1 GBP = 103.92

പെൻഷൻ പരിഷ്കരണം: അവിശ്വാസം അതിജീവിച്ച് ഫ്രഞ്ച് സർക്കാർ

പെൻഷൻ പരിഷ്കരണം: അവിശ്വാസം അതിജീവിച്ച് ഫ്രഞ്ച് സർക്കാർ

പാരിസ്: പെൻഷൻ പരിഷ്‌കരണവുമായി മുന്നോട്ടുപോകുന്ന ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോൺ സർക്കാറിനെതിരെ കൊണ്ടുവന്ന രണ്ട് അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ഇതോടെ വിരമിക്കൽ പ്രായം 62ൽനിന്ന് 64 ആക്കി ഉയർത്തിയ വിവാദ ബിൽ നിയമമാകും. അവിശ്വാസം പരാജയപ്പെട്ടത് പാരിസിൽ പുതിയ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായി. പൊലീസുമായി ഏറ്റുമുട്ടിയ 101 പേരെ അറസ്റ്റ് ചെയ്തു. പെൻഷൻ പ്രായം ഉയർത്താൻ പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് പാർലമെന്റിനെ മറികടക്കാനുള്ള മാക്രോണിന്റെ തീരുമാനത്തിനെതിരെ നിയമനിർമാതാക്കൾ രണ്ടു പ്രമേയങ്ങൾ അവതരിപ്പിച്ചു. 

വിവിധ ചെറുപാർട്ടികളെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്ററി ഗ്രൂപ്പാണ് ആദ്യ പ്രമേയം കൊണ്ടുവന്നത്. 278 വോട്ട് നേടിയാണ് ഇമ്മാനുവൽ മാക്രോൺ സർക്കാർ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചത്. അവിശ്വാസപ്രമേയം പാസാകാൻ ആവശ്യമായ 287 വോട്ടിൽ ഒമ്പതു വോട്ടുകളുടെ കുറവാണുണ്ടായത്. മരീൻ ലീപെന്നിന്റെ തീവ്ര വലതുപക്ഷ നാഷനൽ റാലി പാർട്ടി അവതരിപ്പിച്ച രണ്ടാമത്തെ അവിശ്വാസപ്രമേയവും പാസായില്ല. 

94 നിയമസഭാംഗങ്ങൾ മാത്രമാണ് അനുകൂലമായി വോട്ട് ചെയ്തത്. പ്രധാനമന്ത്രി എലിസബത്ത് ബോൺ പ്രത്യേക ഭരണഘടന അധികാരം ഉപയോഗിച്ചാണ് കഴിഞ്ഞയാഴ്ച വോട്ടെടുപ്പില്ലാതെ ബിൽ പാസാക്കിയത്. ഇതിനു പിന്നാലെ ഫ്രാൻസിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും സെൻട്രൽ പാരിസിലും രാജ്യത്തുടനീളമുള്ള നഗരങ്ങളിലും തെരുവുകളിൽ മാലിന്യങ്ങൾക്ക് തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more