1 GBP = 103.12

റഫാല്‍: റോബര്‍ട്ട് വദ്രയുടെ കമ്പനിയെ പങ്കാളിയാക്കാത്തതിലുള്ള പകയാണ് കോൺഗ്രസിനെന്ന് ബി.ജെ.പി

റഫാല്‍: റോബര്‍ട്ട് വദ്രയുടെ കമ്പനിയെ പങ്കാളിയാക്കാത്തതിലുള്ള പകയാണ് കോൺഗ്രസിനെന്ന് ബി.ജെ.പി

റഫാലില്‍ കോണ്‍ഗ്രസ് ബി.ജെ.പി ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. സി.എ.ജിക്കും സി.വി.സിക്കും പരാതി നല്‍കിയതിന് പിന്നാലെ ജെ.പി.സി അന്വേഷണത്തിന് വേണ്ടിയുള്ള ആവശ്യം ശക്തമാക്കുകയാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. അതേസമയം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് റോബര്‍ട്ട് വാദ്രയുടെ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഡെസാള്‍ട്ട് ഏവിയേഷന്‍ വിസമ്മതിച്ചതിലുള്ള പകപോക്കലാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന പുതിയ ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.

റഫാലില്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ പുതിയ ആരോപണങ്ങള്‍ തിരിച്ചും ഉന്നയിച്ച് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായാണ് റോബര്‍ട്ട് വദ്രയെയും വിഷയത്തിലേക്ക് കൊണ്ടുവരുന്നത്. റഫാലിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടക്കുമ്പോള്‍ പശ്ചാത്തല സഹകരണ പങ്കാളിയായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വദ്രയുടെ കമ്പനിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെന്നും, ഇത് റഫാല്‍ നിര്‍മ്മാതാക്കളായ ഡെസ്സാള്‍ട്ട് ഏവിയേഷന്‍ എതിര്‍ത്തുവെന്നുമാണ് ബി.ജെ.പിയുടെ പുതിയ ആരോപണം. ഇതിനുള്ള പകപോക്കലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നതെന്നും കരാര്‍ എങ്ങനെയും റദ്ദാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും കേന്ദ്ര കൃഷി സഹമന്ത്രി ഗേജന്ദ്ര സിംഗ് ഷെഖാവത്ത് ആരോപിച്ചു.

അതേസമയം മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്‍സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയുള്ള കടന്നാക്രമണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സി.എ.ജിക്കും, സി.വി.സിക്കും ഇതിനകം നിവേദനം നല്‍കിയ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിനായുള്ള ആവശ്യം ശക്തിപ്പെടുത്തും.

എസ്.പി നേതാവ് അഖിലേഷ് യാദവിന് പിന്നാലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജെ.പി.സി അന്വേഷണത്തെ പിന്തുണച്ച് രംഗത്തെത്തി. ‘’റഫാല്‍ വലിയ അഴിമതിയാണ്. അതുകൊണ്ട് ജെ.പി.സി നിര്‍ബന്ധമായും രൂപീകരിക്കണം. അങ്ങനെയാണെങ്കില്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്ത് വരും. അത് രാജ്യത്തിന് മുന്നില്‍ സമര്‍പ്പിക്കണം. മുന്‍ ഫ്രഞ്ച് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലിന്റെ സൂചനകള്‍ നീളുന്നത് പ്രധാനമന്ത്രിയിലേക്കാണ്. അതുകൊണ്ട് ഇടപാട് സംബന്ധിച്ച സംശയങ്ങള്‍ നീക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണെ’’ന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ജെ.പി.സി അന്വേഷണം ആവശ്യം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം അണിനിരത്തി ഉന്നയിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more