1 GBP = 103.12

ആര്‍.ബി.എെയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷം; റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

ആര്‍.ബി.എെയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷം; റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

ആര്‍.ബി.എെയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേലും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയതായി സൂചന. വായ്പ നല്‍കുന്നതിന് പൊതുമേഖല ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ ഇളവ് നല്‍കുക, കരുതല്‍ ധനം കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചെന്നാണ് വിവരം.

നവംബര്‍ ഒമ്പതിനാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. ആര്‍.ബി.ഐ – സര്‍ക്കാര്‍ ഭിന്നത തുറന്നപോരായി മാറിയ ആഴ്ച തന്നെയാണ് ഈ കൂടിക്കാഴ്ച. ഭിന്നത പരിഹരിക്കാനുള്ള പോംവഴികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സര്‍ക്കാര്‍ ആവശ്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും ആര്‍.ബി.ഐ ഗവര്‍ണര്‍ അനുകൂല നിലപാടെടുത്തോ എന്ന് വ്യക്തമല്ല.

നിര്‍ണായകമായ നവംബര്‍ 19ലെ ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡ് യോഗമാകും ആവശ്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക. വായ്പാ തട്ടിപ്പുകള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് വായ്പ വിതരണം ഉള്‍പ്പെടെ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.ബി.ഐ കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നത്.

വ്യവസ്ഥകള്‍ ഇളവ് ചെയ്യാനും പലിശ കുറക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ആര്‍.ബി.ഐ വഴങ്ങിയിരുന്നില്ല. പിന്നാലെയാണ് റിസര്‍വ് ബാങ്കിന്‍റെ 9.59 ലക്ഷം കോടി കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനം കുറക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിനുണ്ട്. ആര്‍.ബി.ഐക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ആര്‍.ബി.ഐ ആക്ടിന്‍റെ സെക്ഷന്‍ 7 പ്രയോജനപ്പെടുത്തിയായിരുന്നു ഇടപെടല്‍. തര്‍ക്കത്തെത്തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗവര്‍ണര്‍ ‍- പ്രധാനമന്ത്രി കൂടിക്കാഴ്ച.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more