1 GBP = 103.33

പിണറായിയിലെ ദുരൂഹമരണങ്ങൾ: നിര്‍ണായക കണ്ടെത്തലുമായി അന്തരികാവയവ പരിശോധന റിപ്പോര്‍ട്ട്; അമ്മ പോലീസ് കസ്റ്റഡിയിൽ

പിണറായിയിലെ ദുരൂഹമരണങ്ങൾ: നിര്‍ണായക കണ്ടെത്തലുമായി അന്തരികാവയവ പരിശോധന റിപ്പോര്‍ട്ട്; അമ്മ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നിൽ കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവായ അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവാണെന്ന് കണ്ടെത്തി. ദുരൂഹസാഹചര്യത്തിൽ മരിച്ച പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ കമല (65)യുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട്ടെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കയച്ചിരുന്നു. അവിടെ നടന്ന പത്തോളം പരിശോധനകളുടെ ഫലത്തിലാണ് മരണകാരണം അലൂമിനം ഫോസ്‌ഫൈഡാണെന്ന് കണ്ടെത്തിയത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണകാരണം തന്നെയാണോ കുട്ടികളുടെയും മരണത്തിന് കാരണമായതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി തിങ്കളാഴ്ച ഇവരുടെ പേരക്കുട്ടി ഐശ്വര്യ കിഷോറി(8)ന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് പരിശോധിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേട്ടിന്റെ അനുമതിയോടെയാണ് ഇന്നലെ വൈകിട്ട് 3.30 ഓടെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ ദുരൂഹതയുടെ ചുരുളഴിയുകയുള്ളൂ.

മുഖ്യമന്ത്രിയുടെ നാട്ടിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളിയാണ് മരിച്ച കുഞ്ഞിക്കണ്ണൻ. ഇദ്ദേഹത്തിന്റെ പേരക്കുട്ടി കീർത്തന (ഒന്ന്) 2012ൽ ഛർദ്ദി ബാധിച്ച് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സൗമ്യയുടെ രണ്ടാമത്തെ മകൾ ഐശ്വര്യ (9)യും ഇതേ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ ജനുവരി 21 ന് മരിച്ചു. ഇതിനു പിന്നാലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമല (68) കഴിഞ്ഞ മാസം 14നും കുഞ്ഞിക്കണ്ണൻ ഈ മാസം 13 നും മരിച്ചു. ഇത്രയേറെ മരണങ്ങൾ തുടർക്കഥയായതോടെ ജനങ്ങൾക്കിടയിൽ സംശയം ഉണ്ടാകുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വിഷാംശം ഉണ്ടെന്ന് സംശയം വന്നു. ഇതോടെയാണ് ഐശ്വര്യയുടെ മരണവും സംശയത്തിന്റെ നിഴലിലായത്. അതേസമയം സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് സൗമ്യയും ആശുപത്രിയിലായിട്ടുണ്ട്. തലശേരി സഹകരണ ആശുപത്രിയിലെ ന്യൂറോവിഭാഗത്തിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.

അതേസമയം,​ സൗമ്യയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more