1 GBP = 103.75

കോൺഗ്രസിന് ക്ഷണമില്ല ; ശരദ് പവാർ വിളിച്ച യോഗം വൈകിട്ട്, നിർണായകം

കോൺഗ്രസിന് ക്ഷണമില്ല ; ശരദ് പവാർ വിളിച്ച യോഗം വൈകിട്ട്, നിർണായകം

ദില്ലി: വൈകിട്ട് ദില്ലിയിൽ ചേരുന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിലേക്ക് കോൺഗ്രസിന് ക്ഷണമില്ല. മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ആദ്യചർച്ചയാകുമോ ശരദ് പവാർ വിളിച്ചു ചേർത്ത ഈ യോഗത്തിൽ ഇന്ന് നടക്കുകയെന്ന അഭ്യൂഹങ്ങൾ സജീവമാണ് ദില്ലിയിൽ. ഇടതുപാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിൽ നിന്ന് നീലോത്പൽ ബസുവും സിപിഐയിൽ നിന്ന് ബിനോയ് വിശ്വവും പങ്കെടുക്കും. ഇന്നലെ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യോഗം വിളിക്കാൻ ധാരണയായത്. ഇതോടെയാണ്, 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പുതിയൊരു മുന്നണി രൂപം കൊള്ളുന്നതിനുള്ള പ്രാരംഭ ചർച്ചകളാണോ നടക്കുന്നതെന്ന അഭ്യൂഹങ്ങൾ സജീവമായത്. 

കോൺഗ്രസില്ലാത്ത പ്രതിപക്ഷ മുന്നണി കൊണ്ട് പ്രയോജനമില്ലെന്നും, പരാജയപ്പെടുകയേ ഉള്ളൂവെന്നുമാണ് എഐസിസി വൃത്തങ്ങൾ ശരദ് പവാർ വിളിച്ച യോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാൽ കോൺഗ്രസിലെ ബദൽ ഗ്രൂപ്പുകാർക്കെല്ലാം യോഗത്തിന് ക്ഷണമുണ്ട് താനും. കപിൽ സിബലിനെ അഭിഭാഷകനെന്ന നിലയിലും, മനീഷ് തിവാരി ഉൾപ്പടെയുള്ളവരെ രാഷ്ട്രീയജ്ഞരെന്ന നിലയിലുമാണ് ക്ഷണിച്ചിട്ടുള്ളത്. എന്നാൽ കോൺഗ്രസിൽ നിന്ന് ഒരാളും പങ്കെടുക്കില്ലെന്നാണ് സൂചന. പക്ഷേ, ബിജെപിക്കെതിരെ പ്രതിപക്ഷപാർട്ടികളുടെ ഒരു സഖ്യം അത്യന്താപേക്ഷിതമാണെന്ന് കപിൽ സിബൽ പറഞ്ഞു. 

‘നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണം, ഒന്നിക്കണം’

രാജ്യദ്രോഹക്കേസും യുഎപിഎയും ഉപയോഗിച്ച് നിരപരാധികളെ കുടുക്കുന്നതിനെതിരെ പ്രതിപക്ഷത്തിൻറെ പൊതുവേദി എന്ന ആശയത്തെ പിന്തുണയ്ക്കുന്നു എന്ന് കപിൽ സിബൽ പറയുന്നു. ബിജെപിക്കെതിരെ സാധ്യമായിടത്തെല്ലാം പ്രതിരോധം തീർക്കാൻ പൊതുവേദിക്ക് കഴിയുമെന്ന് കപിൽ സിബൽ പറഞ്ഞു. യുഎപിഎയിൽ മാറ്റം വേണോയെന്ന് കോടതി പരിശോധിക്കണമെന്നും കപിൽസിബൽ നിർദ്ദേശിച്ചു.

ശരദ്പവാറിൻറെ വീട്ടിലെ പ്രതിപക്ഷ യോഗത്തിലേക്ക് അഭിഭാഷകൻ എന്ന നിലയ്ക്കാണ് കപിൽ സിബലിനെ ക്ഷണിച്ചത്.

”എനിക്ക് പറയാൻ കഴിയുക പ്രതിപക്ഷം ഒന്നിച്ചു വരണം എന്നാണ്. സർക്കാർ സംവിധാനം ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഒന്നിച്ചു നില്ക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നീക്കങ്ങൾ ചെറുക്കണം. നിരപരാധികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. അത് അംഗീകരിക്കാനാവില്ല. എതിർപ്പിന് ഒരു ദേശീയ പൊതുവേദി ആവശ്യമാണ്. ഇത് പ്രധാനമാണ്. കാരണം അന്വേഷണ ഏജൻസികൾ സർക്കാരിനു വേണ്ടി പ്രവർത്തിക്കുകയാണ്”.

യുഎപിഎ പാസാക്കിയത് യുപിഎ ഭരണകാലത്താണ്. എന്നാൽ ഇങ്ങനെ ദുരുപയോഗം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി. കോടതികൾ ഇത് പരിശോധിക്കണം.

‍‍”നിയമം പാസാക്കിയത് നമ്മളായിരിക്കും. എന്നാൽ അധികൃതർ ഇത് മാധ്യമപ്രവർത്തകർക്കും കർഷകർക്കും ആക്ടിവിസ്റ്റുകൾക്കും എതിരെ ഉപയോഗിക്കും എന്ന് ഒരിക്കലും കരുതിയില്ല”, എന്ന് സിബൽ പറയുന്നു.

പ്രതിഷേധം ഭീകരവാദമല്ല എന്ന ദില്ലി ഹൈക്കോടതി വിധി ഏറെ സ്വാഗതാർഹമാണ്. എന്നാൽ ഈ വിധി മറ്റു കേസുകളെ സ്വാധീനിക്കും എന്ന് കരുതുന്നില്ലെന്നും കപിൽ സിബൽ വ്യക്തമാക്കി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more