1 GBP = 103.92

സ്ഥാനാർഥിയുടെ വീട്ടിൽ അപ്രതീക്ഷിതമായി പ്രിയങ്ക; വീട്ടുകാരെ കാത്ത് സിറ്റൗട്ടിൽ ഇരുന്നു

സ്ഥാനാർഥിയുടെ വീട്ടിൽ അപ്രതീക്ഷിതമായി പ്രിയങ്ക; വീട്ടുകാരെ കാത്ത് സിറ്റൗട്ടിൽ ഇരുന്നു

കായംകുളം:യു.ഡി.എഫ്. സ്ഥാനാർഥി അരിതയുടെ അച്ഛനും അമ്മയും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ കാണാൻ കൃഷ്ണപുരത്ത് ദേശീയപാതയോരത്ത് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം അരിതയുടെ വിളിവന്നു, അച്ഛനെയും അമ്മയെയും കാണാൻ പ്രിയങ്കാ ഗാന്ധി വീട്ടിലെത്തിയെന്ന്. വീട് പൂട്ടിയിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധി സിറ്റൗട്ടിൽ ഇരുവർക്കുമായി പത്ത് മിനിറ്റോളം കാത്തുനിന്നു. കൂടെ സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടവും.

ചെറുപ്പം മുതലേ കോൺഗ്രസ് പ്രവർത്തകനായ അരിതയുടെ അച്ഛൻ തുളസീധരന് ഇതിൽപ്പരം സന്തോഷം ഇല്ല. പ്രവർത്തകരിൽ ആവേശം വിതറിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചേപ്പാട്ടുനിന്ന് കൃഷ്ണപുരത്തേക്ക് എ.ഐ.സി.സി. ജനറൽസെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ കടന്നു വന്നത്. കായംകുളം കമലാലയം ജങ്ഷനിൽ വന്നപ്പോൾ റോഡ് ഷോയിൽ ഒരു ട്വിസ്റ്റ്. പിന്നെയെല്ലാം ഒരു സിനിമാക്കഥപോലെ. റോഡ് ഷോ തുടങ്ങിയപ്പോൾത്തന്നെ അരിതയുടെ കുടുംബത്തെക്കുറിച്ച് പ്രിയങ്ക ചോദിച്ചിരുന്നു. കമലാലയം ജങ്ഷനിൽ എത്തിയപ്പോൾ ഇവിടെ അടുത്താണ് വീടെന്ന് അരിത പറഞ്ഞു. പറഞ്ഞു തീരുംമുമ്പ് ദേശീയപാതയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് പുതുപ്പള്ളിയിലെ അരിതയുടെ വീടിന് മുന്നിലെത്തി പ്രിയങ്കയുടെ വാഹനം. എന്നാൽ അരിതയുടെ അമ്മയും അച്ഛനും വീട് പൂട്ടി കൃഷ്ണപുരത്ത് റോഡ് ഷോയ്ക്ക് കാത്തുനിൽക്കുകയായിരുന്നു.

അരിതയുടെ വിളി വന്ന ഉടനെ മറ്റൊരു വാഹനത്തിൽ അച്ഛനും കുടുംബാംഗങ്ങളും എത്തി. വീട് തുറന്നു എല്ലാവരും അകത്തുകയറി. പ്രിയങ്ക ഹാളിൽ അല്പനേരം ഇരുന്നു. പിന്നെ കുടുംബത്തോടൊപ്പം സെൽഫി. ആളുകളെ നിയന്ത്രിക്കാൻ സുരക്ഷാസേന പ്രയാസപ്പെട്ടു. വീടിന് പുറത്തേക്ക് എത്തിയ പ്രിയങ്ക മോട്ടോർസൈക്കിൾ ഉണ്ടോ എന്ന് അരിതയോട് ചോദിച്ചു. നമുക്ക് രണ്ടും അതിൽ യാത്രചെയ്ത് റോഡ്ഷോയൊടൊപ്പം ചേരാമെന്നു പറഞ്ഞപ്പോൾ ഞെട്ടിയത് സുരക്ഷാസേനയാണ്. തുടർന്ന് നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more