1 GBP = 103.12

“ദൈവത്തിന്റെ സ്വപ്നം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടക്കാൻ എല്ലാവരും സഹകരിക്കണം”: മാർ ജോസഫ് സ്രാമ്പിക്കൽ

“ദൈവത്തിന്റെ സ്വപ്നം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടക്കാൻ എല്ലാവരും സഹകരിക്കണം”: മാർ ജോസഫ് സ്രാമ്പിക്കൽ

പ്രസ്റ്റൺ” ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിനെപ്പോലെ സഹകരിക്കാൻ സഭാ മക്കളെല്ലാവരും തയ്യാറാകണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ദിവസമായ ഇന്നലെ പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ ഒത്തുകൂടിയ വിശ്വാസസമൂഹത്തോട് ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വരുന്ന ഒരു വർഷത്തേക്ക് തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കാനുള്ള മൂറോൻ (വി. തൈലം) കൂദാശയ്ക്കും വൈദീക വിശ്വാസ പ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് ഇന്നലെ വിശ്വാസ സമൂഹം പ്രസ്റ്റൺ കത്തീഡ്രലിൽ ഒത്ത്‌കൂടിയത്
രാവിലെ ദിവ്യബലിക്ക് മുൻപായി കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയിൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു.



ദിവ്യബലി മദ്ധ്യേ പ്രധാന കാർമ്മികനായിരുന്ന മാർ ജോസഫ് സ്രാമ്പിക്കൽ മൂറോൻ കൂദാശാകർമ്മം നടത്തി. കത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ചു ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശാകർമ്മം നിർവ്വഹിക്കേണ്ടത്. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വി. തൈലത്തിൽ സഭാമക്കൾ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തിൽ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസ്സാകുന്നെങ്കിൽ ഈ അഭിഷേകതൈലത്താൽ നിരവധി കുഞ്ഞുങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാൻ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വി. കുർബാനയുടെ സമാപനത്തിൽ വി. യൗസേപ്പിതാവിനോടുള്ള തിരുന്നാൾ ലദീഞ്ഞു പ്രാർത്ഥന നടന്നു. കത്തീഡ്രൽ ദേവാലയത്തിൽ ഇന്നലെ പ്രതിഷ്ഠിച്ച ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ധൂപാർച്ചന നടത്തി. തിരുക്കർമ്മങ്ങളുടെ സമാപനത്തിൽ സഭാസമൂഹത്തെ പ്രതിനിധീകരിച്ചു പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ MST അഭിവന്ദ്യ പിതാവിന് തിരുന്നാൾ മംഗളങ്ങൾ നേർന്നു സംസാരിച്ചു.

p

ഉച്ച കഴിഞ്ഞു നടന്നു വൈദിക സമ്മേളനത്തിൽ രൂപതയുടെ വളർച്ചയിലെ പ്രധാന നാഴികക്കല്ലായ മിഷൻ/പാരീഷ് സെന്ററുകളെക്കുറിച്ചുള്ള ആശയാവിഷ്കാരം നടത്തി. പാസ്റ്ററൽ കോർഡിനേറ്റർ റവ. ഫാ. ടോണി പഴയകളം CST യാണ് ഇത് അവതരിപ്പിച്ചത്. വൈദികസമിതിയുടെ മുൻപിൽ നടന്ന അവതരണത്തിനും ചർച്ചകൾക്കും ശേഷം ഇത് വൈദിക അൽമായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുൻപിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയിൽ പ്രാവർത്തികമാക്കാനുദ്ദേശിക്കുന്ന മിഷൻ/പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുർബ്ബാന സെന്ററുകൾ, 61 സീറോ മലബാർ മിഷൻ സെന്ററുകളും 15 സീറോ മലബാർ ക്നാനായ മിഷൻ സെന്ററുകളും ഉൾപ്പടെ രൂപതയുടെ 76 മിഷൻ സെന്ററുകളായി പുന:ക്രമീകരിക്കപ്പെടും. 2018 ഡിസംബർ 2ന് ഔദ്യോഗികമായി നിലവിൽ വരുന്ന ഈ സംവിധാനത്തെ കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാനും വരുന്ന ഒൻപതു മാസത്തെ സാവകാശമുണ്ടാകുമെന്ന് രൂപതാധ്യക്ഷൻ അറിയിച്ചു.



ഭാരതത്തിന് പുറത്തുള്ള മറ്റു സീറോ മലബാർ രൂപതകളിൽ വളരെ വിജയപ്രദമായും വിശ്വാസികൾക്ക് സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷൻ വി. കുർബാന കേന്ദ്രങ്ങൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാർ സ്രാമ്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷൻ/പാരിഷ് കേന്ദ്രങ്ങൾക്കും നേതൃത്വം നൽകുന്ന വൈദികരെയും മാർ സ്രാമ്പിക്കൽ നിയമിച്ചു.


തിരുക്കർമ്മങ്ങൾക്ക് മാർ സ്രാമ്പിക്കലിനൊപ്പം വികാരി ജനറാൾമാരായ റവ. ഫാ. തോമസ് പാറയടിയിൽ MST , റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഫാ. മാത്യു ചൂരപ്പൊയ്കയിൽ , രൂപതാ ചാൻസലർ റവ. ഫാ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോർഡിനേറ്റർ റവ. ഫാ. ടോണി പഴയകളം CST, സെക്രട്ടറി റവ. ഫാ. ഫാൻസുവാ പത്തിൽ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ, ഡീക്കന്മാർ, സിസ്റ്റേഴ്സ്, വൈദികവിദ്യാർത്ഥികൾ, ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, മതാധ്യാപകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിന് നേതൃത്വം നൽകുന്ന റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കർമ്മങ്ങളെ ഭക്തി സാന്ദ്രമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more