1 GBP = 103.12

റേഡിയോ ജോക്കി രാജേഷ് വധം; പ്രധാനപ്രതി ഖത്തറിൽ തന്നെ; നാട്ടിലെത്തിക്കാനാവാതെ പോലീസ്

റേഡിയോ ജോക്കി രാജേഷ് വധം; പ്രധാനപ്രതി ഖത്തറിൽ തന്നെ; നാട്ടിലെത്തിക്കാനാവാതെ പോലീസ്

തിരുവനന്തപുരം: റേഡിയോ ജോക്കി കിളിമാനൂർ മടവൂ‌ർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ് കുമാർ (34) കൊലക്കേസിൽ ആറുപേരെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച് രണ്ട് മാസമായിട്ടും മുഖ്യപ്രതി അബ്ദുൾ സത്താറിനെ ഖത്തറിൽ നിന്ന് നാട്ടിലെത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പരാജയപ്പെട്ട് പൊലീസ്. കൊല നടന്നിട്ട് അഞ്ചുമാസമായി. സി.ബി.ഐ മുഖാന്തിരം ഇന്റർപോളിന് നോട്ടീസ് നൽകി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഇതിലും വിജയിച്ചില്ലെങ്കിൽ പ്രമാദമായ കൊലക്കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ കഴിയുന്നില്ലെന്ന നാണക്കേട് പൊലീസിന് ചുമക്കേണ്ടിവരും.

ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതകളെ തുടർന്ന് ഖത്തറിൽ ഇയാൾക്കുള്ള യാത്രാവിലക്കാണ് വിലങ്ങുതടിയായത്. നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാനും വിലക്ക് നീക്കി നാട്ടിലെത്തിക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം. ഖത്തറിൽ സൂപ്പർ മാർക്കറ്റുകളും ജിംനേഷ്യവുമൊക്കെ സത്താറിനുണ്ടായിരുന്നു.
ഓച്ചിറ പായിക്കുഴി സ്വദേശി സത്താറിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ ഒന്നാം പ്രതി സാലിഹ് ബിൻ ജലാൽ മൊഴി നൽകിയിരുന്നു. സത്താറിന്റെ അറസ്റ്റും കുറ്റസമ്മത മൊഴിയും നിർണയകമാണ്. സത്താറിന്റെ നിർദേശാനുസരണം സാലിഹാണ് ക്വട്ടേഷൻ നൽകിയത്. മാസങ്ങൾക്ക് മുമ്പ് പുറപ്പെടുവിച്ച ലുക്ക് ഔട്ട്, റെ‌ഡ് കോർണർ നോട്ടീസുകളിൽ ഉചിതമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് ഇയാളെ വിട്ടുകിട്ടാൻ കഴിഞ്ഞമാസം ഇന്റർപോളിന് റൊഗറ്ററി നോട്ടീസ് നൽകിയത്.

മറ്റ് പ്രതികളെല്ലാം പൊലീസ് പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതികളിൽ കുറ്റകൃത്യത്തിൽ നേരിട്ട് ബന്ധമില്ലാത്ത 7 മുതൽ പന്ത്രണ്ട് വരെ പ്രതികൾക്ക് ജാമ്യം കിട്ടി. കഴിഞ്ഞ ജൂലായ് രണ്ടിനാണ് കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സത്താറിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലേ കൂടുതൽപേർക്ക് പങ്കുണ്ടോയെന്ന് വ്യക്തമാകൂ. സത്താറിന്റെ ഭാര്യയെ സാക്ഷിയായി ഉൾപ്പെടുത്താനും പൊലീസ് ആലോചിച്ചിരുന്നു. എന്നാൽ, ഇവരും സാമ്പത്തിക ബാദ്ധ്യതകളെ തുടർന്ന് ഖത്തറിൽ യാത്രാവിലക്ക് നേരിടുന്നുണ്ട്.
സത്താറിന്റെ പാസ്പോർട്ട് നമ്പരും വധക്കേസിൽ ചോദ്യം ചെയ്യലിന്റെയും അറസ്റ്റിന്റെയും ആവശ്യകതയും വിവരിച്ചാണ് ഇയാൾക്കായി ഇന്റർപോളിന് നോട്ടീസ് നൽകിയതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more