1 GBP = 94.66

വിറ്റാമിൻ-ഡി ദൗർലഭ്യമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ മരണ സാധ്യത കൂടുതലെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു!

വിറ്റാമിൻ-ഡി ദൗർലഭ്യമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ മരണ സാധ്യത കൂടുതലെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു!

 

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

 

വിറ്റാമിൻ-ഡിയുടെ അളവ് കുറവുള്ള ആളുകൾക്ക് കൊറോണ വൈറസ് പിടിപെടാനും കോവിഡ്-19 അണുബാധ മൂലം മരിക്കാനും സാധ്യതയുണ്ട് പഠനങ്ങൾ സൂചിപ്പിക്കുന്നു.

20 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ ഗവേഷണ പഠനങ്ങളിൽ ആളുകളിലെ വിറ്റാമിൻ-ഡിയുടെ ശരാശരി അളവും കോവിഡ്-19 അണുബാധയെത്തുടർന്നുള്ള മരണനിരക്കും താരതമ്യപ്പെടുത്തി നോക്കുകയായിരുന്നു.

ആളുകളിൽ പൊതുവെ വിറ്റാമിൻ-ഡി അളവ് കുറവുള്ള രാജ്യങ്ങളിൽ കോവിഡ്-19 അണുബാധയും അതിനെത്തുടർന്നുള്ള മരണനിരക്കും ഉയർന്നതാണെന്ന് ഈ പഠനങ്ങൾ നിരീക്ഷിക്കുന്നു.

ഈ പഠനങ്ങൾ ഇതുവരെ മറ്റ് ശാസ്ത്രജ്ഞർ സമഗ്രമായി അവലോകനം ചെയ്യുകയോ സൂക്ഷ്മപരിശോധന നടത്തുകയോ ചെയ്തിട്ടില്ലാത്തതിനാൽ വിറ്റാമിൻ-ഡി യുടെ കുറവാണു ഇതിനു പിന്നിലെ കാരണം എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല.

“അനുബന്ധമായി വിറ്റാമിൻ-ഡി കഴിക്കുന്നത് കോവിഡ്-19 അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് ഉപകരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”, എന്നാണ് ക്വീൻ എലിസബത്ത് ഹോസ്പിറ്റൽ ഫൌണ്ടേഷൻ ട്രസ്റ്റിലെയും ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെയും ഒരു പറ്റം ശാസ്ത്രജ്ഞർ തങ്ങളുടെ പഠനങ്ങൾക്കുശേഷം അഭിപ്രായപ്പെടുന്നത്. ‘കൊറോണ വൈറസ് ബാധിച്ച ശേഷം വിറ്റാമിൻ-ഡി ഒരു വ്യക്തിയുടെ വീണ്ടെടുക്കൽ സാധ്യത മെച്ചപ്പെടുത്തുമെന്ന്’ വ്യത്യസ്തമായ മറ്റൊരു ഗവേഷണ സംഘം കണ്ടെത്തിയതിനെ അടിവരയിടുന്നതായിരുന്നു ഇത്.

ഡബ്ലിനിലെ ട്രിനിറ്റി കോളേജ് അടുത്തിടെ നടത്തിയ പഠനത്തിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിച്ച മുതിർന്നവർക്ക് നെഞ്ചിലെ അണുബാധയിൽ 50 ശതമാനം കുറവുണ്ടായതായി കണ്ടെത്തി. ഇതിനെത്തുടർന്ന് ഗ്രാനഡ സർവകലാശാല ഇത് തെളിയിക്കാനായി പത്ത് ആഴ്ചത്തെ ക്ഷമതാ പരിശോധന നടത്തി വരികയാണ്.

ശരീരത്തിൽ ആരോഗ്യകരമായ അളവിൽ വിറ്റാമിൻ-ഡി ഉണ്ടെന്ന് ഉറപ്പുവരുത്തുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ഇൻഫ്ലുവൻസ, ക്ഷയം, ബാല്യകാല ആസ്ത്മ എന്നിവയെ തടയാൻ സഹായിക്കുന്നു.

 

 

കൊറോണ വൈറസ് അണുബാധയുള്ളയാൾക്ക് വിറ്റാമിൻ-ഡിയുടെ അളവ് കുറവാണെങ്കിൽ രോഗം മാരകമായേക്കാമെന്നു ചർമ്മ കാൻസർ ഗവേഷകനായ ഡോ. റേച്ചൽ നീൽ പറയുന്നു. പ്രായാധിക്യമുള്ളവരിൽ പൊതുവെ വിറ്റാമിൻ-ഡി യുടെ അളവ് കുറവാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്. കോറോണ വൈറസ് ബാധിക്കാൻ വളരെ സാധ്യതയുള്ള ഗ്രൂപ്പ് ആണ് ഇവരെന്ന് ഓർമിക്കണം.

കോവിഡ് അണുബാധ പ്രതിരോധിക്കുന്നതിൽ വിറ്റാമിൻ-ഡിയുടെ പങ്ക് എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും, ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും അസ്ഥി, പേശി എന്നിവകളുടെ ആരോഗ്യത്തിന് സഹായകരമാണ് എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനാലും പൊതു ജനങ്ങൾ വിറ്റാമിൻ-ഡി അനുബന്ധമായി കഴിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് തന്നെയാണ് വിദഗ്ദ അഭിപ്രായം.

മൽസ്യം, കൂൺ എന്നീ ഭക്ഷ്യപദാർത്ഥങ്ങളിലൂടെയോ, ദിവസേന വേണ്ടത്ര സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയോ ശരീരത്തിൽ വിറ്റാമിൻ-ഡി ലഭിച്ചേക്കാം. കോവിഡ് ഇല്ലാത്തവർക്കും അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ഈ വിറ്റാമിൻ. ശരീരത്തിൽ ഈ വിറ്റാമിന് കുറവുള്ള ആളുകൾക്ക് കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു ഇരട്ടിയാണെന്ന് ഡോ. നീൽ അഭിപ്രായപ്പെടുന്നു.

 

വിറ്റാമിൻ-ഡിയുടെ കുറവ് മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കും?

  • നിങ്ങളുടെ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വളരെ കുറവായിരിക്കുമ്പോൾ അസ്ഥികൾ നേർത്തതോ
    എളുപ്പത്തിൽ പൊട്ടുന്നതോ രൂപവൈകൃതമുള്ളതോ ആയി മാറിയേക്കാം.
  • ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർദ്ദം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ വിറ്റാമിൻ ഡി ഒരു പങ്കു വഹിക്കുന്നു – ഇത് ഹൃദ്രോഗം, കാൻസർ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു.
  • വിറ്റാമിൻ-ഡി യുടെ കുറവ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് (ശരീരത്തിന്റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ) ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
  • ഒരു സാധാരണ മനുഷ്യന് വിറ്റാമിൻ-ഡി അവരുടെ ഭക്ഷണക്രമത്തിൽ നിന്ന് ലഭിക്കുന്നത് ശുപാർശ ചെയ്യുന്നതിനേക്കാൾ കുറവാണെങ്കിലും, സൂര്യപ്രകാശം എല്കുന്നതുവഴി ഈ കുറവ് നികത്താനാകും.
  • മിക്ക മുതിർന്നവർക്കും വിറ്റാമിൻ-ഡിയുടെ കുറവ് ഒരു വലിയ പ്രശ്നമല്ല.
  • എന്നിരുന്നാലും, ചില ഗ്രൂപ്പുകൾക്ക് – പ്രത്യേകിച്ച് പൊണ്ണത്തടിയുള്ളവരും, കറുത്ത ചർമ്മമുള്ളവരും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുമായ ആളുകൾക്ക് – ഭക്ഷണക്രമം, സൂര്യപ്രകാശം ലഭിക്കായ്ക, അല്ലെങ്കിൽ മറ്റ് ഘടകങ്ങൾ എന്നിവ കാരണം വിറ്റാമിൻ-ഡിയുടെ അളവ് കുറവായിരിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more