1 GBP = 103.12

രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി

രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി

ന്യൂഡൽഹി: സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 

അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി. 

കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ എത്തിയിരുന്നു. കൂടാതെ, കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കി കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷ ഇന്നലെ വിധിച്ചത്. ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. മേൽകോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. 

2019 ഏപ്രിൽ 13ന് കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി; എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. തുടർന്നാണ് മോദി സമുദായത്തെ അവഹേളിച്ചെന്ന് കാട്ടി പൂർണേഷ് മോദി പരാതി നൽകിയത്. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് എടുത്തു. പരമാവധി രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. 

അതേസമയം, ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more