1 GBP = 103.89

രാജീവ് ഗാന്ധി വധം: പേരറിവാളന്റെ കുറ്റസമ്മത മൊഴി പൂർണ്ണമായും രേഖപ്പെടുത്തിയില്ലെന്ന് മുൻ സിബി ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

രാജീവ് ഗാന്ധി വധം: പേരറിവാളന്റെ കുറ്റസമ്മത മൊഴി പൂർണ്ണമായും രേഖപ്പെടുത്തിയില്ലെന്ന് മുൻ സിബി ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എ.ജി. പേരറിവാളന്റെ കുറ്റസമ്മത മൊഴി പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ സുപ്രീംകോടതിയിൽ വെളിപ്പെടുത്തി. ഒൻപത് വോൾട്ടുള്ള രണ്ട് ബാറ്ററികൾ വാങ്ങി നൽകിയ പേരറിവാളന് അത് എന്തിന് വേണ്ടിയുള്ളതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മുൻ സി.ബി.ഐ ഉദ്യോഗസ്ഥനായ വി. ത്യാഗരാജൻ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തൽ.

സംഭവം നടന്ന് 26 വർഷത്തിന് ശേഷമാണ് നിർണായകമായ വെളിപ്പെടുത്തൽ വരുന്നത്. പേരറിവാളനെ വിട്ടയയ്‌ക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തോട് യോജിച്ചാണ് ത്യാഗരാജന്റെ സത്യവാങ്മൂലം. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
രാജീവ് ഗാന്ധിയെ വധിക്കുന്നതിന് ഉപയോഗിച്ച ബെൽറ്റ് ബോംബിന് ആവശ്യമായ രണ്ട് ബാറ്ററികൾ വാങ്ങിയെന്ന കുറ്റമാണ് പേരറിവാളനെതിരെയുള്ളത്. കേസിൽ അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസായിരുന്നു. പേരറിവാളന്റെ കുറ്റസമ്മത മൊഴിയിൽ ബാറ്ററികൾ എന്തിനാണ് വാങ്ങിപ്പിച്ചതെന്ന് അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, അത് കോടതിയിൽ സമർപ്പിച്ച മൊഴിയിൽ ചേർത്തില്ല. ബോംബിന്റെ നിർമ്മാണം സംബന്ധിച്ചുള്ള അന്വേഷണം അപ്പോഴും പുരോഗമിക്കുന്നതിനാലാണ് മൊഴി ഒഴിവാക്കിയത്.

പേരറിവാളന്റെ പങ്കിനെക്കുറിച്ചു സി.ബി.ഐക്ക് സംശയമുണ്ടായിരുന്നതായി ത്യാഗരാജൻ വെളിപ്പെടുത്തി. അന്വേഷണം പുരോഗമിച്ചപ്പോൾ അക്കാര്യം കൂടുതൽ ബോദ്ധ്യപ്പെട്ടു. 1991 മേയ് ഏഴിന് രാജീവ് വധത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ ശിവരശനും എൽ.ടി.ടി.ഇ നേതാവ് പൊട്ടു അമ്മനും തമ്മിൽ വയർലെസിലൂടെ നടത്തിയ സംഭാഷണത്തിൽ തനിക്കും ശുഭയ്‌ക്കും ചാവേറായ ധനുവിനും മാത്രമേ ലക്ഷ്യത്തെക്കുറിച്ച് അറിവുള്ളൂവെന്ന് പറയുന്നുണ്ട്. 2014ൽ പേരറിവാളന്റെ വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കിയ സുപ്രീംകോടതി നടപടിയെ പ്രശംസിച്ച ത്യാഗരാജൻ, വിട്ടയയ്ക്കാനുള്ള സമയം അതിക്രമിച്ചെന്നും കൂട്ടിച്ചേർത്തു.

രാജീവ് വധത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ച പ്രതി ഇപ്പോൾ ശ്രീലങ്കയിലെ ജയിലിലുണ്ടെന്നും ഇതുവരെ അന്വേഷണ ഏജൻസികൾ അയാളെ ചോദ്യം ചെയ്തിട്ടില്ലെന്നും പേരറിവാളന്റെ അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. രണ്ട് ബാറ്ററി വാങ്ങിയ പേരറിവാളൻ 26 വ‌ർഷമായി ജയിലിൽ കഴിയുകയാണ്. ഈ
ബാറ്ററികൾ രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബോംബിന് വേണ്ടിയുള്ളതായിരുന്നോയെന്നും വ്യക്തമല്ലെന്ന് അദ്ദേഹം വാദിച്ചു. 1991ൽ അറസ്റ്റിലായ പേരറിവാളന് കഴിഞ്ഞ ആഗസ്റ്റിലാണ് 26 വർഷത്തിനിടെ ആദ്യമായി ഒരു മാസത്തെ പരോൾ അനുവദിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more