1 GBP = 103.12

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടതിന് ശേഷമുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തി പൃഥ്വി ഷാ

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടതിന് ശേഷമുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തി പൃഥ്വി ഷാ

ലോക ക്രിക്കറ്റിന് ഇന്ത്യ ഒരുപാട് മഹത്തരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ സംഭാവന ചെയ്ത താരങ്ങളില്‍ ഒട്ടുമിക്ക പേരും ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ എന്ന പേരിലേക്ക് ഉയര്‍ന്ന് വന്നവരാണ്. ഇത്തരത്തില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന താരമാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം നായകനായ പൃഥ്വി ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വീണ്ടുമൊരു വിളിക്കായി കാത്ത് നില്‍ക്കുന്ന പൃഥ്വി 2021ലെ ഐപിഎല്ലിലും ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലുമെല്ലാം വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്.

ഇത്തരത്തില്‍ ഭാവിയുടെ വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരത്തിന് അടുത്തിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ എട്ട് മാസത്തോളം വിലക്ക് നേരിടേണ്ടി വന്നിരുന്നു. ചെറിയൊരു അശ്രദ്ധ മൂലം താരത്തിന് നേരിടേണ്ടി വന്നത് കരിയറിലെ വലിയ തിരിച്ചടിയായിരുന്നു. ചുമക്കുള്ള മരുന്ന് എന്ന നിലക്ക് അനുവദനീയമല്ലാത്ത കഫ്‌സിറപ്പ് കഴിച്ചതാണ് പൃഥ്വിയെ കുടുക്കിയത്. 2019ല്‍ എട്ട് മാസം വിലക്ക് നേരിട്ട താരം ഇപ്പോഴിതാ അന്നത്തെ സംഭവത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കിയിരിക്കുകയാണ്.

‘ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായതിന് കാരണക്കാര്‍ ഞാനും എന്റെ പിതാവും തന്നെയാണ്. ഇന്‍ഡോറില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റ് സമയത്താണ് ഇത് സംഭവിക്കുന്നത്. ആ സമയത്ത് പനിയും ചുമയുംകൊണ്ട് ഞാന്‍ വളരെ അവശനായിരുന്നു.ഭക്ഷണം കഴിക്കാന്‍ പുറത്തുപോയപ്പോള്‍ നല്ല ചുമയുണ്ടായിരുന്നു. പിതാവിനോട് സംസാരിച്ചപ്പോള്‍ പുറത്ത് നിന്നൊരു കഫ്സിറപ്പ് വാങ്ങിക്കുടിക്കാന്‍ നിര്‍ദേശിച്ചു. അതില്‍ ഞാന്‍ ചെയ്ത തെറ്റ് ഫിസിയോയെ സമീപിച്ചില്ല എന്നതാണ്. അതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് ‘- പൃഥ്വി പറഞ്ഞു.

‘ആ സിറപ്പ് രണ്ട് ദിവസം കുടിച്ചു. മൂന്നാം ദിനമായിരുന്നു ഉത്തേജക പരിശോധന. അതിനാലാണ് നിരോധിച്ച മരുന്ന് ഉപയോഗത്തിന്റെ സാന്നിധ്യം തെളിഞ്ഞത്. എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയ സംഭവമായിരുന്നു അത്. വാക്കുകളാല്‍ വിവരിക്കാന്‍ കഴിയുന്ന ഒരു സംഭവം ആയിരുന്നില്ല. എന്റെ ആശങ്ക മുഴുവന്‍ എന്റെ കരിയറിനെ കുറിച്ചായിരുന്നു. ആളുകള്‍ എന്നെക്കുറിച്ച് എന്താകും ചിന്തിക്കുക എന്ന കാര്യം എനിക്ക് ഭയങ്കര ടെന്‍ഷന്‍ നല്‍കിയിരുന്നു. എല്ലാവരില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ആണ് ഞാന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ നിന്നും ഞാന്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചു. ഇവിടെ നിന്ന് ലണ്ടനിലേക്ക് പോയെങ്കിലും അവിടെ റൂമില്‍ നിന്ന് പോലും ഞാന്‍ അധികം പുറത്ത് പോയിരുന്നില്ല.’-പൃഥ്വി പറഞ്ഞു.

ഭാവിയിലേക്ക് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയുന്ന താരമെന്ന നിലയില്‍ പ്രതീക്ഷ അര്‍പ്പിച്ച പൃഥ്വി ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ വിലക്ക് നേരിട്ടുവെന്നത് വലിയ ചര്‍ച്ചയായിരുന്നു. എട്ട് മാസത്തോളം കളിക്കളത്തിന് പുറത്തായത് തന്നെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് നേരത്തെ പൃഥ്വി തന്നെ തുറന്ന് പറഞ്ഞിരുന്നു. വിലക്ക് മാറി തിരിച്ചെത്തിയ ശേഷം ഫോം നഷ്ടപ്പെട്ടതിന്റെ പേരില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പുറത്തായ പൃഥ്വി ഈയിടെ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തനിക്കും ഇടം ലഭിക്കും എന്ന പ്രതീക്ഷയിലാണ്. ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിലും താരത്തിന് ഇടം ലഭിച്ചേക്കും എന്ന സൂചനകള്‍ ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more