1 GBP = 104.01

‘പ്രവാസി ചിട്ടി കേന്ദ്രനിയമങ്ങൾ ലംഘിക്കുന്നതെന്ന് കെ എം മാണി

‘പ്രവാസി ചിട്ടി കേന്ദ്രനിയമങ്ങൾ ലംഘിക്കുന്നതെന്ന് കെ എം മാണി

കൊച്ചി: കേരള സർക്കാർ ആവിഷ്ക്കരിച്ച പ്രവാസി ചിട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ എം മാണി. കേന്ദ്ര ചിട്ട് ഫണ്ട് ആക്ടിന്‍റെയും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിന്‍റെയും(FEMA- ഫെമ) ലംഘനമാണ് പ്രവാസി ചിട്ടിയെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രനിയമങ്ങൾ മറികടന്ന് പ്രവാസി മലയാളികളെ വഞ്ചിക്കുയാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചെയ്യുന്നത്. കേന്ദ്രനിയമങ്ങൾ ബാധകമല്ലാത്ത സ്വതന്ത്ര സംസ്ഥാനമാണ് കേരളം എന്നാണ് ഐസക് കരുതുന്നതെന്നും മാണി പറഞ്ഞു. പത്രകുറിപ്പിലൂടെയാണ് മുൻ ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചിട്ടിയിലൂടെ ഇടുന്ന പണം കിഫ്ബിയിലേക്ക് വകമാറ്റുന്നത് റിസർവ് ബാങ്കിന്‍റെ ചട്ടങ്ങൾക്ക് എതിരാണെന്നും കെ എം മാണി ചൂണ്ടിക്കാട്ടി. ആർബിഐയുടെ അംഗീകാരമുള്ള ബാങ്കുകൾക്ക് മാത്രമെ ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം കൈകാര്യം ചെയ്യാനാകു. എന്നാൽ കിഫ്ബി അത്തരമൊരു ബാങ്ക് അല്ല. ഇതുപോലെയുള്ള നിക്ഷേപ ധനം സ്വീകരിക്കാൻ കിഫ്ബിയ്ക്ക് സാധിക്കില്ല. ഫെമ നിർദേശങ്ങൾ ലംഘിക്കുന്നതിലൂടെ കിഫ്ബിയ്ക്ക് പിഴ ഒടുക്കേണ്ടിവരുമെന്നും കെ എം മാണി പറഞ്ഞു. കെഎസ്എഫ്ഇയുടെ വെബ്സൈറ്റിലൂടെ ഉപഭോക്താക്കളെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി ചിട്ടിക്ക് വേണ്ടിയുള്ള ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയെങ്കിലും കേന്ദ്രനിയമപ്രകാരം അത് നടത്താൻ കെഎസ്എഫ്ഇയ്ക്ക് സാധിക്കില്ലെന്ന് കെ. എം മാണി പറഞ്ഞു. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. റോഡിന്‍റെയും മറ്റ് അടിസ്ഥാന സൌകര്യങ്ങളുടെയും വികസനത്തിനായി ചെലവിട്ടാൽ ഉപഭോക്താക്കൾക്ക് ഈ പണം മടക്കി കിട്ടുന്നതിന് സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട വിവരങ്ങളും കെഎസ്എഫ്ഇ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ലെന്ന് കെ എം മാണി പറയുന്നു. പദ്ധതിയിൽ ചേരുന്ന ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം കെഎസ്എഫ്ഇ മറച്ചുവെക്കുകയാണ്. പ്രവാസി ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം കിഫ്ബിയാണ് കൈകാര്യം ചെയ്യുന്നതെന്ന വിവരവും മറച്ചുവെച്ചുവെന്ന് കെ എം മാണി ചൂണ്ടിക്കാട്ടുന്നു.

കിഫ്ബിയിലൂടെ പ്രവാസി ചിട്ടി നടപ്പാക്കണമെങ്കിൽ ചിട്ടി ആക്ടിൽ സർക്കാർ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും പ്രസ്താവനയിൽ മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഇതുവരെ ഇതുസംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയോ റിസർവ്വ് ബാങ്കുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മതിയായ തയ്യാറെടുപ്പില്ലാതെ തുടങ്ങിയ ചിട്ടി പദ്ധതി പ്രവാസി മലയാളികൾക്ക് ബാധ്യതയായി മാറിയേക്കുമെന്നും കെ എം മാണി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more