ത്രീകള്‍ക്ക് അവരര്‍ഹിക്കുന്ന റോള്‍ ലഭിക്കുന്നില്ലെന്നും രേവതി പറഞ്ഞു. അന്‍പത് വയസ്സുള്ള നായകന്മാര്‍ക്ക് വരെ കൂടെ അഭിനയിക്കാന്‍ ചെറുപ്പക്കാരികളായ നായികമാര്‍ മതി. അതുകൊണ്ടാണ് തന്നെപ്പോലുള്ളവര്‍ സ്ഥിരം ഡോക്ടര്‍, വക്കീല്‍ വേഷങ്ങള്‍ ചെയ്യേണ്ടി വരുന്നത്. മടുപ്പു തോന്നിയത് കൊണ്ടാണ് ഇത്തരം വേഷങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘സിനിമയിലെ മാറുന്ന പെണ്‍കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തില്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനം സിനിമയിലും പ്രതിഫലിക്കുമെന്ന് നടി പത്മപ്രിയയും അഭിപ്രായപ്പെട്ടു.

മലയാള സിനിമയില്‍ കാര്യങ്ങളൊക്കെയും തീരുമാനിക്കുന്നത് പുരുഷന്മാരാണെന്നും പ്രധാനപ്പെട്ട മേഖലയിലൊന്നുംതന്നെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലെന്ന് തിരക്കഥാകൃത്ത് ദീദീ ദാമോദരന്‍ അഭിപ്രായപ്പെട്ടു. എഡിറ്ററായി ജോലി തുടങ്ങിയ കാലത്തേ നിരവധി സംവിധായകര്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരൊക്കെയും ഇന്ന് പ്രശസ്ത സംവിധായകരാണ്. അതുകൊണ്ട് പ്രത്യേകം പേരെടുത്തു പറയുന്നില്ലെന്നും എഡിറ്റര്‍ ബീനാ പോള്‍ പറഞ്ഞു.

വിദേശത്തും ഇന്ത്യയിലെ മറ്റു ഭാഷയിചെ ചിത്രങ്ങളിലൊക്കെയും ടെക്നിക്കല്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് വളരെയധികം പ്രാതിനിധ്യമുണ്ട്. സൗണ്ട് റെക്കോര്‍ഡിങ്ങിലൊക്കെ പേരെടുത്ത നിരവധി മലയാളി സ്ത്രീകള്‍ മുംബൈയിലൊക്കെ ജോലി ചെയ്യുന്നുണ്ട്. ഇവിടേക്ക് മടങ്ങിവരാനേ അവര്‍ക്ക് താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞു.

ഫെമിനിച്ചി എന്ന പദം സ്ത്രീകളെ അധിക്ഷേപിക്കാനായി സ്ത്രീകള്‍ തന്നെ ഏറ്റെടുക്കുന്ന പ്രവണതയാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും സാഹിത്യകാരി സി.എസ് ചന്ദ്രിക അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more