1 GBP = 103.73
breaking news

കോൺഗ്രസിലെ മതിൽക്കെട്ടുകൾ പൊളിക്കും : രാഹുൽ ഗാന്ധി

കോൺഗ്രസിലെ മതിൽക്കെട്ടുകൾ പൊളിക്കും : രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസിൽ സാധാരണക്കാരെയും യുവാക്കളെയും അകറ്റി നിറുത്തുന്ന മതിൽക്കെട്ടുകൾ പൊളിക്കുമെന്ന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത രാഹുൽ ഗാന്ധി വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിലെ അതിർവരമ്പുകൾ പൊളിക്കലാണ് ആദ്യ ജോലി. തുടർന്ന്, യുവാക്കളെ പാർട്ടിയിൽ നിന്നകറ്റുന്ന രാഷ്‌ട്രീയ മതിലും . പാരച്യൂട്ടിൽ വരുന്നവരും പണക്കാരും അദ്ധ്വാനിക്കുന്ന പ്രവർത്തകരെ മറി കടക്കുന്ന പതിവ് ഇനിയുണ്ടാവില്ല. പാർട്ടിയെ സ്‌നേഹിക്കുന്നവർക്ക് ടിക്കറ്റ് ലഭിക്കും. ഒരു പാർട്ടി നേതൃത്വവും സമ്മേളന വേദിയിൽ ഇരിപ്പിടം ഒഴിവാക്കാറില്ല. കോൺഗ്രസ് പ്ളീനറി സമ്മേളനത്തിൽ വേദി ഒഴിച്ചിട്ടത് കഴിവുള്ള യുവാക്കളെ ഇരുത്താനാണ്. ഇന്ത്യയെ മാറ്റാൻ യുവാക്കളുടെ ശക്തി വേണം. കഴിവും കഠിനാദ്ധ്വാനവും ആത്‌മാർത്ഥയുമുള്ളവർക്ക് കടന്നു വരാം. മുതിർന്ന നേതാക്കളുടെ ആശീർവാദത്തോടെയായിരിക്കുമത്. കഴിഞ്ഞ 15 വർഷത്തെ രാഷ്‌‌ട്രീയ ജീവിതത്തിൽ തെറ്റുകളും തിരിച്ചടികളുമുണ്ടായി. വേദനകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടു. ജനങ്ങളുടെ പ്രതീക്ഷ പൂർണമായി നിറവേറ്റാൻ യു.പി.എ സർക്കാരിന് കഴിഞ്ഞില്ല.

ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ , പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സീ പ്ളെയിനിൽ പറക്കേണ്ടി വന്നു. അടുത്ത ഘട്ടത്തിൽ അദ്ദേഹത്തിന് അന്തർവാഹിനിയിൽ മുങ്ങേണ്ടി വരും. ഇപ്പോൾ തന്നെ മോദിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.
ഏറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ യുവാക്കളെ കാണാതെയാണ് നീരവ് മോദിയെയും ലളിത് മോദിയെയും കയറ്റി നരേന്ദ്ര മോദി പാഞ്ഞത്. അദ്ദേഹം ജനങ്ങളുടെ അക്കൗണ്ടിൽ പണമെത്തിച്ചില്ല. മേക്ക് ഇൻ ഇന്ത്യയല്ല, വിപണിയിൽ നിറയെ ചൈനീസ് ഉൽപന്നങ്ങളാണ്.യുവാക്കൾക്ക് തൊഴിലില്ല. അവരോട് യോഗ ചെയ്യാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. മറ്റു കാര്യങ്ങളിൽ മൗനം. കോടികൾ കൊള്ളയടിച്ചവരെ സംരക്ഷിക്കും. പ്രധാനമന്ത്രിയുടെ ധാരണ ദൈവത്തിന്റെ അവതാരമാണെന്നാണ്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് എന്റെ ക്ഷേത്ര ദർശനത്തെ ബി.ജെ.പി വിവാദമാക്കി. ക്ഷേത്രത്തിൽ മാത്രമല്ല, പള്ളികളിലും ഗുരുദ്വാരകളിലും പോകാറുണ്ട്. ഈശ്വരനെ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കാണാൻ പറ്റും. അതേസമയം ,ബി.ജെ.പി ദൈവത്തെപ്പോലും കച്ചവടത്തിനായി ഉപയോഗിക്കുന്നു. ചോദ്യങ്ങളെ അടിച്ചമർത്തുന്നവർ മുസ്ളീംങ്ങൾ ഇന്നാട്ടുകാരല്ലെന്ന് പറഞ്ഞ് അപമാനിക്കുന്നു. തമിഴരോട് അവരുടെ മനോഹര ഭാഷ മാറ്റാൻ പറയുന്നു. വടക്കു കിഴക്കള്ളവരുടെ ഭക്ഷണ ശീലത്തെ വിമർശിക്കുന്നു. കൽബുർഗി, ഗൗരിലങ്കേഷുമാരെ ഇല്ലാതാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്ന ആർ.എസ്.എസ് നിലപാടുകൾ മൂലം ജനങ്ങൾ ആശ്രയിക്കുന്ന സുപ്രീംകോടതി ജഡ്‌ജിമാർ തിരിച്ച് സഹായം അഭ്യർത്ഥിക്കേണ്ട ഗതികേടിലാണ്.

പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടി തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വഴക്കില്ലാതെ അച്ചടക്കത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാം.
സത്യത്തിനു വേണ്ടി നിലകൊണ്ട സൗമ്യരായ പാണ്ഡവരെപ്പോലെയാണ് കോൺഗ്രസ്. ബി.ജെ.പി അധികാരത്തിനു വേണ്ടി യുദ്ധം ചെയ്‌ത കൗരവരെപ്പോലെയും. കൊലക്കേസ് പ്രതിയാണ് ബി.ജെ.പിയുടെ അദ്ധ്യക്ഷൻ. ബി.ജെ.പിയിൽ സംഘടനയാണ് ശബ്‌ദം. കോൺഗ്രസിൽ ജനങ്ങളാണ് നാവ്. ബ്രിട്ടീഷ് ജയിലിൽ യാതന അനുഭവിച്ച ഗാന്ധിജിയും മോചനത്തിന് കത്തെഴുതി യാചിച്ച സർവർക്കറും തമ്മിലുള്ള വ്യത്യാസമുണ്ട് ഇരു പാർട്ടികളും തമ്മിൽ. ജനങ്ങളെ സേവിക്കുന്ന കോൺഗ്രസിനെ നിശബ്‌ദമാക്കാൻ ഒരു ശക്തിക്കും കഴിയില്ല- രാഹുൽ ഒാർമ്മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more