1 GBP = 103.12

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനികാന്ത്,പ്രഖ്യാപനം ജൂലായില്‍

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനികാന്ത്,പ്രഖ്യാപനം ജൂലായില്‍

ബംഗളൂരു : തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്നും ജൂലായില്‍ പ്രഖ്യാപനമുണ്ടാകുമെന്നും സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്കവാദ് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയുമായും കൈകോര്‍ക്കാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും സത്യനാരായണ റാവു പറഞ്ഞു. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ സഹോദരന്‍ രംഗത്തെത്തിയത്. രജനികാന്ത് രാഷ്ട്രീയത്തില്‍ വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അദ്ദേഹം രാഷ്ട്രീയത്തില്‍ വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആരാധകരുമായും അഭ്യുദയകാംക്ഷികളുമായും ആദ്യഘട്ട കൂടിക്കാഴ്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് മുന്‍പ് പരമാവധി ആരാധകരെ നേരില്‍ കാണാനാണ് താരം ശ്രമിക്കുന്നത്. ഇതുവരെയുള്ള പ്രതികരണം പോസിറ്റീവ് ആണെന്നതിനാല്‍, ഉടന്‍തന്നെ തമിഴ്‌നാട് രാഷ്ട്രീയം പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കുമെന്ന് കരുതാം. രാഷ്ട്രീയരംഗം ശുദ്ധീകരിക്കുക എന്നതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വന്‍ തുകകളാണ് വകയിരുത്തുന്നത്. ഇതുപക്ഷേ ദരിദ്രരായ ജനങ്ങളിലേക്ക് എത്തുന്നില്ല. ക്ഷേമപദ്ധതികളാകട്ടെ അര്‍ഹതപ്പെട്ടവരിലേക്കും എത്തുന്നില്ലെന്നും സത്യനാരായണ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വരുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിന്റെ സൂചനകള്‍ താരം പലകുറി നല്‍കിയിരുന്നു. അടുത്തിടെ ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ യുദ്ധസജ്ജരാകാനാണ് രജനികാന്ത് പറഞ്ഞത്. താരത്തെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പാര്‍ട്ടികള്‍ കച്ച മുറുക്കുന്നതിനിടെ മോദിരജനികാന്ത് കൂടിക്കാഴ്ചയെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more