1 GBP = 103.76

രണ്ടും കല്‍പ്പിച്ച് പനീര്‍ശെല്‍വം; അണ്ണാ ഡിഎംകെ പിളര്‍പ്പിലേയ്ക്ക്

രണ്ടും കല്‍പ്പിച്ച് പനീര്‍ശെല്‍വം; അണ്ണാ ഡിഎംകെ പിളര്‍പ്പിലേയ്ക്ക്

അണ്ണാ ഡിഎംകെ പിളര്‍പ്പിലേയ്ക്ക്. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജനും പനീര്‍ശെല്‍വവും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെ പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നത്.

പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡി.എം.കെയാണ്. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും ഗവര്‍ണര്‍ ചെന്നൈയില്‍ മടങ്ങിയെത്തിയാലുടന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നും ശശികല വ്യക്തമാക്കി. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും, എം.എല്‍.എ.മാര്‍ ഒറ്റക്കെട്ടാണെന്നും ശശികല പറഞ്ഞു. അര്‍ദ്ധരാത്രി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച ശശികല മാധ്യമങ്ങളെക്കണ്ട് പിന്തുണ തനിക്കാണെന്നും വ്യക്തമാക്കി.

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഒ പനീര്‍ശെല്‍വം രംഗത്തെത്തിയതോടെയാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമായത്.ഇന്നലെ രാത്രി 10 മണിയോടെ ജയലളിതയുടെ സമാധിയിലെത്തിയ പനീര്‍ശെല്‍വം 40 മിനിറ്റോളം ധ്യാനത്തിലിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെക്കണ്ട അദ്ദേഹം അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്നും ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും പറഞ്ഞു.

ജനസമ്മതിയുള്ളവരാണ് നേതൃസ്ഥാനത്ത് എത്തേണ്ടത്. തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചതാണ്. എംഎല്‍എ മാരുടെ യോഗം വിളിച്ചതു പോലും താനറിഞ്ഞില്ല. മുഖ്യമന്ത്രിയാക്കി തന്നെ അപഹാസ്യനാക്കി. മന്ത്രിസഭയിലുള്ളവര്‍ തന്നെ അപമാനിച്ചു. എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നതെന്നും പനീര്‍ശെല്‍വം ചോദിച്ചു. പാര്‍ട്ടിയെ പിളര്‍ത്തലല്ല ഉദ്ദേശമെന്നും ഒറ്റയ്ക്ക് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശശികലയ്‌ക്കെതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ, പനീര്‍ശെല്‍വത്തിനെ പാര്‍ട്ടിയില്‍ നിന്നും ശശികല നീക്കിയിരുന്നു. പകരം വനം മന്ത്രി ദിന്‍ഡിഗല്‍ ശ്രീനിവാസനെ പുതിയ ട്രഷററായി നിയമിക്കുകയും ചെയ്തു.

രാജി പിന്‍വലിക്കും, ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം: പന്നീര്‍സെല്‍വം

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ടെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം. ഇത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ ശശികലയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് പന്നീര്‍സെല്‍വം നടത്തിയ വാര്‍ത്താസമ്മേളനം.

രണ്ടു ദിവസം മുമ്പ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച പന്നീര്‍സെല്‍വം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്നും അറിയിച്ചു. ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും പന്നീര്‍സെല്‍വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ട് തവണ താന്‍ മുഖ്യമന്ത്രിയായി. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടര്‍ന്നു. പാര്‍ട്ടിയെ തള്ളിപ്പറയാതെ അണ്ണാ ഡി.എം.കെയുടെ ഒത്തൊരുമക്കായി നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയെ ചതിക്കില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more