1 GBP = 103.62
breaking news

ഈ വർഷം തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങാൻ റഹ്മാൻ

ഈ വർഷം തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങാൻ റഹ്മാൻ

ഒരേദിവസം തന്നെ തന്റെ രണ്ടു നായകന്മാർക്കും സംവിധായകനും ജന്മദിനമുള്ള ദിവസമാണ് മെയ് 23. പത്മരാജൻ എന്ന സംവിധായകനും അദ്ദേഹത്തിന്റെ നായകന്മാരായ അശോകനും റഹ്മാനും ഒരേ ദിവസമാണ് പിറന്നാൾ.

പത്മരാജൻ സംവിധാനം ചെയ്‌ത്‌ 1983ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’യാണ് റഹ്മാൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആദ്യ ചിത്രം.

മമ്മൂട്ടിയും സുഹാസിനിയും നായികാ നായകന്മാരായ ചിത്രത്തിൽ നായകനോളം കിടപിടിക്കുന്ന വേഷം തന്നെയായിരുന്നു റഹ്‌മാന്‌ ആദ്യ ചിത്രത്തിൽ തന്നെ ലഭിച്ചത്. ഊട്ടിയിലെ ഹൈസ്കൂൾ വിദ്യാർത്ഥി അങ്ങനെ സിനിമയിലേക്ക്. അത് പ്രകടനത്തിൽ മാത്രമല്ല, പുരസ്കാരത്തിലും കൊണ്ടെത്തിച്ചു. കന്നിചിത്രം തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം 16 വയസ്സുകാരനായ റഹ്‌മാന്‌ നേടിക്കൊടുത്തു.

ഈ വർഷം ഒന്നല്ല, മൂന്ന് ഭാഷകളിലെ ചിത്രങ്ങളാണ് റഹമാനെ കാത്തിരിക്കുന്നത്.

തമിഴിൽ മോഹൻരാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമയിൽ മാസ്സ് ഹീറോ പരിവേഷമാണ് റഹ്‌മാന്റേത്. ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന ‘സീട്ടിമാർ’ എന്ന സിനിമയിൽ അഭിനയിച്ചു വരവേ റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ ‘പൊന്നിയിൻ സെൽവനിൽ’ ജോയിൻ ചെയ്‌തു.

മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന. ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌, കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ റഹ്മാൻ പരിശീലിച്ചിരുന്നുവത്രെ.

അഹമ്മദിൻറെ സംവിധാനത്തിൽ റഹ്‌മാൻ, ജയം രവി, അർജ്ജുൻ എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ ‘ജനഗണമന’, വിശാലിനൊപ്പം ‘തുപ്പറിവാളൻ 2’ എന്നിവയാണ് 2021ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ.

മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ ‘രണം’ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ്.

അഭിനേതാവെന്നതിലുപരി ആദ്യകാലങ്ങളിൽ ചെറുപ്പക്കാർക്കിടയിൽ റഹ്മാൻ ഹരമായി മാറിയത് നൃത്തത്തിലൂടെയാണ്. ‘കാണാമറയത്ത്’ എന്ന ചിത്രത്തിലെ ‘ഒരു മധുരക്കിനാവിൻ ലഹരിയിൽ…’ എന്ന് തുടങ്ങുന്ന ഡാൻസ് നമ്പർ യുവാക്കളുടെ കാലാതീതമായ ഗാനമായി മാറി. ഈ ഗാനത്തിന് ‘തേജാഭായ് ആൻഡ് ഫാമിലി’ എന്ന സിനിമയിൽ പുതിയ തലമുറ വേർഷനുമൊരുങ്ങി.

1990 കളിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച റഹ്മാൻ, ഒന്നുരണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൊണ്ണൂറുകളുടെ അവസാനത്തോടെ മടങ്ങിയെത്തി. 2000ങ്ങളുടെ അവസാനത്തിൽ തുടങ്ങി മുഖ്യധാരാ മലയാള ചിത്രങ്ങളിൽ റഹ്മാൻ നിറസാന്നിധ്യമായി മാറുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more