1 GBP = 103.02
breaking news

നോട്ട് റദ്ദാക്കല്‍: പ്രതിച്ഛായ നഷടപ്പെടുത്തിയെന്ന് റിസര്‍വ് ബാങ്ക് ജീവനക്കാര്‍

നോട്ട് റദ്ദാക്കല്‍: പ്രതിച്ഛായ നഷടപ്പെടുത്തിയെന്ന്  റിസര്‍വ് ബാങ്ക് ജീവനക്കാര്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയ സംഭവത്തിന് ശേഷമുണ്ടായ നടപടികള്‍ അപമാനകരമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ജീവനക്കാരുടെ കത്ത്. നോട്ടുനിരോധനത്തിന് ശേഷമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ പിടിപ്പുകേടിനെതിരെയും റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തിന് മേല്‍ കൈകടത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചതിനെയും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നോട്ടു നിരോധനത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടുകൊണ്ട് ആര്‍.ബി.ഐയടെ പ്രതിച്ഛായ മോശമായി. മാത്രമല്ല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കുകവഴി റിസര്‍വ് ബാങ്കിന്റെ പ്രതിച്ഛായയും സ്വയംഭരണവും നഷ്ടമായെന്നും കത്തില്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

വിവേക പൂര്‍ണമായ തീരുമാനങ്ങളും ജീവനക്കാരുടെ നിസ്വാര്‍ഥമായ സേവനവും കൊണ്ട് പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍.ബി.ഐ ഒരു പ്രതിച്ഛായ ഉണ്ടാക്കിയെടുത്തിരുന്നു. ആര്‍.ബി.ഐ ഉണ്ടാക്കിയെടുത്ത ഈ പ്രതിച്ഛായ നഷ്ടമായെന്നും ഇതില്‍ ദുഖമുണ്ടെന്നും യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് ആന്റ് എംപ്ലോയിസ് അയച്ച കത്തില്‍ പറയുന്നു. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇടപെടണമെന്നും ജീവനക്കാര്‍ സഹിക്കുന്ന അപമാനം നീക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. റിസര്‍ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ധനകാര്യ മന്ത്രാലയം ഇടപെടേണ്ട ആവശ്യമില്ല. ഇത്തരം ഇടപെടലുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും കത്തില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more