1 GBP = 103.12

പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു ഇന്ന് ചുമതലയേല്‍ക്കും; ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കും

പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു ഇന്ന് ചുമതലയേല്‍ക്കും; ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കും

പഞ്ചാബില്‍ പിസിസി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു ഇന്ന് ചുമതലയേല്‍ക്കും. സിദ്ദുവുമായി ഇടഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര് സിംഗ് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. പതിനൊന്ന് മണിയോടെ ചണ്ഡിഗഡിലെ കോണ്‍ഗ്രസ് ഭവനില്‍ വച്ചാണ് ചുമതലയേല്‍ക്കുക

തനിക്കെതിരെ പ്രയോഗിച്ച ട്വീറ്റുകള്‍ക്ക് മാപ്പ് പറയാതെ സിദ്ദുവിനെ കാണില്ലെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ അറിയിച്ചിരുന്നു. 80 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 58 പേരും ക്യാപ്റ്റന് നല്‍കിയ ക്ഷണക്കത്തില്‍ ഒപ്പുവച്ചിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കുല്‍ജിത് സിംഗ് നാഗ്ര, സംഗത് സിംഗ് ഗല്‍സിയാന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്.

ക്യാപ്റ്റനും സിദ്ദുവും ഏറെനാളുകളായി ശീതയുദ്ധത്തിലായിരുന്നെങ്കിലും പിസിസി അധ്യക്ഷ സ്ഥാനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍, വ്യക്തിപരമായ അജണ്ടയില്ല തനിക്കെന്നും ജനങ്ങള്‍ക്ക് അനുകൂലമായ അജണ്ടയാണുള്ളതെന്നും സിദ്ദു പ്രതികരിക്കുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ മൂത്തയാള്‍ എന്ന നിലയില്‍ പിസിസിയുടെ പുതിയ സംഘത്തെ അനുഗ്രഹിക്കണമെന്നും നവജ്യോത് സിംഗ് അമരീന്ദര്‍ സിംഗിനോട് ആവശ്യപ്പെട്ടു. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ ഭൂരിഭാഗം പാര്‍ട്ടി അംഗങ്ങളും ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തേക്കും.

മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് നവജ്യോത് സിംഗ് സിദ്ദുവിനെ പിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചത്. ഒപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും എഐസിസി നിയമിച്ചു.
സിദ്ദുവിനെ അധ്യക്ഷനാക്കുമെന്ന് എഐസിസി ദിവസങ്ങള്‍ക്ക് മുന്നേ സൂചന നല്‍കിയിരുന്നു. ആ ഘട്ടത്തിലും അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം. പഞ്ചാബ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് അദ്ദേഹത്തെ നേരിട്ടുകാണുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ക്യാപ്റ്റനെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നെങ്കിലും സിദ്ദുവിനെതിരായ നിലപാടില്‍ ഉറച്ചനില്‍ക്കുകയായിരുന്നു അദ്ദേഹം. സിദ്ദു തനിക്കെതിരായി നടത്തിയ ട്വീറ്റുകള്‍ പിന്‍വലിക്കണമെന്നായിരുന്നു പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിയ അമരീന്ദര്‍ സിംഗിന്റെ ഒടുവിലത്തെ ആവശ്യം.

പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടിലായിരുന്നു അമരീന്ദര്‍ സിംഗ്. ക്യാപ്റ്റനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. കോണ്‍ഗ്രസ് എന്നാല്‍ അമരീന്ദര്‍ സിംഗ് എന്നല്ലെന്നും സംസ്ഥാനത്ത് നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നുമായിരുന്നു സിദ്ദുവിന്റെ വാദങ്ങള്‍. പഞ്ചാബ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണിയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. മാസങ്ങളായി നിലനില്‍ക്കുന്ന ക്യാപ്റ്റന്‍-സിദ്ദു പോരാട്ടത്തിനാണ് ഹൈക്കമാന്‍ഡ് ഇടപെടലില്‍ തീരുമാനമായത്. 2022 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more