1 GBP = 103.12

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം താപ്‌സി പന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളിലും പ്രൊഡക്ഷന്‍ ഹൗസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരെ പ്രതികരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തടയിടുക എന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു.

തപ്‌സി പന്നു സംവിധായകരായ അനുരാഗ് കശ്യപ്, വികാസ് ബാല്‍, നിര്‍മാതാവ് മധു മന്ദേന തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ്. ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് ആരോപിച്ചാണ് റെയ്ഡ്. ഈ കമ്പനിയുമായി ബന്ധപ്പെട്ട 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. അനുരാഗ് കശ്യപ്, വികാസ് ബാല്‍, മധു മന്ദേന തുടങ്ങിയവര്‍ ഒരുമിച്ചതാണ് 2011 ല്‍ ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. വികാസ് ബാലിനെതിരായ ലൈംഗികാരോപണത്തെം തുടര്‍ന്ന് കമ്പനി പിന്നീട് പിരിച്ചുവിടുകയായിരുന്നു.

തപ്‌സി, പന്നുവും അനുരാഗ് കശ്യപും കേന്ദ്രത്തിനെതിരെ നിരവധി തവണ രംഗത്തെത്തിയിരുന്നു. അടുത്തിടെ കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ചെയ്ത ട്വീറ്റ് വിവാദമായപ്പോള്‍ റിഹാനയ്ക്ക് പിന്തുണയറിയിച്ചു കൊണ്ട് തപ്‌സി രംഗത്തെത്തിയത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഒരു ട്വീറ്റുകൊണ്ട് നിങ്ങളുടെ ഐക്യം തകര്‍ന്നു പോകുന്നെങ്കില്‍ സ്വന്തം മൂല്യബോധമാണ് പരിശോധിക്കേണ്ടത് എന്നായിരുന്നു റിഹാനയെ പിന്തുണച്ച് കൊണ്ട് തപ്‌സി പ്രതികരിച്ചത്.

സിബിഎസ്എ സിലബസില്‍ നിന്ന് ജനാധിപത്യം മതേതരത്വം, പൗരത്വം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും തപ്‌സി ട്വീറ്റ് ചെയ്തിരുന്നു. ‘ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ അറിയാതെ പോയതാണോ? അതോ മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ? വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല’ എന്നായിരുന്നു അവരുടെ ട്വീറ്റ്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗജിഹാദ് നിയമത്തിനെതിരെയും തപ്‌സി പ്രതികരിച്ചിരുന്നു. ‘ഇപ്പോള്‍ മാതാപിതാക്കളുടെ അനുമതി മതിയാകില്ല. നമുക്ക് വിവാഹം കഴിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷിക്കണം. പുതിയ തലമുറ ഇത് നിങ്ങളുടെ വിവാഹത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തു’ എന്നായിരുന്നു തപ്‌സി പറഞ്ഞത്.

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല. കേന്ദ്രം മുന്നോട്ടുവെച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും അദ്ദേഹം രംഗത്തെത്തിയിരുന്നു. മാത്രമല്ല ജെഎന്‍യുവിനുള്ളില്‍ കയറി അക്രമികള്‍ വിദ്യാര്‍ഥികളെ അക്രമിച്ച സംഭവത്തില്‍ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കശ്യപ് വിമര്‍ശിച്ചത്. മോദിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്നായിരുന്നു അന്ന് കശ്യപ് പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more