1 GBP = 104.17

പാർവതിക്കു നേരെയുള്ള സൈബർ ആക്രമണം: ഒരാൾ അറസ്‌റ്റിൽ

പാർവതിക്കു നേരെയുള്ള സൈബർ ആക്രമണം: ഒരാൾ അറസ്‌റ്റിൽ

കൊച്ചി: സൈബർ ആക്രമണത്തിനെതിരെ നടി പാർവതി നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് സി.ഐ സിബി ടോമിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം ഇന്ന് രാവിലെ വടക്കാഞ്ചേരിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന്, രാവിലെ ഒമ്പതോടെ ഇയാളെ സൗത്ത് സ്റ്റേഷനിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രിന്റോയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.

പ്രിന്റോ നവമാദ്ധ്യമങ്ങളിലൂടെ നടിയെക്കുറിച്ച് മോശമായ രീതിയിൽ പോസ്റ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നടി പാർവതിയുടെ പരാതിയിൽ സൈബർ സെല്ലിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ഈ മാസം 24നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ എന്നിവർക്ക്,​ തനിക്കെതിരെയുള്ള സൈബർ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് പാർവതി പരാതി നൽകിയത്. തുടർന്ന് എറണാകുളം സൗത്ത് പൊലീസിന് പരാതി കൈമാറുകയായിരുന്നു.

നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്‌ത കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാർവതി ഐ.എഫ്.എഫ്‌.കെയുടെ ഓപ്പൺ ഫോറത്തിൽ വിമർശിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിമർശിക്കുകയും നിരവധി ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്‌തു. പാർവതിയെ കൂടാതെ ഐ.എഫ്.എഫ്‌.കെ ഓപ്പൺ ഫോറത്തിലുണ്ടായിരുന്ന നടി റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർക്കെതിരെയും ചിലർ വിമർശനമുയർത്തിയിരുന്നു. ഭീഷണി മുഴക്കിയവരുടെ പേരുകൾ സഹിതമാണ് പരാതി നൽകിയത്. വ്യക്തിഹത്യ നടത്താൻ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങൾ രണ്ടാഴ്ചയായി തുടരുന്നെന്നും പരാതിയിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more