1 GBP = 103.81

രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ്; ഗുജറാത്തിലും പഞ്ചാബിലും പരിഗണിക്കുന്നു

രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ്; ഗുജറാത്തിലും പഞ്ചാബിലും പരിഗണിക്കുന്നു

രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനസംഘടന വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 56 അംഗ കെപിസിസി സമിതിക്കുപിന്നാലെ എഴുപതിലധികം സെക്രട്ടറിമാരെയും നിയമിക്കും.

ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. പുനസംഘടനാ നടപടികള്‍ വൈകുകയും അടുത്ത സെപ്തംബറിനുശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് മതിയെന്നുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

നിലവിലെ കോണ്‍ഗ്രസ് നേതാക്കളില്‍ 23 സംസ്ഥാനങ്ങളുടെ ചുമതല പല ഘട്ടങ്ങളിലായി വഹിച്ച നേതാവാണ് രമേശ് ചെന്നിത്തല. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ചെന്നിത്തലയുടെ സേവനം ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് സംസ്ഥാനങ്ങളിലാണ് ചെന്നിത്തലയുടെ പേര് പരിഗണിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും.

നിലവില്‍ ജംബോ പട്ടിക എന്ന പേര് ഒഴിവാക്കാനായി സെക്രട്ടറിമാരെ എക്‌സിക്ക്യുട്ടിവിന്റെ ഭാഗമായി നിയമിക്കുന്നതില്‍ നിന്നൊഴിവാക്കിയിരുന്നെങ്കിലും കെപിസിസി സെക്രട്ടറിമാരെ നിയമിക്കാനുള്ള നടപടികള്‍ പുരോഗിക്കുകയാണ്. രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഒരു സെക്രട്ടറി എന്ന രീതിയിലാണ് ഇപ്പോള്‍ പരിണിക്കുന്നത്. പുനസംഘടനാ ഘട്ടത്തില്‍ അസംതൃപ്തരായിട്ടുള്ള നേതാക്കളെ ഈ സ്ഥാനങ്ങളിലേക്ക് നിയമിച്ച് അനുനയ നീക്കം നടത്താനാണ് ലക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more