1 GBP = 104.08

രഞ്ജിത്ത് കുമാറിന് കേംബ്രിഡ്ജിൽ പ്രൗഢോജ്വലമായ യാത്ര അയപ്പ് 

രഞ്ജിത്ത് കുമാറിന് കേംബ്രിഡ്ജിൽ പ്രൗഢോജ്വലമായ യാത്ര അയപ്പ് 
ബാലസജീവ് കുമാർ
കേംബ്രിഡ്ജ്: കണ്ണീർ കഥകൾക്കോ , വികാരപ്രകടനങ്ങൾക്കോ,സ്ഥാനമില്ലാത്തത് ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച കേംബ്രിഡ്ജ് ആദം ബ്രുക് ഹോസ്പിറ്റലിൽ വച്ച് മരണം വരിച്ച യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് രഞ്ജിത്കുമാറിന്റെ ജീവിതം. അത് കൊണ്ട് തന്നെ അദ്ദേഹം അറിയിച്ചിരുന്ന ആഗ്രഹപ്രകാരം കേംബ്രിഡ്ജിലെ ആർബറി ഹാൾ സെന്ററിൽ സഹപ്രവർത്തവർക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പൊതു ദർശനം  ഒരുക്കുകയും, ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അടങ്ങുന്നവരുടെ ഒരു വൻ നിര തന്നേ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു. ബാഷ്പാഞ്ജലികൾക്ക് പകരം പുഷ്പ്പാഞ്ജലിയും പ്രാർത്ഥനാ മന്ത്രങ്ങൾക്ക് പകരം മൗനാചരണവും അദ്ദേഹത്തിന്റെ ധീര ജീവിതം ആഘോഷിക്കുന്നതിന് അരങ്ങൊരുക്കി.
ആർബറി ഹാളിൽ കൃത്യം 12 മണിക്ക് തന്നെ രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരം വെയ്മൻ ഫ്യൂണറൽ ഡയറക്ടേഴ്‌സ് എത്തിക്കുകയും യുക്മ ഭാരവാഹികളും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികളും രഞ്ജിത്ത് കുമാറിന്റെ കുടുംബാംഗങ്ങളും  കേംബ്രിഡ്‌ജിലെ ഹിന്ദു സമാജവും സുഹൃത്തുക്കളും ചേർന്ന് ആദരവോടെ സ്വീകരിക്കുകയും ചെയ്തു. പ്രത്യേകം  സജ്ജമാക്കിയ ഇടത്ത് പൊതു ദർശനത്തിനായുള്ള ക്രമീകരണങ്ങൾ ചെയ്തു. കുടുംബാംഗങ്ങളുടെയും  ബന്ധുക്കളുടെയും വികാര നിർഭരമായ ഉപചാരങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സുഹൃത്തുക്കളെ അല്പനേരത്തേക്ക് കണ്ണീരിലാഴ്ത്തി. തുടർന്ന് യുക്മയുടെ അഭിമാനമായ രഞ്ജിത്ത് കുമാറിനെ യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ ചേർന്ന് യുക്മയുടെ പതാക പുതപ്പിച്ച് ആദരിവ് പ്രകടിപ്പിച്ചു..
ഔദ്യോഗിക ജീവിതത്തിലും സംഘടനാ സാമൂഹിക പ്രവർത്തന രംഗത്തും സൗഹൃദങ്ങളിലും ആയി ഒരുപാട് ബന്ധങ്ങൾ ഉണ്ടായിരുന്ന രഞ്ജിത്ത് കുമാറിനെ ഒരു നോക്ക് കാണുവാനും പുഷ്പാഞ്ജലികൾ അർപ്പിക്കുവാനും അനേകം പേർ 12 മണിക്ക് മുൻപ് തന്നെ സന്നിഹിതരായിരുന്നു. പ്രവർത്തി ദിവസമായിരിന്നിട്ടുകൂടി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിനാൾക്കാർ  ആണ്  എത്തി ചേർന്നത്. യുക്മയുടെ വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചും ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ചും യുക്മയുടെ വിവിധ പോഷക സംഘടനകളെ പ്രതിനിധികരിച്ചും കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധികരിച്ചും പുഷ്പ ചക്രങ്ങളും പൂച്ചെണ്ടുകളും ഉപചാരങ്ങളും അർപ്പിക്കപ്പെട്ടു. ജാതി മത ഭേദമെന്യേ നിരവധി ആളുകൾ പങ്കെടുത്ത പൊതു ദർശനത്തിൽ പീറ്റർബ്രോയിൽ നിന്നുമെത്തിയ വൈദികൻ സിജു വർഗീസിന്റെ സാനിദ്ധ്യം ശ്രദ്ധേയമായി. സന്ദർശകരുടെ തിരക്ക് നീണ്ടു പോകുന്നുണ്ടായിരുന്നു എങ്കിലും മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരം മൂന്നുമണിയോടെ പൊതു ദർശന പരിപാടികൾ ഫ്യൂണറൽ ഡയറക്ടേഴ്‌സിന്റെ ആവശ്യപ്രകാരം  അവസാനിപ്പിക്കേണ്ടി വന്നു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മറ്റിയും കേംബ്രിഡ്ജ് മലയാളി അസോസിയേഷനും  സന്ദർശകരെ  സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും പ്രേത്യേകം ശ്രദ്ധാലുക്കൾ ആയിരുന്നു.എത്തിച്ചേർന്ന എല്ലാവർക്കും മൂന്നിടങ്ങളിൽ ആയാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയത്. സന്ദർശകർക്ക് ചായയും ലഘു ഭക്ഷണവും ഒരുക്കുന്നതിലും ധീരനായ തങ്ങളുടെ നേതാവിന് പ്രൗഢോജ്വലമായ ഒരു യാത്ര അയപ്പ് നൽകുന്നതിലും സന്തഃപ്തരായ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്നതും  അവർ ഒരു കടമ ആയി സ്വീകരിച്ചു.
രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരവും കുടുംബങ്ങളും ശനിയാഴ്ച്ച സ്വദേശമായ കൂത്താട്ടുകുളത്തേക്ക് തിരിക്കും. യുക്മ പ്രതിനിധിയായി നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിരുമാറാടിയിൽ ഉള്ള അദ്ദേഹത്തിന്റെ കുടുംബ വളപ്പിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ച് സംസ്കാര കർമം നടക്കുന്നതാണ്. യുക്മയ്ക്കു വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ,മുൻ പ്രസിഡന്റ് വിജി കെ.പി, മുൻ നാഷണൽ സെക്രട്ടറി അബ്രഹാം ലൂക്കോസ് എന്നിവർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും. യുക്മയുടെ ഈ ധീര യോദ്ധാവിനു അന്ത്യാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്ന എല്ലാവർക്കും കുടുംബാംഗങ്ങളുടെയും  കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെയും യുക്മയുടെയും നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more