1 GBP =
breaking news

ഗവര്‍ണ്ണറും സര്‍ക്കാറും തുറന്ന പോരിലേക്ക് ? ശിക്ഷ ഇളവ് കാര്യത്തില്‍ കടുത്ത ഭിന്നത

ഗവര്‍ണ്ണറും സര്‍ക്കാറും തുറന്ന പോരിലേക്ക് ? ശിക്ഷ ഇളവ് കാര്യത്തില്‍ കടുത്ത ഭിന്നത

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വവുമായും കേന്ദ്ര സര്‍ക്കാരുമായും കടുത്ത ഭിന്നതയില്‍ നില്‍ക്കുമ്പോഴും ഗവര്‍ണ്ണര്‍ പി.സദാശിവവുമായി രമ്യതയിലാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ‘മധുവിധു’ അധികം താമസിയാതെ തന്നെ അവസാനിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

കൊലക്കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സമ്മതം അറിയണമെന്ന ഗവര്‍ണ്ണറുടെ പുതിയ നിലപാട് സര്‍ക്കാറിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

ജീവപര്യന്തം എന്നു പറഞ്ഞാല്‍ ആജീവനാന്ത തടവാണെന്നും 14 വര്‍ഷത്തിനുശേഷവും മോചനത്തിന് അവകാശമില്ലന്നുമാണ് ഗവര്‍ണ്ണറുടെ നിലപാട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ താന്‍ നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പാലിച്ചോ എന്ന കാര്യം പരിശോധിക്കാന്‍ നിയമോപദേശകനോട് ശനിയാഴ്ച ഹാജരാവാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശിക്ഷ ഇളവു നല്‍കേണ്ട 739 തടവുകാരുടെ പട്ടിക ഈ മാസം 8 നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ഇതിനു തൊട്ടുപിന്നാലെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന പി.കെ.കുഞ്ഞനന്തന്‍ അടക്കം കൊലക്കേസുകളില്‍ പ്രതികളായ ചിലരുടെ അപേക്ഷ പ്രത്യേകമായി നല്‍കിയതോടെയാണ് ഗവര്‍ണ്ണര്‍ ഉടക്കിയത്.

ബന്ധുക്കളുടെ സമ്മതം അറിയണമെന്ന ഗവര്‍ണ്ണറുടെ നിലപാട് ശരിയല്ലെന്നും 14 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെട്ട ഏഴംഗ ഭരണഘടന ബഞ്ചിന്റെ ഉത്തരവുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറായിട്ടില്ല.

ഇപ്പോഴത്തെ ‘ഉടക്ക് ‘ കേന്ദ്ര സമ്മര്‍ദ്ദം മൂലമാണെന്ന സംശയത്തിലാണ് സി.പി.എം നേതൃത്വം. കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നു.

പിണറായി സര്‍ക്കാറിനോട് മൃദു സമീപനം തുടരുന്ന ഗവര്‍ണ്ണര്‍ സദാശിവത്തെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കെയാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.

ശിക്ഷാ ഇളവിന് സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലെ 19 പേര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു മാത്രം 14 വര്‍ഷം ശിക്ഷ അനുഭവിച്ച കൊലക്കേസ് പ്രതികളാണ്. പത്തുവര്‍ഷം തടവ് അനുഭവിച്ച 14 പേരും 65 വയസ്സ് പിന്നിട്ട ഏഴ് പേരും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. വാടക കൊലയാളികള്‍, സ്ത്രീ പീഡകര്‍, ലഹരിക്കേസ് പ്രതികള്‍ എന്നിവരെ പരിഗണിക്കാതെയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ചന്ദ്രബോസ് വധക്കേസില്‍ 38 വര്‍ഷം ശിക്ഷ കിട്ടിയ മുഹമ്മദ് നിഷാം അടക്കം ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടെ ഒന്‍പത് കൊടും ക്രിമിനലുകളെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നേരത്തെ ഒഴിവാക്കിയിരുന്നു.

ആദ്യ ലിസ്റ്റില്‍ വലിയ മാറ്റം വരുത്തി നല്‍കിയിട്ടും ഗവര്‍ണ്ണര്‍ ഉടക്കിയത് ഫെഡറല്‍ സംവിധാനത്തിന്‍ മേലുള്ള കടന്നുകയറ്റമായാണ് ഇടത് കേന്ദ്രങ്ങള്‍ കണുന്നത്. ഗവര്‍ണ്ണറുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് മുന്നണി നേതൃത്വം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more