1 GBP = 103.73
breaking news

രഞ്ജിത്ത് ചേട്ടന് സ്മരണാഞ്ജലി

രഞ്ജിത്ത് ചേട്ടന് സ്മരണാഞ്ജലി
യുക്മയുടെ സ്വന്തം രഞ്ജിത്ത് ചേട്ടൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് ഒരുവർഷം തികയുന്നു. രഞ്ജിത്ത് ചേട്ടൻ യുക്മക്ക് ആരായിരുന്നു എന്ന് ചിന്തിക്കുന്നതിനേക്കാൾ, രഞ്ജിത്ത് ചേട്ടൻ യുക്മക്ക് എന്തൊക്കെ അല്ലായിരുന്നു എന്ന് ചിന്തിക്കുന്നതാകും കൂടുതൽ എളുപ്പം.
യുക്മയുടെ ആരംഭകാലം മുതൽ കേംബ്രിഡ്ജ് അസോസിയേഷനിൽ നിന്നും ഈസ്റ്റ് ആംഗ്ലിയ റീജിണന്റെയും, അവിടുന്ന് ദേശീയ യുക്മയുടെയും ഹൃദയം കവർന്ന വ്യക്തിത്വമായിരുന്നു രഞ്ജിത്ത് ചേട്ടൻ. അടുത്തിടപഴകിയവരിൽ ഹൃദ്യമായ സൗഹൃദം വളർത്താൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്, സ്വന്തം നിലപാടുകൾ ശക്തമായി അവതരിപ്പിക്കുവാൻ ആ സൗഹൃദങ്ങൾ തടസമായിരുന്നില്ല.
സ്തുതിപാഠകരും ഇരട്ട മുഖക്കാരും അരങ്ങുതകർക്കുന്നതിനിടയിൽ, അതിന്റെ അർത്ഥമില്ലായ്മ കൃത്യമായി മനസിലാക്കി, തലയെടുപ്പോടെ നിന്ന രഞ്ജിത്തചേട്ടൻ യുക്മ  ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. റീജിയണിൽ നിന്നുള്ള നാഷണൽ കമ്മറ്റി അംഗമായും റീജിയണൽ പ്രസിഡന്റായും പ്രശംസനീയമായി പ്രവർത്തിച്ച രഞ്ജിത്ത് ചേട്ടൻ, തുടർച്ചയായ രണ്ടാം തവണയും എതിരില്ലാതെ ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രം.
ഒരു ദശാബ്ദത്തോളം മാരകമായ രോഗത്തോട് പോരടിച്ചാണ് യു കെ മലയാളികളുടെ ദേശീയ സംഘടനയുടെ ശക്തനായ വക്താവായി രഞ്ജിത്ത് ചേട്ടൻ വ്യക്തിമുദ്ര പതിപ്പിച്ചതെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ആത്മ വീര്യം നാം തിരിച്ചറിയുക. 2015 ൽ ആദ്യ തവണ റീജിയണൽ പ്രസിഡന്റായിരിക്കുമ്പോൾ മരണം സംഭവിക്കുവാൻ ഏതാനും ദിനങ്ങൾ മാത്രം എന്ന് ഡോക്ടർമാർ വിധി എഴുതിയിടത്തുനിന്ന് ഒരു പോരാളിയെപ്പോലെ ജീവിതത്തിലേക്ക് തിരിച്ചു നടന്ന രഞ്ജിത്ത് ചേട്ടൻ 2015 ലെ ഹണ്ടിങ്ങ്ടൺ ദേശീയ കലാമേളയുടെ വേദിയിലേക്കെത്തിയ ആവേശോജ്വലമായ നിമിഷങ്ങൾ വികാരഭരിതമായി മാത്രമേ ഓർക്കാൻ കഴിയൂ.
രഞ്ജിത്ത് ചേട്ടനോടുള്ള ബഹുമാനാർത്ഥം യുക്മ ദേശീയ കലാമേളയിൽ നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി അതിവിശിഷ്ട്ട പ്രകടനം കാഴ്ചവെക്കുന്ന മത്സരാർത്ഥിക്ക് സമ്മാനിക്കുന്ന “നാട്യമയൂരം”  അവാർഡ്, 2018 ദേശീയ കലാമേള മുതൽ “രഞ്ജിത്ത് കുമാർ എവർറോളിങ്ങ് ട്രോഫി” എന്നാകും അറിയപ്പെടുക.
യുക്മയുടെ റീജിയണൽ – ദേശീയ തെരഞ്ഞെടുപ്പുകളിൽ എന്നും തന്റേതായ നിലപാടുകൾ ഉണ്ടായിരുന്ന രഞ്ജിത്ത് ചേട്ടൻ കാലയവനികക്കുള്ളിൽ മറഞ്ഞശേഷം നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ച മാത്രമേ ആകുന്നുള്ളൂ. രഞ്ജിത്ത് ചേട്ടൻ ഹൃദയത്തോട് ചേർത്തുപിടിച്ച സൗഹൃദത്തിനുടമകളായ വ്യക്തികൾ നേതൃത്വം നൽകുന്ന യുക്മയുടെ പുത്തൻ ദേശീയ നേതൃത്വത്തിന്  അദ്ദേഹത്തിന്റെ സ്മരണകൾ കരുത്താകുമെന്നതിൽ സംശയമില്ല. ഞങ്ങളുടെയെല്ലാം ഹൃദയങ്ങൾ കീഴടക്കിയ, ഈസ്റ്റ് ആംഗ്ലിയായുടെ എക്കാലത്തെയും ജനകീയ നേതാവിന് യുക്മയുടെ സ്നേഹ പ്രണാമം അർപ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more