1 GBP = 103.12

പൃഥ്വി ഷാക്ക് പിന്നാലെ സെഞ്ചുറി തികച്ച് വിരാട് കോഹ്‌ലിയും, കയ്യകലത്തിൽ സെഞ്ചുറി നഷ്ടമായി ഋഷഭ് പന്ത്

പൃഥ്വി ഷാക്ക് പിന്നാലെ സെഞ്ചുറി തികച്ച് വിരാട് കോഹ്‌ലിയും, കയ്യകലത്തിൽ സെഞ്ചുറി നഷ്ടമായി ഋഷഭ് പന്ത്

സന്തോഷ വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് നിരാശയും സമ്മാനിച്ചുകൊണ്ട് വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം. അരങ്ങേറ്റ മാച്ചിൽ തന്നെ സെഞ്ചുറി നേടിയ പതിനെട്ടുകാരൻ പൃഥ്വി ഷായ്ക്കു പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ, യുവതാരം ഋഷഭ് പന്ത് രണ്ടാം ടെസ്റ്റ് സെഞ്ചുറിക്ക് എട്ടു റൺസ് മാത്രം അകലെ പുറത്തായി. 109 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 506 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 120 റൺസോടെ വിരാട് കോഹ്‍ലിയും 19 റൺസോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ കോഹ്‍ലി–പന്ത് സഖ്യം 136 റൺസ് കൂട്ടിച്ചേർത്തു.

184 പന്തിൽ ഏഴു ബൗണ്ടറി സഹിതമാണ് കോഹ്‍ലി 24–ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. അതേസമയം, 57 പന്തിൽ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സും സഹിതം ആദ്യ അർധസെഞ്ചുറി പൂർത്തിയാക്കിയ പന്ത്, രണ്ടാം സെഞ്ചുറിക്ക് തൊട്ടരികെ പുറത്തായി. 84 പന്തിൽ എട്ടു ബൗണ്ടറിയും നാലു സിക്സും സഹിതം 92 റൺസെടുത്ത പന്ത്, ദേവേന്ദ്ര ബിഷൂവിന്റെ പന്തിൽ പോളിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ പന്ത് കന്നി ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയിരുന്നു.

നാലു വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലിയും ഋഷഭ് പന്തും ഏകദിന ശൈലിയിലാണ് തുടക്കമിട്ടത്. 63 പന്തിൽ കോഹ്‍ലി–പന്ത് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി. രണ്ടാം ദിനത്തിലെ ഏഴാം ഓവറിൽ ഇരുവരും ഇന്ത്യൻ സ്കോർ 400 കടത്തി. ഇതിനിടെ ഋഷഭ് പന്ത് ടെസ്റ്റിലെ രണ്ടാം അർധസെഞ്ചുറി പൂർത്തിയാക്കി (ആദ്യ അർധസെഞ്ചുറി പന്ത് സെഞ്ചുറിയിലെത്തിച്ചിരുന്നു). 57 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് പന്ത് അർധസെഞ്ചുറി പിന്നിട്ടത്.

117 പന്തിൽ കോഹ്‍ലി–പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ടു പൂർത്തിയാക്കി. ഇന്ത്യൻ ഇന്നിങ്സിലെ മൂന്നാം സെഞ്ചുറി കൂട്ടുകെട്ടാണിത്. 103.6 ഓവറിൽ ഇന്ത്യൻ സ്കോർ 450 കടന്നു. പിന്നാലെ കോഹ്‍ലി 24–ാം ടെസ്റ്റ് സെഞ്ചുറി പിന്നിട്ടു. 184 പന്തിൽ ഏഴു ബൗണ്ടറി സഹിതമാണ് കോഹ്‍ലി 24–ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. ഋഷഭ് പന്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കി യുവതാരം സെഞ്ചുറിക്ക് എട്ടു റൺസ് അകലെ പുറത്തായി.

നേരത്തെ, അരങ്ങേറ്റ ടെസ്റ്റിൽ കന്നി സെഞ്ചുറി നേടിയ ഓപ്പണർ പൃഥ്വി ഷായുടെയും 19–ാം ടെസ്റ്റ് അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും മികവിലാണ് ആദ്യ ദിനം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തത്. ഷാ 154 പന്തിൽ 19 ബൗണ്ടറികളോടെ 134 റണ്‍സെടുത്തു പുറത്തായി. പൂജാര 130 പന്തില് 14 ബൗണ്ടറി സഹിതം 86 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഷാ–പൂജാര സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും (206), നാലാം വിക്കറ്റിൽ കോഹ്‍ലി–രഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും (105) തീർത്താണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. രഹാനെ 92 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 41 റൺസെടുത്തു പുറത്തായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more