1 GBP = 104.05

കളവ് മുതൽ തിരിച്ച് നൽകിയാൽ പോര, ആത്മാഭിമാനമുണ്ടെങ്കിൽ ജലീൽ രാജിവയ്‌ക്കണം : പി.കെ.ഫിറോസ്

കളവ് മുതൽ തിരിച്ച് നൽകിയാൽ പോര, ആത്മാഭിമാനമുണ്ടെങ്കിൽ ജലീൽ രാജിവയ്‌ക്കണം : പി.കെ.ഫിറോസ്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ഡയറക്ടർ സ്ഥാനത്ത് നിന്ന് കെടി.അദീബിനെ രാജിവയ്പിച്ച് മന്ത്രിക്ക് രക്ഷപ്പെടാനാകില്ല. ആത്മാഭിമാനമുണ്ടെങ്കിൽ ജലീൽ രാജിവച്ച് അന്വേഷണം നേരിടണം. രാജിവയ്ക്കാൻ മന്ത്രി തയ്യാറായില്ലെങ്കിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാത്ത തരത്തിൽ പ്രക്ഷോഭം നടത്തുമെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബന്ധു നിയമന വിവാദത്തിൽ മന്ത്രി തന്നെയാണ് ഒന്നാംപ്രതി. അദീപിന് വേണ്ടി മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയത്. ഷെഡ്യൂൾഡ് ബാങ്ക് ഉദ്യോഗസ്ഥൻ ആയ അദീബിനെ നിയമിച്ചതിൽ തെറ്റില്ല എന്നാണ് മന്ത്രിയുടെ വാദം. എന്നാൽ,​ ഷെഡ്യൂൾഡ് ബാങ്കുകൾ സ്റ്റാറ്റിറ്റ്യൂട്ടറി പദവി വഹിക്കുന്നില്ലെന്ന് സുപ്രീം കോടതി മറ്റൊരു കേസിൽ ഉത്തരവിട്ടിട്ടുണ്ട്. അദീബ് ഇതിനോടകം 56,​000 രൂപ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. കളവ് മുതൽ തിരിച്ചു നൽകിയതു കൊണ്ട് കുറ്റം കുറ്റമല്ലാതാകുന്നില്ല. പി.ജി.ഡി.ബി.എയ്ക്ക് തുല്യമായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അദീപിന് കഴിഞ്ഞിട്ടില്ല. അങ്ങനെ അപേക്ഷിക്കാൻ പോലും യോഗ്യത പോലുമില്ലാത്ത ഒരാളെയാണ് മന്ത്രി വിളിച്ചുവരുത്തി നിയമിച്ചത്. ഇത് സ്വജനപക്ഷപാതമാണ്.

ഭീരുക്കളെ പോലെ ഒളിച്ചോടാതെ ജലീൽ സംവാദത്തിനു തയ്യാറാകണം. ജലീലിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ സംവാദത്തിന് വന്നാലും തയ്യാറാണ്. അദീബിനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തവരാരും തന്നെ പരാതിയുമായി രംഗത്ത് വരാത്തത് അവർക്ക് മന്ത്രി പല വാഗ്ദാനങ്ങളും നൽകിയത് കൊണ്ടാണ്. ജലീലിനെതിരായ നിയമനടപടികളുമായി യൂത്ത്ലീഗ് മുന്നോട്ട് പോകും. മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ഇതിൽ സർക്കാരിന്റെ തീരുമാനം വന്നശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫിറോസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more