1 GBP = 103.12

പെസഹാ ലോക പ്രവാസികളുടെ വലിയ പെരുന്നാള്‍

പെസഹാ  ലോക പ്രവാസികളുടെ വലിയ പെരുന്നാള്‍

സജീഷ് ടോം
ലോക െ്രെെ്രെകസ്തവരുടെ വിശ്വാസജീവിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ ആഴ്ചയിലൂടെയാണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പെസഹാ െ്രെകസ്തവ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട അനുസ്മരണവും, ചരിത്രസംഭവവുമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ ലോക പ്രവാസി സമൂഹങ്ങളുടെ ജീവിതവും അവരുടെ അതിജീവനങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍, പ്രവാസത്തെ നെഞ്ചോട് ചേര്‍ത്ത് നിറുത്തുന്ന വലിയ പെരുന്നാളായി പെസഹായെ നോക്കിക്കാണുവാനാണ് ഞാനിഷ്ടപ്പെടുന്നത്.

‘പെസഹാ’ എന്ന വാക്കിന് ‘കടന്നുപോകല്‍’ എന്നര്‍ത്ഥം. യഹോവ തന്റെ സ്വന്തം ജനമായ ഇസ്രായേല്‍ ജനതയെ ഈജിപ്റ്റിലെ ഫറവോ ചക്രവര്‍ത്തിമാരുടെ അടിമത്തത്തില്‍നിന്നും വിമോചിപ്പിച്ച്, സമൃദ്ധമായ കാനാന്‍ദേശത്തേക്ക് ആനയിച്ച വിജയദിനത്തിന്റെ ഓര്‍മ്മ തിരുന്നാളായിരുന്നു പഴയനിയമത്തിലെ പെസഹാ തിരുനാള്‍. ബൈബിളിലെ ‘പുറപ്പാടി’ന്റെ പുസ്തകത്തില്‍ ഇസ്രായേല്‍ ജനതയുടെ ‘കടന്നുപോകല്‍’ ഹൃദയസ്പര്‍ശിയായി വിവരിക്കപ്പെടുമ്പോള്‍, ഒരു ജനതയുടെ അതിജീവനത്തിന്റെ പോരാട്ടംകൂടി നാമതില്‍ കാണുന്നു.

പാലായനങ്ങളും അടിമത്തങ്ങളും ദേശാന്തരഗമനങ്ങളും നാടുകടത്തലുകളും ദേശാടങ്ങളുമെല്ലാം പ്രവാസത്തിന്റെ വകഭേദങ്ങള്‍ തന്നെ. ഒരു പ്രവാസി സമൂഹം എന്നനിലയില്‍ ഒന്നിച്ച് ചിന്തിക്കുമ്പോള്‍, മതാത്മകതലത്തിനപ്പുറം, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പെസഹാതിരുനാള്‍ സ്വന്തം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് എന്ന വൈകാരിക പ്രതീതി നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, ആ തോന്നല്‍ തന്നെയാണ് നമ്മുടെ ‘പെസഹാ അനുഭവ’വും.

‘പുറപ്പാടി’ന്റെ പുസ്തകത്തില്‍ യഹോവ ഇസ്രായേല്‍ ജനതയോട് പെസഹാദിനത്തെപ്പറ്റി ഇങ്ങനെ പറയുന്നു: ‘ഇത് നിങ്ങള്‍ക്ക് സ്മരണദിനം ആയിരിക്കണം. തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ഇതാചരിക്കണം’. അന്യനാട്ടില്‍ അടിമകളായി, പരദേശികളായി കഴിഞ്ഞിരുന്നവരെ സ്വന്തനാട്ടിലേക്ക് കാരുണ്യത്തോടെ ആനയിച്ച ആര്‍ദ്ര സ്‌നേഹത്തിന്റെ ‘സ്മരണദിനം’. യഹൂദര്‍ ആണ്ടുതോറും നടത്തിവരാറുള്ള ആ പെസഹാ ആചരിക്കുവാനാണ് ശിഷ്യന്മാരോടൊത്ത് യേശു അപരിചിതമായ ഒരു ഭവനത്തില്‍ സജ്ജീകൃതമായ വിരുന്ന് ആ ശാലയില്‍ ഒത്തുചേര്‍ന്നത്.

ബൈബിളിന്റെ വെളിച്ചത്തില്‍ പഴയനിയമത്തെയും പുതിയനിയമത്തെയും തമ്മില്‍ കൂട്ടിയിണക്കുന്ന വ്യക്തി യേശു ക്രിസ്തുവാണെന്നതുപോലെതന്നെ, വസ്തുതാപരമായി ചിന്തിക്കുമ്പോള്‍, പഴയ പുതിയ നിയമങ്ങളെ തമ്മില്‍ ചേര്‍ത്തിണക്കുന്ന ചരിത്ര സംഭവം യേശു ശിഷ്യന്മാരോടൊത്ത് ആചരിച്ച അവസാനത്തെ പെസഹാതിരുനാളായിരുന്നു. പെസഹാകള്‍ എന്നും കടന്നുപോകലുകളാണ്. അത് പഴയനിയമത്തില്‍നിന്നും പുതിയനിയമത്തിലേക്കുള്ളതാകാം…….. പഴയ കാഴ്ചപ്പാടുകളില്‍നിന്നും പുത്തന്‍ ജീവിത വീക്ഷണങ്ങളിലേക്കുള്ളതാകാം…….. പഴയ മേച്ചില്‍പ്പുറങ്ങളില്‍നിന്നും പ്രതീക്ഷയുടെ പുതിയ പുല്‍മേടുകള്‍ തേടിയുള്ളവയാകാം.

ശിഷ്യന്മാര്‍ യേശുവുമൊത്തു ആചരിച്ച അവസാന പെസഹാതിരുനാളിന് മുന്നോടിയായി, എവിടെയാണ് ഞങ്ങള്‍ നിനക്ക്‌വേണ്ടി പെസഹാ ഒരുക്കുവാന്‍ നീ ആഗ്രഹിക്കുന്നതെന്ന് ശിഷ്യന്മാര്‍ യേശുവിനോട് ചോദിക്കുന്ന ഒരു രംഗമുണ്ട്. മറുപടിയായി യേശു: ‘നിങ്ങള്‍ നഗരത്തിലേക്ക് ചെല്ലുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരാളെ കാണുമെന്നും, അയാളെ അനുഗമിക്കണമെന്നും’ ആവശ്യപ്പെടുന്നു. അയാള്‍ കയറിചെല്ലുന്നിടത്തെ ഗൃഹനാഥനോട് ‘ഗുരു ചോദിക്കുന്നു, എന്റെ ശിഷ്യരോടൊത്ത് പെസഹാ ഭക്ഷിക്കുന്നതിനുള്ള എന്റെ വിരുന്നുശാല എവിടെ’ എന്ന് ചോദിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു. ആ ഭവനത്തിലാണ് യേശുവും ശിഷ്യന്മാരും പെസഹാ ഭക്ഷിച്ചത്.

പഴയനിയമത്തിലെ പെസഹാ അപരിചിതങ്ങളായ ദേശങ്ങളിലൂടെ ആയിരുന്നെങ്കില്‍, പുതിയനിയമത്തിലെ പെസഹാ കുടമേന്തിയ അപരിചിതന്‍ വഴിതെളിച്ച, അപരിചിതമായ ഭവനത്തില്‍ സജ്ജീകൃതമായ വിരുന്നുശാലയിലാണ് ആചരിക്കപ്പെട്ടത്. പ്രവാസങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കാനാന്‍ദേശങ്ങള്‍ തേടിയുള്ള നിലക്കാത്ത പ്രയാണങ്ങളായി പെസഹാകള്‍ ഇന്നും പുനര്‍ജനിക്കുന്നു. അപരിചിതത്വത്തിന്റെ അറിയാപ്പുറങ്ങള്‍ തേടിയുള്ള ഈ പെസഹാ യാത്രകളില്‍, വഴിതെളിക്കാനും വഴിതെളിക്കപ്പെടാനുമുള്ള നിയോഗങ്ങള്‍ ഒരേസമയം നാം ഏറ്റുവാങ്ങുന്നു. ചിലപ്പോള്‍ കുടമേന്തി വഴിതെളിക്കുന്നവരാകുന്നു നമ്മള്‍; മറ്റുചിലപ്പോള്‍ കുടമേന്തിയവനെ അനുഗമിക്കുന്ന സാര്‍ത്ഥവാഹകസംഘം ആകുന്നു നമ്മള്‍.

അനന്തമായി നീളുന്ന ഈ കടന്നുപോകലുകള്‍ക്കിടയില്‍ വഴിയറിയാതെ പകച്ചുനില്‍ക്കുമ്പോള്‍, കോരിച്ചൊരിയുന്ന രക്ഷയായി, കാരുണ്യമായി, സാന്ത്വനമായി കടന്നുവരുന്ന തീവ്രസ്‌നേഹത്തിന്റെ പെസഹാനുഭവം ഒരിക്കലെങ്കിലും രുചിച്ചിട്ടില്ലാത്തവര്‍ ഈ പരദേശിക്കൂട്ടത്തില്‍ ആരുമുണ്ടാവില്ല. കടന്നുപോകലിന്റെ വഴിത്താരകളില്‍ മരുഭൂമിയിലെ മന്നയായും, വഴികാട്ടുന്ന മേഘത്തണലായും ദീപസ്തംഭമായും, നിത്യജീവന്റെ പാഥേയമായും നമ്മുടെ ചെറിയ ജീവിതങ്ങളിലേക്ക് കടന്ന് വരുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ചോര്‍ക്കുവാനും, കടന്നുപോന്ന വഴികള്‍ മറക്കാതിരിക്കാനുമുള്ള വലിയ പെരുന്നാളായി ഓരോ പെസഹാതിരുനാളുകളും മാറട്ടെ എന്നാശംസിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more