1 GBP = 103.12

രാജേഷ് വധം: പ്രതികളെ മടവൂരിലെത്തിച്ച് തെളിവെടുത്തു: അക്രമാസക്തരായി ജനക്കൂട്ടം

രാജേഷ് വധം: പ്രതികളെ മടവൂരിലെത്തിച്ച് തെളിവെടുത്തു: അക്രമാസക്തരായി ജനക്കൂട്ടം

കിളിമാനൂർ: മുൻ റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ അക്രമാസക്തരായ ജനക്കൂട്ടം പ്രതികളെ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ട് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.

രാജേഷ് വധക്കേസിൽ നേരിട്ട് ബന്ധമുള്ള രണ്ടാംപ്രതി അലിഭായി എന്ന മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി, നാലാംപ്രതി തൻസീർ എന്നിവരെയാണ് ബുധനാഴ്ച രാവിലെ 11-.20 ഓടെ മടവൂരിലെത്തിച്ചത്. കൊലപാതകം നടന്ന രാജേഷി​​െൻറ മടവൂരിലെ റെക്കോഡിങ് സ്​റ്റുഡിയോയിലെത്തിച്ച പ്രതികളെ, സ്ഥാപനത്തിന് പുറത്തും അകത്തുമായി അര മണിക്കൂറോളം തെളിവെടുത്തു.

സംഭവ ദിവസം വാഹനത്തിൽ വന്നിറങ്ങിയതു മുതൽ രാജേഷിനെ വെട്ടിപ്പരിക്കേൽപിക്കുന്നതുവരെയുള്ള കാര്യങ്ങൾ അന്വേഷണസംഘം പ്രതികളിൽനിന്ന് ചോദിച്ചറിഞ്ഞു. അതേ സമയം, പ്രതികളുമായെത്തിയ പൊലീസ് സംഘം രാജേഷി​​െൻറ റെക്കോഡിങ് സ്​റ്റുഡിയോയുടെ താക്കോൽ എടുക്കാൻ മറന്നുപോയത് തെളിവെടുപ്പിനെ ബാധിച്ചു. പ്രതികളെ കടക്ക് മുന്നിലെത്തിച്ചപ്പോഴാണ് താക്കോൽ എടുത്തി​െല്ലന്ന്​ ഓർത്തത്. തുടർന്ന്, പൊലീസുകാരെ പള്ളിക്കൽ സ്​റ്റേഷനിൽ വിട്ട് താക്കോൽ എടുപ്പിക്കുകയായിരുന്നു.

അലിഭായിയെയും തൻസീറിനെയും ഒരുമിച്ചും അപ്പുണ്ണിയെ മാത്രമായും നേരത്തേ മടവൂരിലെത്തിച്ച് തെളിവെടുത്തിരുന്നു. അന്ന് തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കാത്തതിനാൽ പ്രതികളെ മുഖം മറച്ചാണ് സ്ഥലത്തെത്തിച്ചിരുന്നത്. പ്രതികളെ മുഖം മറക്കാതെയാണ് കൊണ്ടുവരുന്നതെന്നറിഞ്ഞ് വൻ ജനക്കൂട്ടമാണ് രാവിലെ 10.30ഒാടെ സംഭവസ്ഥലത്തെത്തിയത്. തെളിവെടുപ്പ് കഴിഞ്ഞ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കവേ പൊലീസിനെ തള്ളിമാറ്റി പ്രതികളെ ആക്രമിക്കാൻ ചിലർ ശ്രമിച്ചു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച പ്രതികളിൽ, പൊലീസ് കസ്​റ്റഡി അവസാനിച്ച അലിഭായിയെയും തൻസീറിനെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടച്ചു. അപ്പുണ്ണി ഇപ്പോഴും പൊലീസ് കസ്​റ്റഡിയിലാണ്. കൊലപാതകത്തിനുശേഷം, അപ്പുണ്ണി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. വ്യാഴാഴ്​ച അപ്പുണ്ണിയെ ബംഗളൂരുവിലെത്തിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ, കിളിമാനൂർ സി.ഐ വി.എസ്. പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more