1 GBP = 104.01

വിദേശത്ത് നിന്നെത്തുന്നവർക്ക് 7 ദിവസം സർക്കാർ ക്വാറൻ്റൈൻ മതി; കേരളത്തിൻ്റെ നിർദേശം അംഗീകരിച്ചു

വിദേശത്ത് നിന്നെത്തുന്നവർക്ക് 7 ദിവസം സർക്കാർ ക്വാറൻ്റൈൻ മതി; കേരളത്തിൻ്റെ നിർദേശം അംഗീകരിച്ചു

ന്യൂഡൽഹി: വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറൻ്റൈൻ സംബന്ധിച്ച് കേരള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് കേന്ദ്രം. രാജ്യത്തിനു പുറത്തു നിന്ന് എത്തുന്നവര്‍ ഏഴു ദിവസം സര്‍ക്കാര്‍ വക ക്വാറൻ്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞാൽ മതിയെന്നും പിന്നീട് ഏഴു ദിവസം വീട്ടിൽ ക്വാറൻ്റൈനിൽ കഴിയണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജൂണിൽ രാജ്യത്തേയ്ക്ക് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ മാര്‍ഗനിര്‍ദേശം.

മെയ് 25 മുതൽ രാജ്യത്ത് ആഭ്യന്തര വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്. ഞായറാഴ്ച 6767 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യയിൽ മൊത്തം രോഗികളുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറൻ്റൈൻ മാനദണ്ഡങ്ങള്‍ ഇങ്ങനെയാണ്. 

വിദേശത്തു നിന്ന് വിമാനം കയറുന്നതിനു മുൻപു തന്നെ 14 ദിവസം ക്വാറൻ്റൈനിൽ കഴിയാമെന്ന് യാത്രക്കാരൻ സമ്മതപത്രം നല്‍കണം. ഏഴു ദിവസം സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടുനിരീക്ഷണത്തിലും കഴിയണം. വീട്ടിലെ മരണം മൂലം നാട്ടിലെത്തിയവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുമായി വരുന്നവര്‍ തുടങ്ങിയവര്‍ക്ക് മാത്രം ഇതിൽ ഇളവുണ്ട്. ഇവര്‍ 14 ദിവസമാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. ഇവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായി ഉപയോഗിക്കണം.

യാത്രാടിക്കറ്റുകള്‍ നല്‍കുന്ന ഏജൻസികള്‍ യാത്രക്കാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ യാത്രക്കാരെ അറിയിക്കണം. യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാള്‍ ചെയ്യണം. തെര്‍മൽ സ്കാനിങ് വിജയിക്കുന്നവരെയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും മാത്രമേ വിമാനത്തിൽ കയറ്റൂ. കരമാര്‍ഗം രാജ്യത്ത് എത്തുന്നവരും അതിര്‍ത്തി കടക്കാൻ ഇതേ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്. കപ്പൽ മാര്‍ഗം എത്തുമ്പോഴും ഇതേ പരിശോധനകള്‍ ഉണ്ടാകും.

സെൽഫ് ഡിക്ലറേഷൻ ഫോമിൻ്റെ കോപ്പി ആരോഗ്യസേതു ആപ്പ് വഴി ലഭിക്കും. ഈ ഫോമിൻ്റെ ഒരു കോപ്പി ആരോഗ്യ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. വിമാനങ്ങളും വിമാനത്താവളങ്ങളും നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണം. കൊവിഡ്-19 സംബന്ധിച്ച മുന്നറിയിപ്പുകള്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നടത്തണം. യാത്രയ്ക്കു മുൻപ് യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിക്കുകയും കൈകളുടെ വൃത്തി ഉറപ്പാക്കുകയും ചെയ്യണം. വിമാനം ലാൻഡ് ചെയ്യുമ്പോഴും തെര്‍മല്‍ സ്കാനിങും പരിശോധനയും ഉണ്ടാകും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രികളിലേയ്ക്ക് മാറ്റും. ശേഷിക്കുന്നവരെ സര്‍ക്കാര്‍ ക്വാറൻ്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറ്റും. ഇവരെ ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിശോധനയ്ക്ക് വിധേയരാക്കും. 

പരിശോധനയിൽ പോസിറ്റീവ് ഫലം കണ്ടാൽ സ്രവ പരിശോധന നടത്തും. ഗുരുതരമല്ലാത്ത കേസുകളാണെങ്കിൽ വീട്ടിലേയ്ക്കോ ക്വാറൻ്റൈൻ കേന്ദ്രത്തിലേയ്ക്കോ ക്വാറൻ്റൈനായി അയ്ക്കും. കൂടുതൽ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കും. നിരീക്ഷണത്തിലുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാൽ സംസ്ഥാന ഹെല്‍പ് ലൈൻ നമ്പറിലോ ജില്ലാ ഓഫീസറെയോ ബന്ധപ്പെടണം. ക്വാറൻ്റൈനും നിരീക്ഷണത്തിനുമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക ചട്ടങ്ങള്‍ രൂപപ്പെടുത്താമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more