1 GBP = 104.18

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ്: മൂന്നു സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന് വിജയം, സിറ്റിങ് സീറ്റുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ്: മൂന്നു സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന് വിജയം, സിറ്റിങ് സീറ്റുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

ജയ്പൂര്‍: രാജസ്ഥാന്‍ ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. അജ്മീര്‍, ആള്‍വാര്‍ സീറ്റുകളിലും, മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേയ്ക്കുമാണ് മികച്ച ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളും.

അജ്മീറില്‍ 527262 വോട്ടുകള്‍ നേടിയ രഘുശര്‍മ്മ 80455 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ആള്‍വാറില്‍ 194905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡോ. കരണ്‍ സിങ് യാദവ് വിജയിച്ചത്. മണ്ഡല്‍ഗഡില്‍ വിവേക് ധാകര്‍ 12976 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രാജസ്ഥാനിലെ ജനങ്ങള്‍ ബിജെപിയെ ഉപേക്ഷിക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

വോട്ടെണ്ണല്‍ നടക്കുന്നതിനിടെ മണ്ഡല്‍ഗഡില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്തത്. അജ്മീര്‍ എംപിയായിരുന്ന സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എംപി ചന്ദ്‌നാഥ്, മണ്ഡല്‍ഗര്‍ എംഎല്‍എ കീര്‍ത്തി കുമാരി എന്നിവരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 39 ലക്ഷം പേര്‍ സമ്മതിദാനം നിര്‍വ്വഹിച്ച മൂന്ന് മണ്ഡലങ്ങളിലുമായി 42 പേരാണ് ജനവിധി തേടുന്നത്.

സിറ്റിംഗ് സീറ്റുകള്‍ നില നിര്‍ത്താനുള്ള ബിജെപിക്ക് കനത്ത തിരിച്ചടിയാണ് രാജസ്ഥാനില്‍ നേരിടേണ്ടി വന്നത്.സീറ്റ് തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ഉന്നം ഫലം കൈവരിക്കുകയായിരുന്നു. അജ്മീരില്‍ മൊത്തം 23 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ ആള്‍വാരില്‍ 11 പേരും മണ്ഡല്‍ഗറില്‍ എട്ടു പേരുമാണ് ജനസമ്മതി തേടിയത്. അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഉലുബേരിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. 63,000 വോട്ടുകളുടെ ലീഡിലാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ സുനില്‍ സിങ് വിജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തും, സിപിഎം മൂന്നാം സ്ഥാനത്തും എത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more