1 GBP = 103.61
breaking news

രാജ്ഞിക്കിന്ന് തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനം; ആശംസകൾ നേർന്ന് രാജ്യം; ആഘോഷങ്ങളിൽ കല്ലുകടിയായി ഹാരിയുടെ പ്രസ്താവന

രാജ്ഞിക്കിന്ന് തൊണ്ണൂറ്റിയാറാം പിറന്നാൾ ദിനം; ആശംസകൾ നേർന്ന് രാജ്യം; ആഘോഷങ്ങളിൽ കല്ലുകടിയായി ഹാരിയുടെ പ്രസ്താവന

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ഇന്ന് തൊണ്ണൂറ്റിയാറാം പിറന്നാൾ. രാജ്ഞി തന്റെ 96-ാം ജന്മദിനം സാൻഡ്രിംഗ്ഹാമിലാണ് ആഘോഷിക്കുക. പിറന്നാളിന് മുൻപായി രാജ്ഞി ഹെലികോപ്റ്ററിൽ ഇന്നലെ നോർഫോക്ക് എസ്റ്റേറ്റിലേക്ക് പോയി, അവിടെ ആഘോഷങ്ങൾക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പം ചേരും. പരേതനായ ഭർത്താവ് ഫിലിപ്പ് രാജകുമാരന് ഇഷ്ടപ്പെട്ട എസ്റ്റേറ്റിലെ ഒരു കോട്ടേജിലായിരിക്കും രാജ്ഞി താമസിക്കുക.

ജന്മദിനം അടയാളപ്പെടുത്തുന്നതിനായി ബക്കിംഗ്ഹാം പാലസ് ഫോട്ടോ പുറത്തിറക്കി, തന്റെ പ്രിയപ്പെട്ട രണ്ട് പോണികളുമായി രാജ്ഞി നിൽക്കുന്ന ഫോട്ടോയാണ് പുറത്തിറക്കിയത്. കുതിരകളോടുള്ള ആജീവനാന്ത താൽപ്പര്യം പ്രതിഫലിപ്പിക്കുന്ന ചിത്രമാണിത്. രാജ്ഞി ഇപ്പോൾ കൂടുതലായി താമസിക്കുന്ന വിൻഡ്‌സർ കാസിലിൽ വച്ചാണ് ചിത്രം എടുത്തത്.

രാജ്ഞിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്ത ഏതാനും ദിവസങ്ങളില്‍ അവിടെയെത്തി അവരെ സന്ദര്‍ശിക്കും എന്നാണ് കരുതുന്നത്. ഇവിടെ സമയം ചെലവഴിക്കുന്നതിനിടയില്‍ രാജ്ഞി റോയല്‍ സ്റ്റഡ് സന്ദര്‍ശിക്കും എന്ന് കരുതുന്നു. മാത്രമല്ല, ഫിലിപ്പ് രാജകുമാരനും, പിന്നീട് അതിന്റെ ചുമതല ഏറ്റെടുത്ത ചാള്‍സ് രാജകുമാരനും ഏറെ ആധുനിക വത്ക്കരിച്ച തന്റെ 20,000 ഏക്കര്‍ എസ്റ്റേറ്റിലാകെ രാജ്ഞി ചുറ്റി കാണുകയും ചെയ്യും.

രാജ്ഞിയുടെ പിറന്നാള്‍ ആഘോഷത്തിനായി ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗിക പരിപാടികള്‍ ഒന്നും തന്നെ സംഘടിപ്പിക്കുന്നില്ല. എന്നിരുന്നാലും കുടുംബാംഗങ്ങളും രാജ്ഞി ഇടപെടുന്ന ചില സംഘടനകളുടെ പ്രതിനിധികളുമൊക്കെ അവിടെയെത്തി അവര്‍ക്ക് ജന്മദിനാശംസകള്‍ നേരും.

അതേസമയം ഇന്‍വിക്ടസ് ഗെയിംസിനിടയില്‍ ഹാരി തങ്ങള്‍ക്ക് ഒരു അഭിമുഖം നല്‍കി എന്ന ഒരു പ്രമുഖ അമേരിക്കന്‍ ചാനലിന്റെ വെളിപ്പെടുത്തലോടെ കടുത്ത അമർഷത്തിലാണ് ബക്കിംഗ്ഹാം കൊട്ടാരം. നെതര്‍ലാന്‍ഡ്‌സില്‍ ഉണ്ടായിരുന്ന സമയത്ത് ഹാരി തങ്ങളുടെ അവതാരകന്‍ ഹോഡ കോബുമായി സംസാരിച്ചതായി എന്‍ ബി സി ടുഡേ യാണ് വെളിപ്പെടുത്തിയത്. ഇന്‍വിക്ടസ് ഗെയിംസിനെ കുറിച്ചും രാജ്ഞിയെ സന്ദര്‍ശിച്ചതിനെ കുറിച്ചും, മേഗന്‍ മെര്‍ക്കലിനൊപ്പമുള്ള തന്റെ ജീവിതത്തെ കുറിച്ചുമൊക്കെ ഹാരി സംസാരിച്ചതായി ചാനല്‍ പറയുന്നു. ഇന്‍വിക്ടസ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഹേഗിലേക്ക് പോകുന്നവഴി തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഹാരി എലിസബത്ത് രാജ്ഞിയേയും തന്റെ പിതാവ് ചാള്‍സ് രാജകുമാരനെയും സന്ദര്‍ശിച്ചത്. രാജ്ഞിയെ സന്ദര്‍ശിച്ചത് ഒരു വലിയ അനുഭവമായിരുന്നെന്ന് ഹാരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ രാജ്ഞി സുരക്ഷിതയാണോയെന്ന് താൻ ഉറപ്പ് വരുത്തുകയായിരുന്നുവെന്നും ചുറ്റിലുമുള്ളവർ വിശ്വസിക്കാൻ കഴിയുന്നവരാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അഭിമുഖത്തിനിടെ പറഞ്ഞ ഹാരി ബക്കിംഗ്ഹാം കൊട്ടാരത്തെയാകെ അവഹേളിക്കുകയിരുന്നുവെന്ന അഭിപ്രായക്കാരാണ് കൂടുതലും.

അതിനിടയില്‍, രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബില്‍ ആഘോഷവേളയില്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ സന്നിഹിതരാകാന്‍ ഹാരിക്കും മേഗനും ക്ഷണം ലഭിച്ചു എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, ആഘോഷങ്ങളില്‍ ഇവര്‍ക്ക് ഔപകാരികമായി എന്തെങ്കിലും പങ്കുണ്ടാവില്ലെന്നറിയുന്നു. അത്തരത്തില്‍ അവര്‍ ലണ്ടനില്‍ എത്തുകയാണെങ്കില്‍ കുടുംബ ചടങ്ങുകളിലും ബാല്‍ക്കണിയില്‍ രാജ്ഞി പൊതുജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്ന അവസരത്തിലും അതുപോലെ സെയിന്റ് പോള്‍ കത്തീഡ്രലില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളിലും മാത്രമായിരിക്കും പങ്കെടുക്കാനാവുക.

ഹാരിയുടെയും മേഗന്റെയും ബക്കിംഗ്ഹാം സന്ദര്‍ശനം വാര്‍ത്ത ആയതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്. മുത്തച്ഛന്റെ ഓര്‍മ്മദിന ചടങ്ങില്‍ പങ്കെടുക്കാതെ മാറി നിന്ന് തന്റെ മുത്തശ്ശിയുടെ വികാരങ്ങളെ മാനിക്കാത്ത ഹാരി എന്തിനാണ് ഇപ്പോള്‍ ഒരു സന്ദര്‍ശനം നടത്തുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ഹാരിയും മേഗനും എവിടെ പ്രത്യക്ഷപ്പെടുന്നുവോ അതിന്റെ തൊട്ടടുത്തായി രാജകുടുംബത്തിന് ഒരു തലവേദന പ്രതീക്ഷിക്കാം എന്നാണ് പ്രമുഖ കോളമിസ്റ്റ് സാറാ വൈന്‍ എഴുതിയത്.

നെറ്റ്ഫ്‌ളിക്‌സിനു വേണ്ടിയുള്ള അഭിനമാണ് ഇതൊക്കെ എന്ന ആരോപണവും ഉയരുന്നുണ്ട്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിക്കൊപ്പം ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടാന്‍ ലഭിച്ച അവസരവും അവര്‍ നെറ്റ്ഫ്‌ളിക്‌സിനു വേണ്ടിയായിരിക്കും ഉപയോഗിക്കുക എന്ന് ചിലര്‍ പറയുന്നു. അതേസമയം, എന്നുംകുടുംബത്തെ ഒരുമിച്ചു നിര്‍ത്താന്‍ രാജ്ഞി എടുക്കുന്ന ശ്രമത്തെ ദുരുപയോഗം ചെയ്യരുതെന്ന് ചിലര്‍ ഹാരിയോട് ആവശ്യപ്പെടുന്നു. ഇപ്പോള്‍ നല്‍കുന്ന സൂചനകള്‍ മാനിക്കാതെ വീണ്ടും ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണെങ്കില്‍ അത് നിത്യ ശത്രുതയിലായിരിക്കും അവസാനിക്കുക എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more